Sorry, you need to enable JavaScript to visit this website.

സൗദി-പാക്കിസ്ഥാൻ സഹകരണം ശക്തമാക്കാൻ ഏകോപന സമിതി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാനും ജിദ്ദയിൽ ചർച്ച നടത്തുന്നു. 

ജിദ്ദ- സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ സൗദി-പാക്കിസ്ഥാൻ സുപ്രീം കോ-ഓർഡിനേഷൻ കൗൺസിൽ സ്ഥാപിച്ചു. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചക്കും ചർച്ചക്കുമിടെ കൗൺസിൽ രൂപീകരണ കരാറിൽ ഇരു നേതാക്കളും ഒപ്പുവെച്ചു. ജിദ്ദ അൽസലാം കൊട്ടാരത്തിലെ റോയൽ കോർട്ടിൽ വെച്ചാണ് പാക് പ്രധാനന്ത്രിയെ സൗദി കിരീടാവകാശി സ്വീകരിച്ചത്. 


സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലാ, ആഗോള പ്രശ്‌നങ്ങളിൽ ഇരു രാജ്യങ്ങളുടെയും കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. വിഷൻ 2030 പദ്ധതിയുടെയും പാക്കിസ്ഥാനിൽ മുൻഗണന കൽപിക്കുന്ന വികസന പദ്ധതികളുടെയും വെളിച്ചത്തിൽ ലഭ്യമായ നിക്ഷേപാവസരങ്ങൾ പ്രയോജനപ്പെടുത്തി ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക, വാണിജ്യ ബന്ധങ്ങൾ ശക്തമാക്കുന്നതിനെ കുറിച്ചും സൗദി കിരീടാവകാശിയും പാക് പ്രധാനമന്ത്രിയും വിശകലനം ചെയ്തു. സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിൽ സൈനിക, സുരക്ഷാ മേഖലകളിലുള്ള ശക്തമായ ബന്ധത്തിൽ ഇരുവരും സംതൃപ്തി രേഖപ്പെടുത്തി. പൊതുലക്ഷ്യങ്ങൾ കൈവരിക്കാൻ സഹകരണം കൂടുതൽ ശക്തമാക്കാനും ഇരുവരും ധാരണയിലെത്തി. 


അറബ് സമാധാന പദ്ധതിക്കും യു.എൻ പ്രമേയങ്ങൾക്കും അനുസൃതമായി 1967 ലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കൽ അടക്കം ഫലസ്തനികളുടെ നിയമാനുസൃത അവകാശങ്ങൾക്കുള്ള പൂർണ പിന്തുണ ഇരുവരും വ്യക്തമാക്കി. സിറിയൻ, ലിബിയൻ സംഘർഷങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിനെ ഇരു രാജ്യങ്ങളും പിന്തുണക്കുന്നു. ഗൾഫ് സമാധാന പദ്ധതിക്കും യു.എൻ പ്രമേയങ്ങൾക്കും യെമൻ ദേശീയ സംവാദത്തിൽ ഉരുത്തിരഞ്ഞ തീരുമാനങ്ങൾക്കും അനുസൃതമായി യെമൻ സംഘർഷത്തിന് സമഗ്ര രാഷ്ട്രീയ പരിഹാരം കാണാൻ ലക്ഷ്യമിട്ട് നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യയും പാക്കിസ്ഥാനും പിന്തുണക്കുന്നു. 


സൗദിയിൽ തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും സിവിലിയൻ ലക്ഷ്യങ്ങൾക്കും നേരെ ഹൂത്തികൾ നടത്തുന്ന ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ നേതാക്കൾ അപലപിച്ചു. സൗദി കിരീടാവകാശി പ്രഖ്യാപിച്ച ഹരിത സൗദി, ഹരിത മിഡിൽ ഈസ്റ്റ് പദ്ധതികളെ ഇംറാൻ ഖാൻ സ്വാഗതം ചെയ്തു. 
ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, ഡെപ്യൂട്ടി പ്രിതരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അൽഈബാൻ, വാണിജ്യ മന്ത്രിയും ആക്ടിംഗ് മീഡിയ മന്ത്രിയുമായ ഡോ. മാജിദ് അൽഖസബി, പാക്കിസ്ഥാനിലെ സൗദി അംബാസഡർ നവാഫ് അൽമാലികി എന്നിവർ കൂടിക്കാഴ്ചയിലും ചർച്ചയിലും സംബന്ധിച്ചു. 


തടവുകാരുടെ കൈമാറ്റം, കുറ്റകൃത്യ വിരുദ്ധ പോരാട്ടം, മയക്കുമരുന്ന് വിരുദ്ധ പോരാട്ടം, പാക്കിസ്ഥാനിൽ ഊർജ, പശ്ചാത്തല വികസന, ഗതാഗത, ടെലികോം, ജല മേഖലാ പദ്ധതികൾക്ക് വായ്പകൾ നൽകൽ എന്നിവക്കുള്ള രണ്ടു കരാറുകളും രണ്ടു ധാരണാപത്രങ്ങളും ചടങ്ങിനിടെ ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട മന്ത്രിമാർ ഒപ്പുവെച്ചു. നേരത്തെ ഔദ്യോഗിക സന്ദർശനാർഥം പാക്കിസ്ഥാൻ എയർഫോഴ്‌സ് വിമാനത്തിൽ ജിദ്ദ എയർപോർട്ടിലെത്തിയ ഇംറാൻ ഖാനെയും സംഘത്തെയും സൗദി കിരീടാവകാശി സ്വീകരിച്ചു. 

Latest News