ഇടതുപക്ഷ മുന്നണിയുടെ ചരിത്ര വിജയം പ്രവാസ ലോകം വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രവാസികളുടെ ക്ഷേമവും പുനരധിവാസവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സർക്കാർ രൂപം കൊടുത്ത പല പദ്ധതികളും തുടർഭരണം ഉണ്ടാവുന്നതോടെ സജീവമാവുമെന്ന വിശ്വാസത്തിലാണ് പ്രവാസ സമൂഹം. നിപ, ഓഖി, പ്രളയം, കൊറോണ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ വിടാതെ പിന്തുടർന്നു വന്ന ആപത്തു കാലങ്ങളിലെല്ലാം ജനത്തെ ചേർത്തു പിടിക്കുകയും വിഷമ സന്ധിയിൽ അവരെ പട്ടിണിക്കിടാതിരിക്കുകയും പ്രവാസി ക്ഷേമ കാര്യങ്ങൾക്കു മുൻഗണന നൽകിക്കൊണ്ടുള്ള ഭരണം കാഴ്ചവെച്ചതിനും കേരളത്തിലെ ജനങ്ങൾക്കൊപ്പം പ്രവാസ മനസ്സുകൾ നൽകിയ സമ്മാനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു ലഭിച്ച ഐതിഹാസിക വിജയം എന്നു വിലയിരുത്തപ്പെടുന്നുണ്ട്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സിന്റെ നട്ടെല്ലായ പ്രവാസികൾക്കു നാളിതുവരെ ലഭിക്കാതിരുന്ന പിന്തുണയാണ് പിണറായി വിജയൻ സർക്കാർ നൽകിയത്. പ്രവാസി പെൻഷൻ തുക അഞ്ചു വർഷത്തിനിടയിൽ 500 രൂപയിൽ നിന്നും 3500 രൂപയാക്കി ഉയർത്തിയതാണ് അതിൽ ശ്രദ്ധേയം. പ്രവാസികൾക്ക് സംരക്ഷണ കവചം ഒരുക്കാൻ ഈ സർക്കാർ എടുത്ത തീരുമാനങ്ങളും രൂപം കൊടുത്ത ഒട്ടനവധി പദ്ധതികളും ശക്തമായി മുന്നോട്ടു കൊണ്ടുപോവാൻ ഭരണ തുടർച്ച ഉപകരിക്കുമെന്ന വിശ്വാസം പ്രവാസികൾക്കുണ്ട്. അതുപോലെ മഹാമാരി മൂലം ലോകത്താകമാനം നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച തൊഴിൽ നഷ്ടപ്പെടൽ മൂലം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം ഒരു പ്രധാന പ്രശ്നമാണ്.
കഴിഞ്ഞ ഭരണത്തിൽ സർക്കാർ മുഖ്യ അജണ്ടയായി പ്രവാസി പുനരധിവാസം എടുത്തിട്ടുണ്ടെങ്കിലും അവ ദിശാബോധം നഷ്ടപ്പെടാതെ മുന്നോട്ടു കൊണ്ടുപോകാൻ തുടർഭരണം അവസരം നൽകും. അതിൽ പ്രവാസി ക്ഷേമത്തിനും പുനരധിവസത്തിനും ലക്ഷ്യമിട്ട് നിരവധി പദ്ധതികൾക്ക് രൂപം കൊടുക്കുകയും അവ പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലായിരുന്നു പിണറായി വിജയൻ സർക്കാർ. 2021 ലെ സംസ്ഥാന ബജറ്റ് ഒരു പ്രവാസി സൗഹ്രദ ബാജറ്റ് ആയിരുന്നു. തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഏകോപിത പ്രവാസി തൊഴിൽ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയാറാക്കുമെന്നും മടങ്ങിവരുന്നവർക്ക് നൈപുണ്യ പരിശീലനം നൽകി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതിക്കു വേണ്ടി 100 കോടി രൂപ വകയിരുത്തുമെന്നും സമാശ്വാസ പ്രവർത്തനങ്ങൾക്ക് 30 കോടിയും പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപയും അനുവദിക്കുമെന്നും പ്രഖ്യാപിച്ചു.
കോവിഡ് അനന്തര കാലത്ത് പ്രവാസി ചിട്ടി ഊർജിതപ്പെടുത്തുമെന്ന തീരുമാനവും ഉണ്ടായി. ഈ ഭരണ തുടർച്ച പ്രവാസികളെ സംബന്ധിക്കുന്ന ഇത്തരം ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചുള്ള സർക്കാർ തീരുമാനങ്ങൾക്ക് വേഗം കൂട്ടുമെന്ന് പ്രവാസ ലോകം കരുതുന്നു.
പ്രവാസി പുനരധിവാസത്തിന്റെ ഏറ്റവും ഉദാത്തമായ ഒരു മാതൃകയായി എടുത്തു പറയപ്പെട്ട മടങ്ങിവരുന്ന പ്രവാസികളുടെ സംരംഭങ്ങൾക്ക് ധന സഹായം നൽകുന്ന എൻ.ഡി.പി.ആർ.ഇ.എം പദ്ധതികൾ പോലുള്ള പദ്ധതികളെ പ്രതീക്ഷയോടെയാണ് പ്രവാസ ലോകം കാണുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രവാസികളോടുള്ള അവഗണനാ മനോഭാവം പ്രവാസി സമൂഹത്തെ വലിയ നിരാശയിലാക്കിയിരിക്കുന്ന അവസരത്തിൽ പ്രവാസി അനുകൂല നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിലെത്തിയത് പ്രവാസികൾക്ക് പ്രത്യാശ നൽകുന്നു.
വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് കേരള മണ്ണിൽ ഇടമില്ല എന്നു വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ്ഫലം ബഹുഭൂരിപക്ഷം പ്രവാസികൾക്കും പ്രതീക്ഷ നൽകുന്നു.