റിയാദ് - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അവയവദാന പദ്ധതിയിൽ രജിസ്റ്റർ ചെയ്തത് അവയവദാനം പ്രോത്സാഹിപ്പിക്കാനും അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ അനിവാര്യമായ രോഗികൾക്ക് പിന്തുണയും സഹായവും നൽകാനും ലക്ഷ്യമിട്ട് സൗദി ഭരണാധികാരികൾ ആദ്യമായി കൈക്കൊള്ളുന്ന നടപടിയല്ല. ഈ ലക്ഷ്യത്തോടെ പതിനൊന്നു തീരുമാനങ്ങൾ നേരത്തെ സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. ഹൃദയം, കരൾ, വൃക്ക, മജ്ജ എന്നിവ ദാനം ചെയ്യുന്നവർക്ക് കിംഗ് അബ്ദുൽ അസീസ് മെഡൽ സമ്മാനിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
വൃക്ക രോഗികളായ സർക്കാർ ജീവനക്കാർക്ക് ഡയാലിസിസ് ദിവസങ്ങളിൽ പൂർണ വേതനത്തോടെ അവധി നൽകാനും തീരുമാനിച്ചിരുന്നു. സർക്കാർ ജീവനക്കാർക്കു സമാനമായി സ്വകാര്യ മേഖലാ ജീവനക്കാരായ വൃക്ക രോഗികൾക്കും ഡയാലിസിസ് ദിവസങ്ങളിൽ പൂർണ വേതനത്തോടെ അവധി അനുവദിക്കാനുള്ള തീരുമാനം ആദ്യ തീരുമാനം കൈക്കൊണ്ട് പത്തൊമ്പതു വർഷത്തിനു ശേഷം സർക്കാർ പ്രഖ്യാപിച്ചു. വൃക്കയും ഹൃദയവും കരളും മാറ്റിവെച്ച രോഗികൾക്കും വൃക്കയും കരൾ ഭാഗവും ദാനം ചെയ്തവർക്കും സൗദിയ വിമാനങ്ങളിൽ ടിക്കറ്റ് ഇളവ് അനുവദിച്ചിട്ടുമുണ്ട്.
വൃക്ക രോഗികളായ സൈനിക ഉദ്യോഗസ്ഥർക്ക് റിട്ടയർമെന്റ് നൽകി ഏറ്റവും അവസാനം കൈപ്പറ്റിയ വേതനത്തിന്റെ 70 ശതമാനം വീതം വിതരണം ചെയ്യാനും തീരുമാനമുണ്ട്. വൃക്ക ദാനം ചെയ്ത സൈനികർ സർവീസിൽ തുടരണം. എന്നാൽ ആരോഗ്യ നില വഷളാകുന്ന പക്ഷം ഇവർക്കും നിർബന്ധിത റിട്ടയർമെന്റ് നൽകി 70 ശതമാനം വേതനം വിതരണം ചെയ്യും.
മരുന്നുകളും സൊല്യൂഷനുകളുമായി 240 കിലോ ലഗേജ് സൗജന്യമായി സൗദിയ വിമാനത്തിൽ കൊണ്ടുപോകാൻ വൃക്കരോഗികളെ അനുവദിക്കുന്നുണ്ട്. വൃക്കയും കരൾ ഭാഗവും ദാനം ചെയ്തവർക്ക് സൗദിയ വിമാനങ്ങളിൽ 50 ശതമാനം ടിക്കറ്റ് ഇളവ് അനുവദിക്കുന്നു. നിർധനരായ വൃക്ക രോഗികൾക്ക് പ്രതിവർഷം 10,000 റിയാൽ വീതം ധനസഹായം വിതരണം ചെയ്യുന്നുമുണ്ട്. മുഴുവൻ സർക്കാർ ഗതാഗത സംവിധാനങ്ങളിലും 50 ശതമാനം ടിക്കറ്റ് ഇളവ് അനുവദിക്കുന്ന ഡിസ്‌കൗണ്ട് കാർഡ് വൃക്ക രോഗികൾക്ക് വിതരണം ചെയ്യുന്നുണ്ട്.
യാത്രകളിലും സർക്കാർ ഓഫീസുകളിൽ നിന്നുള്ള നടപടിക്രമങ്ങളിലും ആവശ്യമായ സഹായങ്ങളും മുൻഗണനകളും ലഭിക്കുന്നതിന് അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ അനിവാര്യമായവർക്കും ശസ്ത്രക്രിയ നടത്തിയവർക്കും വൃക്കയും കരൾ ഭാഗവും ദാനം ചെയ്തവർക്കും പ്രത്യേക കാർഡ് അനുവദിക്കുന്നുണ്ട്. അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ അനിവാര്യമായവർ, മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയവർ, അവയവങ്ങൾ ദാനം ചെയ്തവർ, ഇവരുടെ അടുത്ത ബന്ധുക്കൾ എന്നിവർക്ക് യൂനിവേഴ്‌സിറ്റികളിൽ പ്രവേശനം ലഭിക്കാനും പഠനം പൂർത്തിയാക്കാനും അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും വൃക്ക രോഗികളുടെ പരിചരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രിൻസ് ഫഹദ് ബിൻ സൽമാൻ സൊസൈറ്റിയുമായി ഏകോപനം നടത്തി നടപടികൾ സ്വീകരിക്കുന്നുണ്ട്.