ആളുകളുടെ ആലോചനയിൽ മാറ്റം വരികയാണ് ഓരോ തെരഞ്ഞെടുപ്പിലും. അങ്ങനെ മന്നന്മാരുടെ തോളിൽ മാറാപ്പു വീഴുന്നു. തെണ്ടിപ്പരിഷകൾ തിരൂടി ചൂടുന്നു. നിരന്തരമായ ആ മാറ്റം നമ്മുടെ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ആ മാറ്റത്തിൽ അപകടം മണക്കുന്നവരേ വോട്ടുകച്ചവടത്തിന്റെ കാര്യം പറഞ്ഞുകൊണ്ടിരിക്കുകയുള്ളൂ.
മെട്രോമാൻ ശ്രീധരൻ ഒന്നും മിണ്ടിയില്ല. ഡി.ജി.പി ആയിരുന്ന ജേക്കബ് തോമസും ഒരക്ഷരം ഉരിയാടിയില്ല. അവരുടെ മൗനം മനസ്സിലാക്കാവുന്നതേയുള്ളൂ, മറ്റു ചിലരുടെ ശബ്ദായമാനമായ പ്രതികരണം പോലെ. തെരഞ്ഞെടുപ്പിന്റെ കോലാഹലത്തിനും കോപ്പിരാട്ടിക്കും ശേഷം അൽപം കൗതുകത്തിനും നേരമ്പോക്കിനും എല്ലാവരും കാത്തിരിക്കുകയായിരുന്നു. ഫലത്തിന്റെ അപഗ്രഥനത്തിലും അവകാശവാദത്തിലും അതുണ്ടായോ എന്നു സംശയം. എന്നാലും ആ ശ്രമം, അതെവിടുന്നു വന്നതായാലും, നന്ദി അർഹിക്കുന്നു.
കൗതുകം ഉണർത്തിയ സ്ഥാനാർഥിയായിരുന്നു ഇ. ശ്രീധരൻ. തികഞ്ഞ ആദരവും അദ്ദേഹത്തിനവകാശപ്പെട്ടതായിരുന്നു. ഒന്നും നേരത്തും നേരാംവണ്ണവും നടക്കാത്ത നാട്ടിൽ ഏറ്റെടുക്കുന്ന സംരംഭം ഏതും പറഞ്ഞാൽ പറഞ്ഞ പോലെ തീർത്തു ശീലിച്ച ആളാണ് അദ്ദേഹം. അമാന്തിച്ചാൽ ഉണ്ടാകുന്ന പാഴ്‌ചെലവ് ഒഴിവാക്കുന്നു എന്നത് ഒരു കാര്യം. അത്രയോ 'അതുക്കും മേലെ'യോ പ്രധാനപ്പെട്ടതാണ് കാര്യക്ഷമതയും കൃത്യനിഷ്ഠയും മൂല്യങ്ങളായി മതിക്കുന്ന ഒരു സംസ്‌കാര വിശേഷത്തിന്റെ നിർമാണവും നിലനിൽപും. ആ വഴിയേ ചിന്തിച്ചു ജയിക്കാവുന്ന സ്ഥാനാർഥിയായി ശ്രീധരൻ ബഹുമാനിക്കപ്പെട്ടു.
അതിലൊക്കെ കാണാവുന്നതിലധികം പ്രാധാന്യം കണ്ട തെരഞ്ഞെടുപ്പ് പങ്കാളിയായിരുന്നു ശ്രീധരൻ തുടക്കത്തിൽ. അദ്ദേഹത്തെ തള്ളിപ്പറയാൻ ആരും ചങ്കൂറ്റം കാട്ടിയില്ല. എന്തുകൊണ്ട് അദ്ദേഹം ചേർന്ന പാർട്ടിയിൽ അദ്ദേഹം ചേർന്നു എന്ന ചോദ്യത്തിനു പ്രസക്തിയില്ല. ഗൗരവത്തോടെ വേറെ ആരാവശ്യപ്പെട്ടാലും അതു നിറവേറ്റിക്കൊടുക്കാൻ അദ്ദേഹം ശ്രമിക്കും. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ ഗുണവും ദോഷവും അതാണെന്നു പറയാം.
