ജിദ്ദ- കോവിഡ് കാരണം സൗദിയിലേക്കുളള യാത്ര മുടങ്ങിയ പ്രവാസികൾ കൂടുതൽ രാജ്യങ്ങൾ വഴി മടങ്ങിയെത്താനുള്ള വഴി തേടുന്നു. ഏറ്റവും ഒടുവിൽ അർമേനിയ വഴിയാണ് മലയാളികളടക്കമുള്ള പ്രവാസികൾ സൗദിയിലേക്കുള്ള വഴി തേടുന്നത്. അർമേനിയയിൽ പതിനാല് ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ സൗദിയിലേക്ക് എത്തുന്നതിനുള്ള പാക്കേജുമായി ചില ട്രാവൽ ഏജൻസികൾ രംഗത്തെത്തി. അതേസമയം, ഈ മാസം 12ന് മുംബൈയിൽനിന്ന് അർമേനിയ വഴി സൗദിയിലേക്കുള്ള യാത്രയുടെ ഒരുക്കം പൂർത്തിയായി. ചാർട്ടേഡ് വിമാനസർവീസാണ് ഇതിനായി ഒരുക്കുന്നതെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. കേരളത്തിൽനിന്ന് ഈ മാസം 18നും 22നും ഒരു പ്രമുഖ ട്രാവൽ ഏജൻസി യാത്ര ഒരുക്കുന്നുണ്ട്. ഇതിന്റെ അനുമതിയടക്കമുള്ള കാര്യങ്ങൾ ലഭിച്ചതായും അവർ വ്യക്തമാക്കി.
നിലവിൽ സൗദിയിലേക്ക് ഇന്ത്യയിൽനിന്ന് ബഹ്‌റൈൻ വഴി മാത്രമാണ് യാത്ര സാധ്യമാകുന്നത്. മാലിയിലെ റിസോർട്ടുകൾ ബുക്ക് ചെയ്ത് യാത്ര നടക്കുന്നുണ്ടെങ്കിലും ഒന്നര ലക്ഷത്തിലേറെയാണ് ഇതിന് ചെലവ്. ഇതിൽ തന്നെ മാലിയിലെത്തി കോവിഡ് പിടിപെട്ടാൽ യാത്ര ദുഷ്‌കരമാകും. സംഘത്തിലെ ഒരാൾക്കെങ്കിലും കോവിഡ് ബാധിച്ചാൽ കൂടെയുള്ള മുഴുവൻ ആളുകളുടെയും യാത്ര മുടങ്ങുന്ന സ്ഥിതിയാണ്. പ്രൈമറി കോണ്ടാക്ടാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റുള്ളവരുടെയും യാത്ര മുടങ്ങുന്നത്. ഇതിന് ആവശ്യമായ അധിക ചെലവ് യാത്രക്കാർ തന്നെ വഹിക്കണം. കഴിഞ്ഞ ദിവസം മാലിയിലെത്തിയ മലയാളി കുടുംബം ഇത്തരത്തിൽ കടുത്ത പ്രയാസത്തിൽ അകപ്പെട്ടിരുന്നു.
ഇന്ത്യയിൽനിന്ന് നേരിട്ടുള്ള യാത്രക്ക് നിരോധനം വന്നതോടെ യു.എ.എ യാത്രക്കാരും നിലവിൽ ബഹ്‌റൈൻ വഴിയാണ് യാത്ര ചെയ്യുന്നത്. ഇത് ഈ മേഖലയിൽ തിരക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്. പെരുന്നാൾ കൂടി കഴിയുന്നതോടെ തിരക്ക് ഇനിയും വർധിക്കാനാണ് സാധ്യത. അതേസമയം, ഈ മാസം 17 മുതൽ സൗദി വിമാനയാത്രക്കുള്ള വിലക്ക് പിൻവലിക്കുന്നതോടെ ഇന്ത്യക്ക് വല്ല ഇളവും നൽകുമോ എന്ന ആകാംക്ഷയും പ്രവാസികൾക്കുണ്ട്. നിലവിലുള്ള സഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കാനുള്ള സാധ്യത കുറവാണ്. എന്നാലും പ്രത്യേക വിഭാഗങ്ങൾക്ക് ഇളവുണ്ടാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രവാസികൾ.