റിയാദ് - അധിനിവിഷ്ട ജറൂസലമിലെ ശൈഖ് ജറാഹ് ഡിസ്ട്രിക്ടിൽ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് പ്രദേശത്ത് ഇസ്രായിൽ പരമാധികാരം അടിച്ചേൽപിക്കാനുള്ള പദ്ധതികളും നടപടികളും സൗദി അറേബ്യ ശക്തിയുക്തം നിരാകരിക്കുന്നതായി സൗദി വിദേശ മന്ത്രാലയം പറഞ്ഞു.
ഇസ്രായിലിന്റെ ഏകപക്ഷീയമായ ഏതു നടപടികളെയും അന്താരാഷ്ട്ര തീരുമാനങ്ങളുടെ ലംഘനങ്ങളെയും, മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനായി സമാധാന പ്രക്രിയ പുനരാരംഭിക്കാനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുന്ന എല്ലാ നടപടികളെയും സൗദി അറേബ്യ അപലപിക്കുന്നു. സൗദി അറേബ്യ ഫലസ്തീൻ ജതനക്കൊപ്പം നിലയുറപ്പിക്കും. യു.എൻ തീരുമാനങ്ങൾക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി 1967 ലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ ഫലസ്തീനികൾക്ക് സാധിക്കുന്ന നിലയിൽ ഫലസ്തീൻ പ്രശ്‌നത്തിന് നീതിപൂർവവും സമഗ്രവുമായ പരിഹാരം കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കുമെന്നും വിദേശ മന്ത്രാലയം പറഞ്ഞു.
അധിനിവിഷ്ട ഫലസ്തീനിലെ ശൈഖ് ജറാഹ് ഡിസ്ട്രിക്ടിലെ വീടുകളിൽനിന്ന് ഡസൻ കണക്കിന് ഫലസ്തീനി കുടുംബങ്ങളെ ഇസ്രായിൽ സൈന്യവും തീവ്രവാദികളായ ജൂതകുടിയേറ്റ കോളനിക്കാരും ചേർന്ന് ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നതിനെയും, കുടിയൊഴിപ്പിക്കലിന് ഇരയാകുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിക്കുന്ന ഇഫ്താറുകളിൽ പങ്കെടുക്കുന്നവർക്കു നേരെയുള്ള ആക്രമണങ്ങളെയും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷനും അപലപിച്ചു.
ജൂതകുടിയേറ്റ കോളനി അസോസിയേഷനുകളുടെ പ്രയോജനത്തിനു വേണ്ടി ഫലസ്തീൻ ഭൂമിയും സ്വത്തും വീടുകളും കണ്ടുകെട്ടുന്നതിലൂടെ വംശീയ ശുദ്ധീകരണവും കൊളോണിയൽ കുടിയേറ്റവും നടത്തുന്ന ഇസ്രായിൽ നയത്തിന്റെ ഭാഗമായാണ് ഇസ്രായിലി സൈന്യവും തീവ്രവാദികളായ ജൂതകുടിയേറ്റക്കാരും ഫലസ്തീനികളെ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നത്. ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ തീരുമാനങ്ങളുടെയും നഗ്നമായ ലംഘനമാണ്.
നിയമ വിരുദ്ധവും വംശീയവുമായ നടപടികൾ തുടരുന്നതിന്റെ ഉത്തരവാദിത്തം ഇസ്രായിൽ സൈന്യത്തിനാണ്.
ഫലസ്തീനികൾക്ക് സംരക്ഷണം നൽകുന്ന കാര്യത്തിലും അധിനിവിഷ്ട ജറൂസലം അടക്കം മുഴുവൻ ഫലസ്തീൻ പ്രദേശങ്ങളിലും ഇസ്രായിൽ തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിലും യു.എൻ രക്ഷാ സമിതി അടക്കം അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം വഹിക്കണം. ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും അറബ് സമാധാന പദ്ധതിയുടെയും യു.എൻ തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലുള്ള സമാധാന പ്രക്രിയക്ക് ഇസ്രായിലിന്റെ ഇത്തരം നടപടികൾ സഹായകമാകില്ലെന്നും ഒ.ഐ.സി പറഞ്ഞു.
കിഴക്കൻ ജറൂസലമിലെ ശൈഖ് ജറാഹ് ഡിസ്ട്രിക്ടിൽനിന്ന് ഫലസ്തീനികളെ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിച്ച് ഇസ്രായിൽ ജൂതകുടിയേറ്റ കോളനി നിർമാണം തുടരുന്നതിനെ ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽഹജ്‌റഫും അപലപിച്ചു.
ഇസ്രായിലിന്റെ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും പശ്ചിമേഷ്യൻ സമാധാന പ്രക്രിയക്ക് വിഘാതവുമാണ്. ഫലസ്തീനികളുടെ കുടിയൊഴിപ്പിക്കലും പുതിയ ജൂതകുടിയേറ്റ കോളനികളുടെ നിർമാണവും അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇസ്രായിലിനു മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്നും ജി.സി.സി സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.