'മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും' എന്നാണ് പഴഞ്ചൊല്ല്. അതു കാണാപ്പാഠം പഠിച്ച് ഉരുവിട്ടാണ് കോൺഗ്രസ് - മാർക്‌സിസ്റ്റ് സഖ്യമുണ്ടായത്. ഞെട്ടരുത്, ഇവിടെയല്ല, പശ്ചിമ ബംഗാളിൽ. ഫലം, ഇരുവരും 'പൂജ്യ'പാദരായി! അടുത്ത തെരഞ്ഞെടുപ്പു വരെ നടക്കൻ കാലില്ല; ഊന്നുവടിയുമില്ല. പഴഞ്ചൊല്ല് പതിരാകുമോ? തെക്കോട്ടു ഗമിക്കുന്തോറുംപിന്നെ മധുരിക്കാൻ തുടങ്ങി. തമിഴ്‌നാട്ടിൽ നമ്മുടെ പ്രസ്ഥാനക്കാരനല്ലെങ്കിലും പേരിൽ ലേശം 'ഇസ'മുള്ള സ്റ്റാലിൻ മുഖ്യനായി. രണ്ടു സീറ്റ് വീതം വല്യേട്ടനും കൊച്ചേട്ടനും ജയിക്കുക എന്നു പറഞ്ഞാൽ, തമിഴ്‌നാട്ടിൽ അതു 'പൊങ്കൽ അടൈ' കിടച്ച മാതിരി! ഇക്കണക്കിനു പോയാൽ 2026 ൽ കേരളത്തിലും ബംഗാൾ ആകാം. പാലും മീനും ചേർന്നാൽ വിഷമാണെന്നൊക്കെ പറയും. പക്ഷേ മോഡിജിയെയും ഷാജിയെയും നേരിടാതെ കഴിയില്ല. അവർക്കു കോൺഗ്രസ് മുക്ത ഭാരതം വേണം.
വല്യേട്ടന് ഇവിടെ കോൺഗ്രസ് 'കോൺഗ്രസ് മുക്ത കേരളം' വേണം. രണ്ടും നടപ്പില്ല. നമ്മൾ ആരുമായും കൂട്ടുകൂടാൻ തയാറാണെങ്കിലോ? നെഹ്‌റുവിനും നരസിംഹറാവുവിനും മൻമോഹൻ സിംഗിനും അടിയന്തര ഘട്ടങ്ങളിൽ പിന്തുണ കൊടുത്തു സഹായിച്ചതാണ് വല്യേട്ടനും കൊച്ചേട്ടനും. ഇരുവരും പുറംതിരിഞ്ഞ് 'അനിയൻ ബാവ ചേട്ടൻ ബാവ' കളിച്ചാലും കോൺഗ്രസ് അങ്ങോട്ടു ചെന്നു സ്വയംവരം നടത്തും. കമ്യൂണിസത്തിനു ഇവിടെ ഭാവിയുണ്ടെന്നു ത്രികാലജ്ഞാനിയും നിരൂപക കേസരി (ണി)യുമില്ല. പുനർജന്മമോ മറ്റോ സംഭവിച്ചാലോ അത്തരം മഹാത്മാക്കൾ അനുഗ്രഹിക്കാൻ എത്തുകയുള്ളൂ.
**** ****
കുട്ടികളെ തല്ലി പഠിപ്പിക്കണം എന്നു പഴയ കാരണവ്ന്മാർ വിശ്വസിച്ചിരുന്നു. അപൂർവം ചില കുട്ടികൾ തല്ലൊഴിവാക്കാനായി സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടിയ പൂർവകാലമുണ്ട് നമുക്ക്. അതുകൊണ്ടുതന്നെ ഗുമസ്തനോ വക്കീലോ മജിസ്‌ട്രേറ്റോ ഒക്കെ ആകേണ്ട പലരും മന്ത്രിമാരായി. പലരുടെയും മക്കൾ പൂർവാധികം അച്ചടക്കം പാലിച്ചു. അവർ കോളേജിൽ പോയതേയില്ല. നല്ല കച്ചവടക്കാരായി മന്ത്രിമാരെ കൈയിലെടുത്തു. വാഹനങ്ങളുടെ 'എണ്ണയും ഗ്രീസും' കച്ചവടം തുടങ്ങിയ മുരളീധരൻ നല്ല മെയ്യഭ്യാസത്തോടെ രാഷ്ട്രീയത്തിൽ എടുത്തുചാടി. ട്രപ്പീസുകളിയിലായിരുന്നു കേമത്തം. പിതാവിന്റെ അനുഗ്രഹത്തോടെ ഡി.ഐ.സി രൂപീകരിച്ചതും മത്സരിച്ചു 'പൂജ്യ'പാദനായതും ചരിത്രം. ഇവിടെ അതിനർഥം'ബഹുമാനിതനായി' എന്നേയുള്ളൂ.
അനർഥമൊന്നും കരുതേണ്ട. വട്ടിയൂർക്കാവിലെ എമ്മെല്ലേ വടകരയിൽ ചെന്ന് എം.പി ആയതും, ആ മരച്ചില്ലയിൽനിന്നു നേമത്തേക്കു ചാടിയതും സമകാലീന ചരിത്രം. അതിനു പിന്നിൽ ഒരു 'മാർക്‌സിസ്റ്റ് കൈ' സംശയിച്ചവർ പുറത്തു പറഞ്ഞില്ല. കോൺഗ്രസിൽ മറ്റു കലഹങ്ങൾ തന്നെ ധാരാളമുണ്ടല്ലോ. മുരളിയുടെ ഡി.ഐ.സി കാലത്ത് പിണറായി സഖാവിന് കൊച്ചനോട് ഒരു 'സോഫ്റ്റ് കോർണർ' ഉണ്ടായിരുന്നുവെന്നു പരക്കെ കേട്ടിരുന്നു. ഏതു നിമിഷവും എൽ.ഡി.എഫിൽ കടന്നുകൂടാൻ പാകത്തിൽ എ.കെ.ജി സെന്ററിന്റെ മുന്നിലെ റോഡിനപ്പുറം തയാറെടുത്തു നിൽക്കുകയായിരുന്നുവത്രേ മുരളീധർജി. പക്ഷേ ട്രാഫിക് സിഗ്‌നലിൽ പച്ചവെളിച്ചം മാത്രം തെളിഞ്ഞില്ല. ലൈറ്റ് സംവിധാനം പരിപൂർണമായും എറിഞ്ഞുടച്ചത് വി.എസ്. അച്യുതാനന്ദനാണെന്ന് പിന്നെ ശ്രുതിയുണ്ടായി. ഏതായാലും ഇത്തവണ പുതുപ്പള്ളിയോ, ചെന്നിത്തലയോ, മുല്ലപ്പള്ളിയോ, ഏതു ദേശക്കാരൻ മുഖ്യനായാലും കാബിനറ്റിൽ ഇമ്മിണി ബല്യ ഒന്ന് അങ്ങോർ മുന്നിൽ കണ്ടു. സ്വപ്നം ചിലർക്കു ചില കാലമൊത്തിടാം' എന്നേയുള്ളൂ.
എപ്പോഴും സംഗതി നടക്കണമെന്നു വ്യവസ്ഥയില്ല. എങ്കിലും ടിയാന്റെ വാമൊഴിയിൽ കേട്ടതു പോലെ തന്നെ, നേമത്തു ചെന്നു മത്സരിക്കാൻ ആരുമില്ലായിരുന്നു. ശരിയാണ്, ഇത്രയും വലിയ മണ്ടത്തരം കാട്ടുവാൻ കോൺഗ്രസിൽ ആളില്ലാതെ പോയി! മൂന്നാം കക്ഷി എന്ന പദവി ബി.ജെ.പിയിൽനിന്നു പിടിച്ചെടുക്കാനുള്ള ആത്മാർഥമായ ശ്രമം വിജയം കണ്ടു. പല മണ്ഡലങ്ങളിലും കോൺഗ്രസ് മൂന്നാം സ്ഥാനം പിടിച്ചെടുക്കുക തന്നെ ചെയ്തു. ഈ വിജയക്കൊടിയുടെ വെളിച്ചത്തിൽ കോൺഗ്രസിന്റെ വളർച്ചയുടെ ഗ്രാഫ് വരച്ചാൽ, വര ഭൂമിയും പിളർന്നു താഴേക്കു പോകുന്നതു കാണാം. റിസൾട്ട് അറിഞ്ഞൂ മൂന്നാംപക്കം ഇന്ദിരാഭവന്റെ ഗേറ്റു പൂട്ടി ദുഃഖാചരണം നടത്തിയതു നേട്ടമായി. വാർത്ത അറിയാതെ വല്ല മഹിളാ സ്ഥാനാർഥികളും മുറ്റത്തു ചെന്നു നിലയുറപ്പിച്ചിരുന്നെങ്കിൽ മുല്ലപ്പളളി കൂടുതൽ പരിക്ഷീണനായേനേ. ചാനലുകൾ ഗേറ്റിനെ എടുത്തുകാട്ടി ദുഃഖതീവ്രത ബോധ്യപ്പെടുത്തി. ഒമ്പതു വനിതകളിൽ ഒന്നിനെപ്പോലും ജയിപ്പിച്ചെടുക്കാൻ പുരുഷ മേധാവികൾ സഹായിച്ചില്ല എന്ന് ആക്ഷേപമുള്ള കാലമാണ്. പോരാഞ്ഞിട്ട് ലതികാ സുഭാഷ് തല മുണ്ഡനം ചെയ്ത പവിത്ര സന്നിധിയുമാണ്. ഇനി അടുത്ത തെരഞ്ഞെടുപ്പു കാലത്ത് ഗേറ്റു തുറക്കേണ്ട കാര്യമേയുള്ളൂ. തലമുടി വീണ്ടും കുന്നുകൂടാതെ ശ്രദ്ധിക്കാൻ തൂപ്പുകാരുണ്ടെങ്കിൽ മാത്രം തുറന്നാൽ മതി.
