ജിദ്ദ - അൽമർവ ഡിസ്ട്രിക്ടിലെ ഫ്ളാറ്റിൽ വ്യാഴാഴ്ചയുണ്ടായ അഗ്നിബാധയിൽ അപ്രതീക്ഷിതമായി അകാലത്തിൽ പൊലിഞ്ഞുപോയ അഞ്ചു പിഞ്ചുമക്കൾക്കും ഭാര്യക്കും ഫലസ്തീനി പൗരൻ നാദിർ അയ്യൂശിന്റെ വികാരനിർഭരമായ യാത്രാമൊഴി. മരണപ്പെട്ട അഞ്ചു മക്കളുടെയും ഫോട്ടോകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് നാദിർ അയ്യൂശ് നെഞ്ചകം പിളർന്നുള്ള യാത്രാമൊഴി രേഖപ്പെടുത്തിയത്.
കരളിന്റെ കഷ്ണങ്ങളായ മക്കളേ, നിങ്ങൾക്ക് വിട. ഇന്ന് ജുമുഅ നമസ്‌കാരത്തിനു ശേഷം നിങ്ങളുടെ കുഞ്ഞുദേഹങ്ങൾ മണ്ണിനടിയിലാകും. നിങ്ങൾക്കൊപ്പം നിങ്ങളെ പ്രസവിച്ച ഉമ്മയുമുണ്ടാകും. ആത്മാർഥതയും അർപ്പണമനോഭാവവും കൊണ്ട് അവളുടെ കാലിനടിയിലെ മണ്ണിനെ സ്‌നേഹിക്കുന്ന മനുഷ്യനാക്കി അവൾ എന്നെ മാറ്റി. എന്റെ ഹൃദയത്തിലെ പ്രിയപ്പെട്ടവരേ നിങ്ങൾക്ക് വിട. എന്നെ ഒറ്റക്കാക്കിയാണ് നിങ്ങൾ പോയത്. ഒരു മിനിറ്റുപോലും നിങ്ങളില്‍ നിന്ന് അകന്നുനിൽക്കാൻ എനിക്ക് കഴിയില്ല. അനശ്വര സ്വർഗത്തിൽ വെച്ച് നമുക്ക് വീണ്ടും കണ്ടുമുട്ടാം. ഞാൻ നിങ്ങളെ അതിരറ്റ് സ്‌നേഹിക്കുന്നു - എന്ന് മക്കളുടെ ഫോട്ടോക്കു താഴെ നാദിർ അയ്യൂശ് ട്വീറ്റ് ചെയ്തു.
അൽമർവ ഡിസ്ട്രിക്ടിലുണ്ടായ അഗ്നിബാധയിൽ ആറു കുട്ടികൾ അടക്കം രണ്ടു കുടുംബങ്ങളിലെ എട്ടു പേരാണ് മരണപ്പെട്ടത്. ഫലസ്തീനി പൗരൻ ഇസ്‌ലാം സുബ്ഹി ദഹ്‌ലാന്റെ ഭാര്യ റഈസ അബ്ദുല്ല അൽഹുലൈമിയും മകൾ ഗാദ ഇസ്‌ലാം ദഹ്‌ലാനും ഇവരുടെ കുടുംബ സുഹൃത്തായ ഫലസ്തീനി പൗരൻ നാദിർ അയ്യൂശിന്റെ ഭാര്യ ബദൂറും മക്കളായ നഗം, താലീൻ, ബസ്‌നത്ത്, കനാൻ, ഹത്താൻ എന്നിവരുമാണ് ഇസ്‌ലാം ദഹ്‌ലാന്റെ ഫ്ളാറ്റിലുണ്ടായ അഗ്നിബാധയിൽ മരണപ്പെട്ടത്. ഉറ്റചങ്ങാതിയെയും കുടുംബത്തെയും സന്ദർശിക്കാൻ നാദിർ അയ്യൂശും കുടുംബവും എത്തിയ സമയത്താണ് എട്ടു പേരുടെ മരണത്തിനിടയാക്കിയ അഗ്നിബാധയുണ്ടായത്.
കുട്ടികൾ തീ കൊണ്ട് കളിച്ചതാണ് അഗ്നിബാധക്ക് കാരണം. ഇസ്‌ലാം ദഹ്‌ലാനും നാദിർ അയ്യൂശും ജോലിയാവശ്യാർഥവും മറ്റും ഫ്ളാറ്റിൽ നിന്ന് പുറത്തുപോയ സമയത്തായിരുന്നു ദുരന്തം. സംഭവ സമയത്ത് ഫ്ളാറ്റിലുണ്ടായിരുന്ന, ഇസ്‌ലാം ദഹ്‌ലാന്റെ ഇളയ മകൻ റശീദ് പരിക്കുകളോടെ രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. മൂത്ത മകൻ ഖാലിദ് അഗ്നിബാധയുണ്ടായ ഫ്ളാറ്റിൽ നിന്ന് ജനൽവഴി പുറത്തുകടന്ന് സെൻട്രൽ എയർ കണ്ടീഷനർ സ്ഥാപിച്ച സിമന്റ് മൂലയിൽ തൂങ്ങിനിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു.