മസ്‌കത്ത് - ഒമാനിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്നലെ മാത്രം 18 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 787 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 202,137 ആയി. 18 പേർ കൂടി മരിച്ചതോടെ കോവിഡ് മരണനിരക്ക് 2,138 ആയി ഉയർന്നു. 960 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഒമാനിൽ ഇതിനോടകം 185,607 പേർ മഹാമാരിയെ അതിജയിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 92 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. ഇന്നലെ 96 പേരെ കൂടി ആശുപത്രികളിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 732 ആയി. ഇവരിൽ 263 പേരുടെ നില ഗുരുതരമാണ്.
അതേസമയം, വിമാന മാർഗം ഒമാനിലെത്തുന്ന പ്രവാസി കുടുംബങ്ങൾക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കി. ഇന്ന് മുതൽ എത്തുന്നവർക്കാണ് നിയമം ബാധകമാകുക. കോവിഡ് നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇന്ത്യയിൽന്നുള്ള യാത്രക്കാരെ ഒമാൻ വിലക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗൺ തുടരുകയാണ്. മെയ് 7നാണ് ലോക്ഡൗൺ ആരംഭിച്ചത്. 15 വരെ തുടരും. കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. പെരുന്നാൾ അടുത്ത സമയത്ത് കടകൾ അടച്ചുപൂട്ടിയത് വ്യാപാരികൾക്ക് കനത്ത തിരിച്ചടിയായി.