തുടക്കത്തിൽ അദ്ദേഹം മാത്രമല്ല, മറ്റു ചില മർമജ്ഞന്മാരും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മന്ത്രിസഭ ഉണ്ടാക്കാൻ വേണ്ട ബി.ജെ.പി സ്ഥാനാർഥികളും ജയിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. അദ്ദേഹം രംഗത്തെത്തിയതോടെ ബി.ജെ.പിയിലേക്ക് സഹായം കുത്തിയൊലിച്ചു വരികയായിരുന്നത്രേ. ഒരു തരംഗം അഴിച്ചുവിടാൻ പോന്ന സഹായത്തിന്റെ സാഹചര്യം അങ്ങനെ നിലവിൽ വന്നു എന്നു പലരും വിധിച്ചു. അങ്ങനെ ഒരു തരംഗം പൊട്ടിയാൽ മാത്രമേ അദ്ദേഹത്തെപ്പോലൊരു സ്ഥാനാർഥി നിലം തൊടുകയുള്ളു എന്ന് ആർക്കും ബോധ്യമായിരുന്നു. ഭരണം ബി.ജെ.പിയുടെ പിടിയിൽ ഒതുങ്ങാൻ ഒരു യുഗം ഇനിയും വേണമെന്നറിയുന്നവർ കൗതുകത്തിന്റെ പേരിൽ ശ്രീധരന് താമര വോട്ട് നൽകാൻ തയാറായില്ല. അദ്ദേഹം ജയിച്ചു വന്നാൽ വല്ല തൊന്തരവും കാട്ടിയേക്കുമോ എന്നും സ്വന്തം സംഘക്കാർ ശങ്കിച്ചു. അതൊക്കെ ഇഴ പിരിച്ചു നോക്കാനുള്ള രാഷ്ട്രീയ യാഥാർഥ്യ ബോധം ശ്രീധരന് നേരത്തേ നഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്താനും പശ്വാലംഭത്തിനെത്തുന്ന ബലിമൃഗത്തിന് നന്ദി രേഖപ്പെടുത്താനും അവസരം ഇനിയെത്ര കിടക്കുന്നു. അങ്ങനെ എന്തെങ്കിലും ഒത്തുവന്നാൽ ശ്രീധരനും മുഷിയില്ല.
ഡി.ജി.പി ആയിരുന്ന ജേക്കബ് തോമസ് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കണ്ടില്ലെന്നു നടിക്കുന്ന ആളല്ല. ഒരു രാഷ്ട്രീയാഭിമുഖ്യം ആലോചിച്ചുറപ്പിച്ച് ബി.ജെ.പിയിൽ ചേർന്നതുമല്ല. ഉദ്യോഗത്തിലെ നിസ്സഹായതകൾക്കു വഴങ്ങി അവിടെ എത്തിച്ചേർന്നെന്നേയുള്ളൂ. തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജനസമ്മതിയും അധികാരവും നേടാമെന്നും കരുതിയിരിക്കില്ല. ഇരിഞ്ഞാലക്കുടയല്ല എത്ര ആയിരം കുട പിടിച്ചാലും ബി.ജെ.പിയുടെ വിജയശ്രീലാളിതനായ സ്ഥാനാർഥിയായി വരാം എന്നൊരു മോഹം കൊണ്ട് ഗോദയിലിറങ്ങിയതല്ല അദ്ദേഹം. അതുകൊണ്ട് അതിനെപ്പറ്റി വലിയ പ്രസ്താവനകളൊന്നും അദ്ദേഹം ഇറക്കുകയുണ്ടായില്ല. അതുകൊണ്ടു തന്നെ ഒരു വാക്കും പിൻവലിക്കേണ്ടി വന്നില്ല. വാർത്തയാവാതെ ജേക്കബ് തോമസിന്റെ മൗനം പോലും വായുവിൽ അലിഞ്ഞതേയുള്ളൂ. രാഷ്ട്രീയം ഉരുത്തിരിഞ്ഞു വന്ന വരവ് നടനായ സുരേഷ് ഗോപിക്കും വിശേഷിച്ചൊരു വ്യാഖ്യാനം നൽകാൻ പറ്റിയ രീതിയിലല്ലായിരുന്നു. ഗുരുവായൂരിലെയും തലശ്ശേരിയിലെയും ബി.ജെ.പി സ്ഥാനാർഥികളുടെ പത്രികകൾ തള്ളിപ്പോയപ്പോൾ കോൺഗ്രസിനു സഹായകമായിത്തീരാവുന്ന വാക്കുകൾ അദ്ദേഹം പറഞ്ഞത് വലിയ പുകിലായി. അതുകൊണ്ട് കയ്യും കലാശവും കാട്ടി ഒരു ഡയലോഗ് കൂടി അടിക്കാൻ തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ അദ്ദേഹം ബദ്ധപ്പെട്ടില്ല.
