റിയാദ്- ഓഖി ചുഴലിക്കാറ്റ് മൂലം കാണാതായ ഇന്ത്യക്കാർക്കായി സൗദി തീരങ്ങളിൽ കോസ്റ്റ് ഗാർഡ് തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹങ്ങൾ കണ്ടെത്താനായില്ല. തിരച്ചിൽ തുടരുകയാണെന്നും കോസ്റ്റ് ഗാർഡുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും ഇന്ത്യൻ എംബസി വെൽഫയർ കോൺസുൽ അനിൽ നോട്ടിയാൽ അറിയിച്ചു.
നിരവധി ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായ സാഹചര്യത്തിൽ ഗൾഫ് തീരങ്ങളിലും തിരച്ചിൽ നടക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിർദേശ പ്രകാരം എംബസികളും കോൺസുലേറ്റുകളും കോസ്റ്റ് ഗാർഡിൽ നിന്ന് വിവരം ശേഖരിച്ചു വരികയാണ്. ഏതാനും മൃതദേഹങ്ങൾ തീരത്തണഞ്ഞ് കിടക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇന്ത്യയിലുണ്ടായ ഓഖി ചുഴലിക്കാറ്റിൽ കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ സൗദി അറേബ്യൻ തീരത്തണഞ്ഞതാണെന്നായിരുന്നു ഇതോടൊപ്പം പ്രചരിച്ചിരുന്നത്. എന്നാൽ ഇത്തരം മൃതദേഹങ്ങൾ സൗദി തീരത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ല.
സൗദി കടലിൽ മത്സ്യ ബന്ധനത്തിന് പോകുന്ന തൊഴിലാളികളും മൃതദേഹങ്ങൾ കണ്ടതായി കോസ്റ്റ് ഗാർഡിനെ അറിയിച്ചിട്ടില്ല. റിയാദിലെ ഇന്ത്യൻ എംബസി എല്ലാ ദിവസവും കോസ്റ്റ് ഗോർഡുമായി ബന്ധപ്പെട്ട് വിവരം ശേഖരിക്കുന്നുണ്ട്.
ശക്തമായ ഓഖി ചുഴലിക്കാറ്റിൽ ബോട്ടുകൾ ഗൾഫ് തീരത്തേക്ക് വഴിതെറ്റി എത്താനോ മൃതദേഹങ്ങൾ ഒഴുകിവരാനോ സാധ്യതയുണ്ടെന്ന് വിദഗ്ധർ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് ഗൾഫ് തീരങ്ങളിലും തിരച്ചിൽ തുടങ്ങിയത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി കടലിൽ കാണാതായവരെ ക്രിസ്മസിന് മുമ്പ് കരക്കെത്തിക്കുമെന്ന് പറഞ്ഞിരുന്നു.
നിലവിൽ ആഴക്കടലിലും മറ്റും നാവിക സേനയും മത്സ്യബന്ധന കപ്പലുകളും തിരച്ചിൽ നടത്തിവരികയാണ്.