കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന നടന്‍ ദിലീപിന്റെ ഹരജിയില്‍ വിധി പറയുന്നത് അങ്കമാലി കോടതി ജനുവരി ഒമ്പതിലേക്ക് മാറ്റി. തന്നെ മനഃപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് കുറ്റപത്രം അന്വേഷണസംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു ദിലീപ് ആരോപിച്ചിരുന്നത്. എന്നാല്‍, ദിലീപ് തന്നെയാണ് കുറ്റപത്രം ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നാണ് പ്രോസിക്യൂഷന്റെ വാദം.
അതിനിടെ, കേസില്‍ നിര്‍ണായമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പോലീസ് രംഗത്തെത്തി. നിയമവിരുദ്ധമായി മൊഴിപ്പകര്‍പ്പുകള്‍ പ്രസിദ്ധീകരിച്ചതില്‍ കോടതി ഇടപെടണമെന്ന് പോലീസ് ആവശ്യപ്പെടുന്നു. ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വര്യാര്‍ക്കം നടി സംയുക്ത വര്‍മ്മക്കും പിന്നാലെ കുഞ്ചാക്കോ ബോബനും ദീലീപിനെതിരെ മൊഴി നല്‍കിയത് കേസില്‍ നിര്‍ണായകമാവുമെന്ന് കരുതുന്നു. ഇവരെ കൂടാതെ കാവ്യ മാധവന്‍, മുകേഷ്, റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവരുടെ മൊഴിപ്പകര്‍പ്പുകളും മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു.