ജിദ്ദ - സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും ചർച്ച നടത്തി. ജിദ്ദ അൽസലാം കൊട്ടാരത്തിലെ റോയൽ കോർട്ടിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ചയും ചർച്ചയും നടത്തിയത്. സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളും വ്യത്യസ്ത മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഖത്തർ അമീറും വിശകലനം ചെയ്തു.
സഹമന്ത്രി തുർക്കി ബിൻ മുഹമ്മദ് രാജകുമാരൻ, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അൽഈബാൻ, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണർ യാസിർ അൽറുമയ്യാൻ, ഖത്തർ വിദേശ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി, ഖത്തർ ഒളിംപിക്‌സ് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൗആൻ ബിൻ ഹമദ് അൽഥാനി, ശൈഖ് ഖലീഫ ബിൻ ഹമദ് അൽഥാനി, അമീരി ദീവാൻ പ്രസിഡന്റ് ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി, വാണിജ്യ, വ്യവസായ മന്ത്രിയും ആക്ടിംഗ് ധനമന്ത്രിയുമായ അലി ബിൻ അഹ്മദ് അൽകവാരി എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
നേരത്തെ ജിദ്ദ എയർപോർട്ടിലെത്തിയ ഖത്തർ അമീറിനെയും സംഘത്തെയും സൗദി കിരീടാവകാശി ഊഷ്മളമായി സ്വീകരിച്ചു. ഏകദിന ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഖത്തർ അമീറും സംഘവും ഇന്നലെ പുലർച്ചെ ജിദ്ദയിൽ നിന്ന് ഖത്തറിലേക്ക് മടങ്ങി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഖത്തർ അമീറിനെ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയാക്കി.