Sorry, you need to enable JavaScript to visit this website.

സുരേന്ദ്രന്‍ ഹെലികോപ്ടറുകളില്‍  പറന്നു,  വോട്ടുകള്‍ കാറ്റില്‍ പറന്നു

തിരുവനന്തപുരം- ബിജെപിയെ ചതിച്ചത് ഹെലികോപ്ടറോ?. എന്നുപറഞ്ഞാല്‍ എത്ര പേര്‍ വിശ്വസിക്കും. എന്നാല്‍ അത് സത്യമാണന്ന് തെളിയിച്ചിരിക്കുകയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോന്നിയിലും മഞ്ചേശ്വരത്തും ഒന്നിച്ച് പറന്നു നടന്നു മത്സരിച്ച് നേടുമെന്ന് പറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ് ഇപ്പോള്‍ സുരേന്ദ്രന്. പറക്കാന്‍ പോയിട്ട് ഒന്നു ഇരിക്കാന്‍ പോലും സുരേന്ദ്രനെ സമ്മതിക്കുന്നില്ല ട്രോളന്‍മാര്‍. നേതാക്കള്‍ ഹെലികോപ്റ്ററില്‍ കറങ്ങിയപ്പോള്‍ ബൂത്ത് തല വോട്ടുകള്‍ കാറ്റില്‍ പറന്നു പോയന്നും അതു തടയാന്‍ ആളുണ്ടായില്ലെന്നും ബിജെപി തിരിച്ചറിയുകയാണ് ഇപ്പോള്‍.
തിരുവനന്തപുരത്ത് അടക്കം ബൂത്ത് തല പ്രവര്‍ത്തനം നടന്നിട്ടില്ല. എന്നാല്‍ പണം പോയിട്ടുമുണ്ട്. ഉത്തരവാദിത്വം ഇല്ലാതെ ഇതാണ് വലിയ തോല്‍വിക്ക് കാരണമായതും. കേരളത്തില്‍ നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും സംഭവിക്കാനെ പോകില്ലന്ന കടുത്ത ആത്മവിശ്വസം കാരണം അന്തിമഫലത്തില്‍ ഉള്ള അക്കൗണ്ടും നഷ്ടമായി. യാഥാര്‍ത്ഥ്യത്തില്‍ എന്തായിരുന്നു ബിജെപിയുടെ തോല്‍വിയുടെ കാരണം ഇതു കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍. ഇതിലാണ് കോപ്ടറിലെ വില്ലന്‍ തെളിയുന്നത്. ഹെലികോപ്റ്ററില്‍ കറങ്ങാന്‍ പണം പൊടിപൊടിച്ചെങ്കിലും ബൂത്തുകളില്‍ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായം ചുരുക്കി. പ്രവര്‍ത്തകരെ ഏകോപിപ്പിക്കാനും സംവിധാനമുണ്ടായില്ല. മൂന്നു കോപ്റ്ററുകളാണു കേരളത്തിലേക്കു ബിജെപി വാടകയ്‌ക്കെടുത്തത്.
രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കേരളത്തിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ച കേന്ദ്രമന്ത്രി വി.മുരളീധരനും പിന്നെ കേരളത്തിലെത്തുന്ന കേന്ദ്രനേതാക്കള്‍ക്കും വേണ്ടിയായിരുന്നു ഇവ. ഈ കറക്കം കൊണ്ട് ആര്‍ക്കും ഗുണമുണ്ടായില്ല. ഇത്തരം ഇടപെടലുകള്‍ കേരള രാഷ്ട്രിയത്തില്‍ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുമെന്ന് തിരിച്ചറിയുക കൂടിയാണ് ബിജെപി. ഒരു എന്‍ജിന്‍ ഉള്ള കോപ്റ്ററിനു 2 മണിക്കൂറിനു 2 ലക്ഷം രൂപയായിരുന്നു വാടക. ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്ററിനു 2 മണിക്കൂറിന് 4 ലക്ഷം വരെയും. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയതിനാല്‍ ഹെലികോപ്റ്റര്‍ ചെലവ് 20- 25 ദിവസത്തില്‍ ഒതുക്കാനായി എന്നതാണ് ഏക ആശ്വാസം. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച കെ.സുരേന്ദ്രനു 2 ദിവസം കൂടുമ്പോള്‍ പറക്കേണ്ടി വന്നു. ഇരു മണ്ഡലങ്ങളും തമ്മില്‍ 400 കിലോമീറ്ററിലധികം ദൂരമുണ്ട്. കോപ്റ്ററുകള്‍ ദിവസം 5 മണിക്കൂറുകളെങ്കിലും പറന്നു. ഇതൊന്നും പക്ഷേ തെരഞ്ഞെടുപ്പില്‍ സ്വാധീനമായി മാറിയില്ല. ബൂത്ത് തല പ്രവര്‍ത്തനത്തിലെ വീഴ്ചയും തിരിച്ചടിയായി.ബിജെപി നേതാക്കള്‍ക്കു പുറമേ ആര്‍എസ്എസ് സംയോജകരും ബൂത്ത് തലത്തില്‍ വരെ നിയമിക്കപ്പെട്ടു. എന്നിട്ടും വോട്ട് ചോര്‍ന്നുവെന്നതാണു ബിജെപിയെ അസ്വസ്ഥമാക്കുന്നത്.
തോല്‍വിയില്‍ നിന്നും പാഠം പഠിക്കില്ലെന്ന വാശിയില്‍ കേരളത്തിലെ ബിജെപി നേതൃത്വം. ബിജെപി തിരുവനന്തപുരം ജില്ലാ നേതൃയോഗത്തില്‍ നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ശക്തമായ പോര്‍വിളി ഉയര്‍ന്നത്. ജില്ലയിലെ നാണംകെട്ട തോല്‍വിയുടെ ഉത്തരവാദിത്തം എതിര്‍ചേരിക്കെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം. ജില്ലാ പ്രസിഡണ്ട് വി വി രാജേഷും എസ് സുരേഷും ജെ ആര്‍ പത്മകുമാറും തമ്മിലായിരുന്നു തര്‍ക്കം. തര്‍ക്കത്തെ തുടര്‍ന്ന് ജില്ലാ കോര്‍ കമ്മിറ്റി യോഗം അടിയന്തിരമായി വിളിക്കുമെന്ന് കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചു.

Latest News