Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രതിരോധത്തിലെ ജനപങ്കാളിത്തം

ജനകീയ പങ്കാളിത്തത്തോടെയുള്ള പുരോഗതിയിൽ മികച്ച സംഭാവനകൾ നൽകിയ നാടാണ് നമ്മുടേതെന്ന് തിരിച്ചറിയേണ്ടതുണ്ട്. രാഷ്ട്രീയ സ്വാർത്ഥതക്ക് വേണ്ടി അത്തരം മികവുകളെ തമസ്‌കരിക്കുന്നത് കോവിഡ് തീവ്രവ്യാപനത്തിന്റെ കാലത്ത് അഭിലഷണീയമാകില്ല. 

കോവിഡിന്റെ രണ്ടാം തരംഗം ഗ്രാമങ്ങളിലേക്കും പടർന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിലായിരിക്കും കോവിഡ് വ്യാപനത്തിന്റെ തീവ്രത കടുതലെന്ന മുൻധാരണകളെല്ലാം കാറ്റിൽ പറത്തി കൊറോണ വൈറസ് ഗ്രാമങ്ങളിലേക്കും പടർന്നു കയറുകയാണ്. മലബാർ മേഖലയിലും ഒട്ടുമിക്ക ജില്ലകളിലും ഗ്രാമപഞ്ചായത്തുകൾ കണ്ടെയൻ്‌മെന്റ് സോണുകളാണ്. പൂർണമായും അടച്ചിട്ട പഞ്ചായത്തുകൾ നിരവധി. വാർഡ് തലങ്ങളിൽ അടച്ചിട്ടവ വേറെയും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ കോവിഡ് വ്യാപനത്തിന്റെ വലിയ ഭീഷണിയിലാണ് കഴിയുന്നത്. പോസിറ്റിവ് കേസുകൾ അനുദിനം വർധിക്കുന്നു. മരണ സംഖ്യയും നിശ്ശബ്ദമായി ഉയരുന്നു.


കോവിഡ് വ്യാപനം തെരഞ്ഞെടുപ്പിന് ശേഷം വർധിച്ചുവെങ്കിൽ കോവിഡ് പ്രതിരോധത്തിൽ തെരഞ്ഞെടുപ്പിന് മുമ്പുള്ള ജാഗ്രത എവിടെയും ഇപ്പോൾ കാണുന്നില്ലെന്നതാണ് പുതിയ പ്രതിസന്ധി. പ്രാദേശിക തലത്തിൽ പോസിറ്റിവ് രോഗികളെ താമസിപ്പിക്കുന്നതിനുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ എണ്ണം കോവിഡിന്റെ രണ്ടാം തരംഗത്തിൽ കുറഞ്ഞിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ തദ്ദേശ തെരഞ്ഞെടുപ്പാണ് കോവിഡ് പ്രതിരോധത്തിൽ പിന്നോക്കാവസ്ഥക്ക് ഇടയാക്കിയത്. കഴിഞ്ഞ വർഷമുണ്ടായിരുന്ന ഭരണ സമിതികളും വാർഡ് മെമ്പർമാരും മാറി. ഇതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടർച്ച നഷ്ടപ്പെട്ടത് രോഗത്തെ നേരിടുന്നതിൽ പ്രധാന വെല്ലുവിളിയായിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ മുമ്പുണ്ടായിരുന്ന രീതിയിൽ ആന്റിജൻ പരിശോധനകൾ ഇപ്പോൾ നടക്കുന്നില്ല. ജനങ്ങൾക്ക് സ്വകാര്യ മേഖലയെ കൂടുതൽ ആശ്രയിക്കേണ്ട ഗതികേട് വർധിക്കുകയാണ്. പാവപ്പെട്ടവർക്കായി ഗ്രാമീണ തലത്തിൽ നടത്തിയിരുന്ന കമ്യൂണിറ്റി കിച്ചണുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികളും രണ്ടാം ഘട്ടത്തിൽ മന്ദഗതിയിലാണ്. എവിടെയും വാർഡ്തല സമിതികൾ സജീവമല്ലെന്ന് സംസ്ഥാന മുഖ്യമന്ത്രി തന്നെയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.


കോവിഡ് പ്രതിരോധത്തിൽ ജനകീയ പങ്കാളിത്തത്തിന്റെ പ്രാധാന്യം വർധിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലണ് മലബാർ മേഖലയിലെ പല ജില്ലകളുമുള്ളത്. സർക്കാർ സംവിധാനത്തിന് കീഴിലുള്ള ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരിൽ മാത്രമായി പ്രതിരോധ പ്രവർത്തനത്തെ സർക്കാർ നിയന്ത്രിച്ചിരുന്നു. സന്നദ്ധ സംഘടനകൾ, പ്രതിപക്ഷത്തെ രാഷ്ട്രീയ പാർട്ടികൾ എന്നിവർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ തയാറായപ്പോഴും അവർക്ക് അനുമതി നൽകാത്ത കർശന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇത് സർക്കാരിന്റെ രാഷ്ട്രീയ സ്വാർത്ഥതയായും വരാനിരുന്ന തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള നീക്കമായുമാണ് പിന്നീട് വിമർശനങ്ങൾ ഉയർന്നത്.