മൗനത്തിൽ അടയിരിക്കാൻ സൗകര്യമുള്ളവരല്ല മറ്റുള്ളവർ, വിശേഷിച്ചും തോറ്റുപോയ കോൺഗ്രസുകാരും ബി. ജെ. പി ക്കാരും. അവർ തമ്മിലുള്ള രാഷ്ട്രീയ ബന്ധം എന്തായാലും തങ്ങൾക്കേറ്റ രാഷ്ട്രീയ പ്രഹരത്തെപ്പറ്റി പറയുമ്പോൾ രണ്ടു കൂട്ടരും ഒരു തരം ഭാവൈക്യം നില നിർത്തി. രണ്ടു കൂട്ടരും തെറ്റിദ്ധരിക്കാൻ വയ്യാത്ത വിധത്തിൽ പറഞ്ഞു: ഞങ്ങൾ ജനവിധി മാനിക്കുന്നു, തെരഞ്ഞെടുപ്പു ഫലം അംഗീകരിക്കുന്നു. വിശദമായി പഠിച്ചതിനു ശേഷം ബാക്കി പറയാം. അപ്പോഴേക്കും അടുത്ത തെരഞ്ഞെടുപ്പിനുള്ള സമയമാകും.
ബി.ജെ.പിയുടെ മട്ടും പകിട്ടും കാണുമ്പോൾ പലരും പരിഭ്രമിച്ചു പോകും. ഇടതുമുന്നണിയോടും വലതുമുന്നണിയോടും ഒപ്പം നിർത്തി കേരളത്തിലെ മൂന്നാം നിരയായി അവർ അവതരിപ്പിക്കപ്പെട്ടിരുന്നു, എക്കാലവും. അവർക്കും അങ്ങനെയൊരു ധാരണയുണ്ടായി. ഭരണം കൈയാളുമെന്നായി ഒരു സീറ്റ് പോലും കിട്ടാത്ത ആ കക്ഷിയുടെ ചില ചിന്തകന്മാർ. വോട്ടെണ്ണുന്നതിന്റെ തലേന്നാൾ പോലും ആ ശുഭാപ്തിവിശ്വാസം തളിർത്തു നിന്നു. ഒന്നും കിട്ടാതെ പോകാവുന്ന അവസരത്തിലും രണ്ടക്കത്തിൽ കുറയാതെ സീറ്റ് നേടും ബി. ജെ. പി എന്നായിരുന്നു ചിലരുടെ ധാരണ. അതു പൊളിഞ്ഞപ്പോൾ അവരും പറഞ്ഞു: ജനവിധി അംഗീകരിക്കുന്നു. അതല്ലാതെ എന്തു ചെയ്യും? തോറ്റു പോകുന്ന കക്ഷിക്ക് അധികാരത്തിൽ കയറി നിരങ്ങാനുള്ള അവസരമോ അവകാശമോ ഭരണഘടന വ്യ്വസ്ഥപ്പെടുത്തുന്നില്ല. ജനധാരണയും അതിന്റെ പരിശോധനയായ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന പാർട്ടികളും തമ്മിലുള്ള പൊരുത്തക്കേടായിത്തന്നെ ഈ സ്ഥിതിയെ കണക്കാക്കണം.
