ദുബായ് - കഴിഞ്ഞ വർഷം കോവിഡ് വ്യാപനം സംഭവിച്ചതിനു ശേഷം വന്നെത്തുന്ന മൂന്നാമത് പെരുന്നാളിന്റെ ഒരുക്കങ്ങളിൽ ഗൾഫ് രാജ്യങ്ങൾ. കഴിഞ്ഞ വർഷത്തെ ഈദുൽ ഫിത്വറും ഈദുൽ അദ്ഹായും കോവിഡ് കാലത്തു തന്നെയാണ് കടന്നു പോയത്. ആദ്യ തരംഗത്തിൽനിന്ന് ആശ്വാസത്തിലേക്ക് വഴിമാറുകയായിരുന്നു ലോകം. ആ സമയത്താണ് വീണ്ടും ശക്തമായി രണ്ടാം കോവിഡ് തരംഗമുണ്ടായത്. അതുകൊണ്ടു തന്നെ കഴിഞ്ഞ വർഷത്തേതിനു സമാനമായ അവസ്ഥയിലാണ് ഗൾഫ് രാജ്യങ്ങളും. കൂടുതൽ കരുതലോടെയാണ് രണ്ടാം തരംഗത്തെ യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നേരിടുന്നത്. ഈദ് ദിനങ്ങളിൽ ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സാമൂഹിക അകലം പാലിച്ചും ആഘോഷങ്ങൾ ഒഴിവാക്കിയും ആശംസകൾ ഓൺലൈനിലൂടെ മാത്രമാക്കിയുമാണ് ഇത്തവണ പെരുന്നാൾ ആഘോഷം. പള്ളികളിൽ ഖുതുബക്കും പെരുന്നാൾ നിസ്‌കാരത്തിനും നിയന്ത്രണങ്ങളുണ്ട്. മസ്ജിദുകൾ പെരുന്നാളിന് തുറക്കുമെങ്കിലും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് 24 നായിരുന്നു ഈദുൽ ഫിത്വർ. അന്ന് പള്ളികൾ അടച്ചതിനാൽ വീടുകളിൽ തന്നെയാണ് പെരുന്നാൾ നിസ്‌കാരം നിർവഹിച്ചത്. ഷോപ്പിംഗ് മാളുകളും മറ്റും ഭാഗികമായി മാത്രമാണ് തുറന്നത്. കുടുംബങ്ങൾക്ക് കൂടിച്ചേരാനുള്ള സാഹചര്യം കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഇല്ല. മാളുകളിൽ പോകാൻ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ദുബായിൽ ചില്ലറ വ്യാപാരികൾ നല്ല കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
ഈദ് പ്രമാണിച്ച് വ്യാപാര സ്ഥാപനങ്ങൾ ഓൺലൈനായി ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. പ്രിയപ്പെട്ടവരുടെ വിലാസം നൽകിയാൽ സ്‌നേഹ സമ്മാനം അവരുടെ വീട്ടുവാതിൽക്കൽ എത്തിക്കാനും നിരവധി ഷോപ്പുകൾ തയാറായിട്ടുണ്ട്. കോവിഡ് കാലത്ത് ധാരാളം പേർ ഓൺലൈൻ ഇടപാടിലേക്ക് മാറി എന്നത് കച്ചവട സ്ഥാപനങ്ങൾക്കും ഗുണപ്രദമായി.
ഈദ് ദിനങ്ങളിൽ യു.എ.ഇ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കുടുംബത്തിനകത്തായാലും പത്തിൽ കൂടുതൽ പേർ പാടില്ലെന്ന് അബുദാബി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ശരിയായ രീതിയിൽ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ഒരേ കുടുംബത്തിൽ പെട്ട പത്തിൽ താഴെ പേർക്ക് ഒത്തുചേരുന്നതിന് വിലക്കില്ല. കൂടുതൽ പേർ ഒത്തുചേർന്നാൽ ഇതിന് നേതൃത്വം നൽകിയ ആൾക്ക് 10,000 ദിർഹമും മറ്റുള്ളവർക്ക് 5,000 ദിർഹമും വീതവുമായിരിക്കും പിഴ. കോവിഡ് പെരുമാറ്റച്ചങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ ശക്തമായ പോലീസ് നിരീക്ഷണം അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. ദുബായിൽ മാത്രം 3,000 പോലിസ് ഓഫീസർമാരെയും 500 പേരടങ്ങുന്ന പട്രോളിംഗ് സംഘത്തെയുമാണ് നിയോഗിച്ചിരിക്കുന്നത്.
കുവൈത്തിൽ നിയന്ത്രണങ്ങൾ ശക്തമാണെങ്കിലും പെരുന്നാൾ നിസ്‌കാരത്തിന് അനുമതിയുണ്ട്.
15 മിനിറ്റിൽ കൂടരുതെന്നാണ് നിർദേശം. നിസ്‌കാരത്തിനായി 1500 പള്ളികളും ഈദ് ഗാഹുകളും സജ്ജമാണ്. കോവിഡ് രോഗികളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞുവരികയും രാജ്യം പതിയെ സാധാരണ നിലയിലേക്ക് തിരിച്ചുവരികയും ചെയ്യുന്ന ഈ സാഹചര്യത്തിൽ വ്യാപനം കൂട്ടുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാവരുതെന്ന് ഗവൺമെന്റ് കമ്യൂണിക്കേഷൻ സെന്റർ മേധാവി താരീഖ് അൽമസ്രിം അഭ്യർഥിച്ചു. രണ്ടു മാസത്തിലേറെയായി രാജ്യത്ത് നിലനിൽക്കുന്ന രാത്രികാല കർഫ്യൂ പെരുന്നാൾ ദിനം മുതൽ പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഒമാൻ, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും കടുത്ത നിയന്ത്രണങ്ങളോടെയാണ് പെരുന്നാൾ ആഘോഷിക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ച് 20 ശതമാനം മുതൽ 60 ശതമാനം വരെയാണ് ചില ഷോപ്പുകൾ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.