ആലപ്പുഴ- വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി ആലപ്പുഴ പുന്നപ്രയിലെ സന്നദ്ധ പ്രവര്‍ത്തകയായ രേഖ. പുന്നപ്ര പോലീസ് സ്‌റ്റേഷനിലാണ് രേഖ പരാതി നല്‍കിയത്. ആംബുലന്‍സ് സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കോവിഡ് ബാധിതനായ യുവാവിനെ സന്നദ്ധ പ്രവര്‍ത്തകരായ അശ്വിനും രേഖയും ചേര്‍ന്ന് ബൈക്കില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. ഈ സംഭവത്തില്‍ ശ്രീജിത്ത് പണിക്കര്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിനെതിരെയാണ് പരാതി.
ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് ഏറെ മാനസികമായി വിഷമിപ്പിച്ചെന്ന് രേഖ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ന്യായീകരണ ക്യാപ്‌സ്യൂള്‍ എന്ന പേരിലായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്തരം കുത്സിത റിപ്പോര്‍ട്ടിംഗ് അവസാനിപ്പിക്കണമെന്ന് ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് :
ആംബുലന്‍സ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ചുമതലയിലുള്ള ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും ബൈക്കില്‍ കോവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചെന്ന വാര്‍ത്ത കണ്ടു.
സര്‍ക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോര്‍ട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലന്‍സിനു പിന്നില്‍ ഉള്ളത്.
ആംബുലന്‍സ് അടച്ചിട്ട വാഹനമാണ്. അതില്‍ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടാല്‍ ആര് സമാധാനം പറയും, പ്രത്യേകിച്ച് ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമം ഉള്ളപ്പോള്‍. ബൈക്ക് തുറസ്സായ വാഹനമാണ്. യഥേഷ്ടം ഓക്‌സിജന്‍ വലിച്ചു കയറ്റാം.
നിലവിളിശബ്ദം ഇട്ടാലും ആംബുലന്‍സ് ആയാല്‍ മാര്‍ഗ്ഗമധ്യേ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ബൈക്ക് ഊടുവഴികളിലൂടെ ശടേന്ന് ആശുപത്രിയില്‍ എത്തും.
ഓടിക്കുന്ന ആളിനും പിന്നില്‍ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാല്‍ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയില്‍ ജാം തേച്ചത് സങ്കല്‍്പിക്കുക.
വര്‍ധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതല്‍ ലാഭകരം. മെയിന്റനന്‍സ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതല്‍ വാഹന ലഭ്യത. പാര്‍ക്കിങ് സൗകര്യം. എമര്‍ജന്‍സി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. തന്നെയുമല്ല, ആലപ്പുഴയ്ക്ക് മുകളിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ വരെ ഈ ഒറ്റ സംഭവം കൊണ്ട് അടഞ്ഞത്രേ.
ഏറ്റവും പ്രധാനം. ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും.
ബഹുമാനിക്കാന്‍ പഠിക്കെടോ.
(മൂന്നു നേരം ഓരോന്ന് വീതം വിഴുങ്ങാനുള്ള ക്യാപ്‌സൂള്‍)