വിജയത്തിലും ഇത്തരം വികൃതവാദങ്ങൾ പുറത്തിറങ്ങാം. പറഞ്ഞതിൽ പലതും പരിഹാസമായി പോകാറുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ ഒടുവിലത്തെ ഒരു പ്രയോഗവും വിവാദത്തിനിടയായി. അദ്ദേഹം പറഞ്ഞു, ഈ സാഹചര്യത്തിൽ ഈ മണ്ഡലത്തിൽ ഇടതുമുന്നണി ഐക്യമുന്നണിക്ക് വോട്ടു ചെയ്യണം. അതെന്തിന് ഒരു മണ്ഡലത്തിൽ ഒതുക്കി നിർത്തണം? ഒരിടത്ത് യോജിക്കാമെങ്കിൽ സംസ്ഥാനാടിസ്ഥാനത്തിലും ദേശീയാടിസ്ഥാനത്തിലും, ആലോചിച്ചുറപ്പിച്ച പരിപാടിയും പ്രകടനപത്രികയുമായി നിലയുറപ്പിച്ചുകൂടേ? മുല്ലപ്പള്ളി അത്രയൊന്നും കരുതിക്കാണില്ല. പദാർഥവും പ്രാസവും ഒത്തുവന്നപ്പോൾ അങ്ങനെ എന്തോ പറഞ്ഞുപോയി എന്നേയുള്ളൂ. ഒരു ശുദ്ധഗതിക്കാരന്റെ മനസ്സിൽ അങ്ങനെ ചില ചിന്തകൾ പൊങ്ങിപ്പോയി. കുഞ്ഞുണ്ണി മാഷിന്റേതുപോലത്തെ ചില ചിന്തകൾ, ഒന്നിൽ നിന്ന് ഒന്നു പോയാൽ ഒന്നുമില്ല എന്ന് മുല്ലപ്പള്ളി ഓർത്തുകാണില്ല.
ഇടതുമുന്നണിയെ തോൽപിക്കാൻ വിരുദ്ധർ തയാറാക്കിയ തന്ത്രത്തെപ്പറ്റി പിണറായി വിജയൻ ഏറ്റവും ഒടുവിൽ പറഞ്ഞതും ആദിമ കമ്യൂണിസ്റ്റുകാരൻ പറഞ്ഞതും രണ്ടല്ല, ഒന്നു തന്നെ. കമ്യൂണിസത്തെ വലയം ചെയ്യാനും വഴി വെട്ടി വീഴ്ത്താനും പതുങ്ങിയിരിക്കുകയാണത്രേ വർഗ ശത്രുക്കൾ. ആ ആദിമ സിദ്ധാന്തത്തിന്റെ അനുരണനം കേൾക്കാം വിജയന്റെ വാദത്തിലും.
ഇടതുമുന്നണിയെ വീഴ്ത്താൻ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ കച്ചവടം ഉറപ്പിച്ചിട്ടുണ്ടെന്നാണ് വിജയന്റെ വാദം. അങ്ങനെ ഒരു രഹസ്യ ധാരണ പരസ്യമാകുമ്പോൾ ആർക്കെന്തു ലാഭം കിട്ടുമെന്ന് അദ്ദേഹം പറയുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിയാണ് ബി. ജെ. പിയുടെയും കോൺഗ്രസിന്റെയും മുഖ്യശത്രുവെങ്കിൽ അതു നേരേ ചൊവ്വേ പറഞ്ഞാൽ പോരേ? പിന്നെ പരസ്യമായും ഔപചാരികമായുമല്ലാതെ അങ്ങനെ ഒരു രാഷ്ട്രീയ ബാന്ധവം നിലനിർത്താൻ പറ്റില്ല. വിജയന്റെ വായിൽനിന്നൂ വീഴുമ്പോൾ ആ തിയറിക്ക് ഒരു രസം കാണുമെന്നു മാത്രം. ഇടക്ക് ഒന്നു ചോദിക്കാം: സുരേഷ് ഗോപി നാൽപതിനായിരം വോട്ടു പിടിച്ച് തൃശൂരിൽ പത്മജയുടെ സാധ്യതക്ക് സർവനാശം കുറിച്ചപ്പോൾ ബി.ജെ. പിയും ഇടതുമുന്നണിയും തമ്മിൽ സ്ഥാനാർഥികൾ അറിയാതെ വല്ല കച്ചവടവും ഏർപ്പെടുത്തിയിരുന്നുവോ? വാസ്തവത്തിൽ ആളുകളുടെ ആലോചനയിൽ മാറ്റം വരികയാണ് ഓരോ തെരഞ്ഞെടുപ്പിലും. അങ്ങനെ മന്നന്മാരുടെ തോളിൽ മാറാപ്പു വീഴുന്നു. തെണ്ടിപ്പരിഷകൾ തിരൂടി ചൂടുന്നു. നിരന്തരമായ ആ മാറ്റം നമ്മുടെ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ആ മാറ്റത്തിൽ അപകടം മണക്കുന്നവരേ വോട്ടുകച്ചവടത്തിന്റെ കാര്യം പറഞ്ഞുകൊണ്ടിരിക്കുകയുള്ളു.