തിരുവനന്തപുരം- ലോക്ക്ഡൗണ്‍ രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പോലീസ് പാസിനായി വന്‍ തിരക്ക്. ലോക്ക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങാല്‍ പോലീസ് പാസ് വേണമെന്നാണ് നിബന്ധന ഇതോടെയാണ് പോലീസ് പാസിനായി തിരക്കേറിയത്.
ആളുകള്‍ കൂട്ടമായി പാസ് എടുക്കാന്‍ സൈറ്റിലെത്തിയതിനെ തുടര്‍ന്ന് പാസ് അനുവദിക്കാനായി തയ്യാറാക്കിയ സൈറ്റ് പണി മുടക്കി. ഇത് പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോകുകയാണെന്നാണ് സൈബര്‍ ഡോം ഇപ്പോള്‍ അറിയിക്കുന്നത്. ഒരേ സമയം 5000 പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്ന രീതിയിലാണ് സൈറ്റ് തയ്യാറാക്കിയത്. എന്നാല്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്.
അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പാസ് അനുവദിക്കാനാവില്ലെന്നും അത്യാവശ്യക്കാര്‍ക്ക് മാത്രമെ പാസ് അനുവദിക്കാനാകുവെന്നും പോലീസ് വ്യക്തമാക്കി. ലോക്ക്ഡൗണ്‍ ദിനങ്ങള്‍ പുരോഗമിക്കവെ പോലീസ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ശക്തമാണ്. ഇടറോഡുകളിലും അതിര്‍ത്തി ചെക് പോസ്റ്റുകളിലും കര്‍ശനമായ പരിശോധനയാണ് നടക്കുന്നത്. അവശ്യ സര്‍വ്വീസുകാരെ തടയില്ലെന്ന് പോലീസ് അറിയിച്ചു.