റിയാദ് - അഞ്ചു മാസത്തിനകം പദവി ശരിയാക്കിയില്ലെങ്കിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന 361 സ്വകാര്യ സ്‌കൂളുകൾ അടുത്ത റമദാനിൽ അടപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ നിർമിച്ച വാടക കെട്ടിടങ്ങളിൽ സ്വകാര്യ സ്‌കൂളുകൾ ആരംഭിക്കുന്നതിന് ലൈസൻസ് വിലക്കുന്നതിന് മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ നിലവിൽ ഇത്തരം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇതിൽ ഇളവ് നൽകുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനകം വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ച് പദവി ശരിയാക്കുന്ന സ്‌കൂളുകളുടെ ലൈസൻസ് പുതുക്കി നൽകും. അല്ലാത്ത സ്‌കൂളുകളുടെ ലൈസൻസ് റദ്ദാക്കും.
ആകെ 2,041 സ്വകാര്യ സ്‌കൂളുകളിൽ വ്യവസ്ഥകൾ പൂർണമല്ലെന്ന് രണ്ടു വർഷത്തിനിടെ മന്ത്രാലയം നടത്തിയ പരിശോധനകളിൽ വ്യക്തമായിരുന്നു. ഇതിൽ 1,680 സ്‌കൂളുകൾ പദവി ശരിയാക്കി. 361 സ്‌കൂളുകൾ ഇതുവരെ പദവി ശരിയാക്കിയിട്ടില്ല. പദവി ശരിയാക്കൽ പദ്ധതി സമർപ്പിക്കാത്തപക്ഷം ഈ അധ്യയന വർഷം പൂർത്തിയാകുന്നതോടെ അടുത്ത റമദാനിൽ ഈ സ്‌കൂളുകൾ അടപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ നിർമിച്ച വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് പദവി ശരിയാക്കുന്നതിന് രണ്ടു വർഷത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്. ഇത് അടുത്ത റമദാനിൽ അവസാനിക്കും. ഇതോടെ പദവി ശരിയാക്കാത്ത സ്‌കൂളുകളുടെ ലൈസൻസ് റദ്ദാക്കുകയാണ് ചെയ്യുക.