രോഗവ്യാപനം വ്യാപകമായ സാഹചര്യത്തിൽ ഇടതുമുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സി.പി.ഐ തന്നെ ഇപ്പോൾ ജനകീയ പങ്കാളിത്തത്തിന്റെ ആവശ്യകത ഉയർത്തിയിരക്കുകയാണ്. സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം ജില്ലാ കലക്ടറെ കണ്ട് നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ സംസ്ഥാന തലത്തിൽ തന്നെ ചർച്ച ചെയ്യേണ്ടതുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ സർവകക്ഷി യോഗം വിളിക്കണമെന്നാണ് സി.പി.ഐ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകളെ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നുമുണ്ട്. കോവിഡിന്റെ ആദ്യഘട്ടത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച ആവശ്യമാണ് ഇപ്പോൾ ഭരണപക്ഷത്തുള്ള സി.പി.ഐ ഉന്നയിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയാണ്. പ്രതിപക്ഷ പാർട്ടികളെ ഇക്കാര്യത്തിൽ മുഖവിലക്കേണ്ടതില്ലെന്ന സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്യുന്ന നിലപാടാണ് സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടേത്. അതിന്റെ രാഷ്ട്രീയ മാനങ്ങൾ എന്തായാലും, കോവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയപാർട്ടികളുടെ ഒത്തൊരുമിച്ച പ്രവർത്തനം ആവശ്യമാണെന്നത് യാഥാർഥ്യമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് കോവിഡ് പ്രവർത്തനങ്ങളിലൂടെ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തുമോ എന്ന ആശങ്ക സർക്കാരിനോ ഭരണ മുന്നണിക്കോ ആവശ്യവുമില്ല.


മലബാർ മേഖലയിൽ മുസ്‌ലിം ലീഗ് പോലുള്ള പ്രതിപക്ഷ സംഘടനകളുടെ സാമൂഹ്യ സേവന ശേഷി തെരഞ്ഞെടുപ്പിന് ശേഷവും പ്രസക്തമാണ്. വിവിധ സമുദായ സംഘടനകളുടെ കാരുണ്യ പ്രവർത്തന സംഘങ്ങളും ശക്തമായ മേഖലയാണ് മലബാർ. ഇത്തരം പാർട്ടികളെയും സംഘടനകളെയും സർക്കാർ ചട്ടങ്ങളുടെ ചരടിൽ കോർത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് ഈ പ്രതിസന്ധി ഘട്ടത്തിൽ സമൂഹത്തിന് ഗുണം ചെയ്യും. എല്ലാം സർക്കാർ തന്നെ ചെയ്യുമെന്ന് പറയുകയും പ്രതിരോധം പാളുകയും ചെയ്യുന്നത് കാര്യങ്ങൾ കൈവിട്ടു പോകാൻ മാത്രമേ ഉപകരിക്കൂ. സി.പി.ഐ മുന്നോട്ടുവെച്ച നിർദേശം പരിഗണിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളെയും കൂടെ നിർത്തിയുള്ള പ്രതിരോധന പ്രവർത്തനങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഇത്തരമൊരു കൂട്ടായ്മയിലൂടെ ഗുണപരമായ മാറ്റങ്ങൾ രോഗപ്രതിരോധത്തിൽ ഉണ്ടാക്കാൻ കഴിയും. രോഗികളെ ചികിൽസാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുള്ള ആൾബലത്തോടൊപ്പം പ്രാദേശിക തലത്തിൽ താൽക്കാലിക ചികിൽസാ സംവിധാനങ്ങൾ ഒരുക്കുന്നതിനും സർവ കക്ഷികളുടെയും പങ്കാളിത്തം പ്രയോജനപ്പെടും. ജനകീയ പങ്കാളിത്തത്തോടെയുള്ള പുരോഗതിയിൽ മികച്ച സംഭാവനകൾ നൽകിയ നാടാണ് നമ്മുടേതെന്ന് തിരിച്ചറിയേണ്ടതുണ്ട്. രാഷ്ട്രീയ സ്വാർത്ഥതക്ക് വേണ്ടി അത്തരം മികവുകളെ തമസ്‌കരിക്കുന്നത് കോവിഡ് തീവ്രവ്യാപനത്തിന്റെ കാലത്ത് അഭിലഷണീയമാകില്ല. 
 

Latest News