Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം കോവിഡ് ഡ്യൂട്ടി വരുന്നു, താമസിക്കുന്ന പഞ്ചായത്തില്‍

തിരുവനന്തപുരം- ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പരിധിയില്‍ താമസിക്കുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും കോവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കും. തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ താമസിക്കുന്ന ജീവനക്കാരുടെ പട്ടിക തയാറാക്കിത്തുടങ്ങി. അതത് ജീവനക്കാരുടെ വകുപ്പുതലവന്മാരെ അറിയിച്ചശേഷം തദ്ദേശസ്ഥാപന മേധാവികള്‍ ഇവര്‍ക്ക് കോവിഡ് ജോലി നല്‍കും.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില 25 ശതമാനമായി ചുരുക്കിയതോടെ ഒട്ടുമിക്ക ജീവനക്കാരും വര്‍ക്ക് ഫ്രം ഹോമിലാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ പ്രവര്‍ത്തനത്തിന് ആള്‍ ക്ഷാമമുള്ളതിനാലാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ആദ്യം തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതോ അനുബന്ധ വകുപ്പുകളിലുള്ളവരെയോ ആണ് പരിഗണിക്കുക. തുടര്‍ന്ന് മറ്റു വകുപ്പുകളിലെ ജീവനക്കാരെയും അധ്യാപകരെയും അവരുടെ തദ്ദേശ സ്ഥാപന പരിധിക്കുള്ളില്‍ നോഡല്‍ ഓഫീസര്‍ തുടങ്ങിയ ചുമതല നല്‍കും. എല്ലാതലത്തിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതിയ ഉത്തരവു പ്രകാരം ആര്‍ക്കും കോവിഡ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാകാനാവില്ല.

ഡി.സി.സി, സി.എഫ്.എല്‍.ടി.സി, സമൂഹ അടുക്കള, അതിഥി തൊഴിലാളികളുടെ പുനരധിവാസം എന്നിവയുടെ മേല്‍നോട്ടത്തിനെങ്കിലും മറ്റു വിഭാഗം ജീവനക്കാരുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശവകുപ്പ് ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.

 

Latest News