**** **** ****
'അണ്ണാൻകുഞ്ഞും തന്നാലായത്' എന്ന മട്ടിൽ ഓരോ ഘടക കക്ഷിയും ആഞ്ഞുപിടിച്ചിട്ടാണ്, അറബിക്കടലിൽ മുങ്ങിപ്പോകുമായിരുന്ന ഇടതുമുന്നണിക്കു തുടർഭരണം കിട്ടിയത്. ആ മുന്നണിയുടെ ഒരേ 'ചേലും ചിട്ട'യും മനസ്സിലാകണമെങ്കിൽ തെരഞ്ഞെടുപ്പു ഫലം മുഴുവൻ കാണണം. ഓരോ സീറ്റ് വീതം നേടിയും ചില കുഞ്ഞനുജന്മാർ വല്യേട്ടനെ സേവിച്ചു. ഇത്രയധികം ഘടക കക്ഷികൾ മുന്നണിയിൽ ഉണ്ടായിരുന്ന വിവരം മുഖ്യമന്ത്രി പോലും അടുത്ത കാലത്താണ് അറിഞ്ഞത്. ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുന്നവരെപ്പോലെ, ഒറ്റയ്ക്കും കൂട്ടായും സംഘടനയായുമൊക്കെ പിന്തുണ പ്രഖ്യാപിച്ചാണ് അവർ ഇടതുമുന്നണിയിലേക്ക് ഒഴുകിയെത്തിയിരുന്നത്. ഇക്കാര്യത്തിൽ അക്കിടി പിണഞ്ഞത് 'പെരുന്ന'യിലെ പോപ്പിനു മത്രമാണെന്നാണറിവ്. നാട്ടുകാരറിയാതെ നാട്ടകം ഗസ്റ്റ് ഹൗസിൽ ചെന്നു പിണറായിയെ കണ്ട മണിച്ചേട്ടനെ പെരുന്നയിലെ പെരുത്ത അനിയന്മാർ മുഴുവനും അഭിനന്ദിച്ചിരുന്നു. സംഘടനയുടെയും സമുദായത്തിന്റെയും സർവ അവശതകളും മാറ്റാൻ കഴിയുന്ന ഒരു ഒറ്റമൂലിയാണ് മണിച്ചേട്ടൻ അന്നു മുഖ്യമന്ത്രിയോട് നിർദേശിച്ചത്. എന്തു ചെയ്യാം, മുഖ്യമന്ത്രി 'വരാൽ മത്സ്യത്തെ' പ്പോലെ കൈയിൽ നിന്നു തെന്നിപ്പോയി. 'ഉർവശീ ശാപം ഉപകാരമെന്നു' ഭാവിച്ചുകൊണ്ട് ഇരുവരും രണ്ടു വഴിക്കു പോയ കാര്യം പിന്നീടാണ് മാലോകർ അറിഞ്ഞത്.
