നിലമ്പൂർ- ലോക്ഡൗൺ ആദ്യദിനത്തിൽ വീട്ടിലെത്തിയ കരിങ്കുരങ്ങ് നാട്ടുകാർക്കു കൗതുകമായി. വഴിക്കടവ് ആനമറിയിലെ വെണ്ണേക്കോടൻ ഇസ്മായിലിന്റെ വീട്ടിലേക്കാണ് കരിങ്കുരങ്ങ് കയറി വന്നത്. നല്ല ആരോഗ്യവാനായിരുന്നു. വീടിന്റെ വരാന്തയിൽ ഇരിപ്പുറപ്പിച്ച കുരങ്ങൻ ഏറെ നേരം കഴിഞ്ഞിട്ടും പോകാൻ കൂട്ടാക്കിയില്ല. ആളുകളോടു അടുപ്പം കാണിച്ചു നൽകിയ വെള്ളവും ഭക്ഷണവും അകത്താക്കി. പിന്നെ കൂത്തം മറിച്ചിലും കരണം മറിച്ചിലും. കാഴ്ചക്കാരായെത്തിയ കുട്ടികൾക്കൊപ്പം കളിക്കാനും തുടങ്ങി. പോകാനുള്ള കൂട്ടമില്ലെന്നു കണ്ടതോടെ വനം വകുപ്പിനെ വിവരം അറിയിച്ചു. വനപാലകരുടെ വാഹനം കണ്ടതോടെ സമീപത്തെ മരത്തിന്റെ നെറുകയിൽ കയറി ഇരിപ്പായി കുരങ്ങൻ. വനപാലകർ മടങ്ങിയെന്നറിഞ്ഞതോടെ വീണ്ടും സമീപ വീട്ടിലെത്തി ഇണക്കം കാണിച്ചു. മടങ്ങിയെത്തിയ വനപാലകർ പിടികൂടി നാടുകാണി ചുരത്തിൽ വിട്ടയച്ചു.