നായർ പറഞ്ഞാൽ സമുദായം വോട്ട് ചെയ്യില്ലെന്നു പിണറായിക്ക് 'ഗസ്റ്റപ്പോ റിപ്പോർട്ട്' നേരത്തെ കിട്ടിയിരുന്നു. അതിനാൽ കക്ഷി പിണങ്ങുന്നതിൽ മുഖ്യനു പൂർണസമ്മതം! മണിച്ചേട്ട'നാകട്ടെ, അടുത്ത സർക്കാർ വന്നെത്തുന്നതും ചെന്നിത്തലയിലെ രമേശൻ നായർ താക്കോൽ സ്ഥാനത്തു കയറി ഇരിക്കുന്നതും പകൽ പോലെ വ്യക്തമായിരുന്നു. അതിനാൽ, അവശതകളുടെ പരിഹാരാർഥം, ഒരു യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ പദവി മാത്രം തന്റെ കുടുംബത്തിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ ക്ഷമയോടെ കാത്തിരുന്നു. മനുഷ്യൻ കൊതിക്കുന്നു, ദൈവം വിധിക്കുന്നു' എന്ന പ്രമാണം ആരും സൂചിപ്പിച്ചതുമില്ല. പതിവു ജ്യോതിഷിമാരും കൈരേഖക്കാരുമൊന്നും ഇക്കാര്യം പറഞ്ഞില്ല. ഒരു സൂചന ലഭിച്ചിരുന്നെങ്കിൽ മുൻകൂറായി കാലുമാറാമായിരന്നു. പെരുന്നയിൽ തന്നെ ഒരു മന്ത്രിസഭ രൂപീകരിക്കുന്ന കാര്യം പോലും ആലോചിക്കാൻ മടിക്കില്ലായിരുന്നു. 1957 ലെ വിമോചന സമര ശേഷം നടന്ന തെരഞ്ഞെടുപ്പു കാലത്ത് അടുത്തു തന്നെയുള്ള 'സരസൻ'വിനോദ മാസിക അത്തരമൊരു പ്രഖ്യാപനം നടത്തിയിരുന്നു. അതനുസരിച്ച് സമരം നയിച്ച ഭാരത കേസരി മന്നത്തപ്പൻ നേതൃത്വം നൽകുന്ന മന്ത്രിസഭയ്ക്കായിരിക്കും ഇനിയുള്ള ഭരണം! എല്ലാം പാഴ്ക്കിനാവായിപ്പോയി!
കോഴിക്കോടും കുട്ടനാടും തമ്മിലുള്ള ഗംഭീര ഗാട്ടാ ഗുസ്തിയാണ് മന്ത്രിസഭാ രൂപീകരണ വേദിയുടെ പ്രധാന ആകർഷണം. അന്തരിച്ച തോമസ് ചാണ്ടിയുടെ ബ്രദറും നിയുക്ത എമ്മെല്ലേയുമായ തോമാച്ചൻ ഒരു ഫയൽവാനാണെന്ന് മന്ത്രി ശശീന്ദ്രൻ സ്വപ്‌നേപി നിരൂപിച്ചിരിക്കയില്ല. നാലു വീലുകളും തേഞ്ഞ ട്രാൻസ്‌പോർട്ട് ബസ് പോലെയാണ് മന്ത്രിയുടെ ഭരണം എന്ന കാര്യം ലെയ്‌സാൺ കമ്മിറ്റിയിൽ പൊങ്ങിവരുമെന്ന് കൺവീനർ വിജയരാഘവനും, പിണറായിയെപ്പോലെ മനഃപാഠമാണ്. എങ്കിലും വല്യേട്ടൻ പറയട്ടെ, അതാ അതിന്റെ ഒരു ശരി' എന്ന മട്ടിൽ കാനം കൊച്ചേട്ടനും ഇതര സഖാക്കളും കഴിഞ്ഞൂകൂടുന്നു. ഏറെ വേദിച്ചു പുളയുന്ന പാലായിലെ ജോസ് മോനെ പാടിയുറക്കാൻ പറ്റിയ ഗാനങ്ങളെഴുതാൻ വേണ്ടി ആസ്ഥാന കവി പ്രഭാവർമയെയും സ്ഥാനമില്ലാത്ത കവികളെയും ശട്ടം കെട്ടിയിരിക്കുകയാണ് കൺവീനർ. ജോസ് മോന്റെ കണ്ണീരു കാണാൻ വയ്യ. എം.പി സ്ഥാനം കളഞ്ഞിട്ടാണ് മുന്നണിയെ സേവിക്കാൻ ഓടി നടന്നത്. ഉത്തരത്തിലിരുന്നതു കിട്ടിയില്ല, കക്ഷത്തിരുന്നതു പോകുകയും ചെയ്തു.
കേന്ദ്രത്തിൽ നിന്നും കേരളത്തിലേക്ക് ഒരു അന്വേഷണ സംഘം എത്തുന്നുണ്ട്. ബി.ജെ.പിയുണ്ടോ എന്നു കണ്ടെത്തണം. കാവിയും പൊട്ടും ധരിച്ചതുകൊണ്ടോ, താമരപ്പൂവിനെ ഉമ്മ വെച്ചതുകൊണ്ടോ എല്ലാവരും പാർട്ടിക്കാരാകണമെന്നില്ല. മിന്നുന്നതെല്ലാം പൊന്നല്ല. കേന്ദ്രമന്ത്രി മുരളീധരനെ സംഘത്തിൽ നോക്കിയാൽ കാണില്ല. പശ്ചിമ ബംഗാൾ സന്ദർശന ശേഷം ആരോഗ്യം വീണ്ടെടുത്തു വരുന്നതേയുളളൂ. ഹോ! എന്താണവിടെ നടന്നത്? ബംഗാൾ ഇന്ത്യയിൽ തന്നെയാണോ?