ദുബായ്- ഇന്ത്യയില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ മലയാളി ബിസിനസ് പ്രമുഖന്‍ കുടംബസമേതം കൊച്ചിയില്‍നിന്ന് ദുബായിലെത്താന്‍ ചെലവഴിച്ചത് 89 ലക്ഷം രൂപ.
ഷാര്‍ജ ആസ്ഥാനമായ അല്‍ റാസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ പി.ഡി.ശ്യാമളനാണ് പുതുതായി വിവാഹിതയായ മകളും ഭര്‍ത്താവും ഉള്‍പ്പെടെയുള്ള കുടുംബത്തോടൊപ്പം സ്വകാര്യ ജെറ്റില്‍ ദുബായിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
വിമാനത്തിലുണ്ടായിരുന്ന 13 യാത്രക്കാരില്‍ ശ്യാമളന്റെ കമ്പനിയിലെ നാല് ജീവനക്കാരും ഉള്‍പ്പെടുന്നു.
നാലു പതിറ്റാണ്ടിലേറെയായി യു.എ.ഇയിലുള്ള ശ്യാമളന്‍ മകളായ അഞ്ജു ശ്യാമിന്റെ വിവാഹത്തിനായി കുടുംബാംഗങ്ങളോടൊപ്പം മാര്‍ച്ച് 15-നാണ് കേരളത്തിലെത്തിയത്. ഫ്രാന്‍സില്‍ പ്രവാസിയായ ശിവ പ്രസാദുമായി കഴിഞ്ഞ മാസം 25 നായിരുന്നു അഞ്ജുവിന്റെ വിവാഹം. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഏപ്രില്‍ 24 നാണ് യു.എ.ഇ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.
ശ്യാമളന് ഗോള്‍ഡന്‍ റെസിഡന്‍സി വിസയില്ലാതിരുന്നിട്ടും ബിസിനസുകാര്‍ക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ യു.എ.ഇ അധികൃതര്‍ നല്‍കിയ അനുമതിയാണ് അദ്ദേഹത്തിന് യു.എ.ഇയില്‍ തിരിച്ചെത്തുന്നതിന് സ്വകാര്യ ജെറ്റ് ഏര്‍പ്പെടുത്താന്‍ സഹായകമായത്.
ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് അനിശ്ചിതമായി നീട്ടിയിരിക്കെ, നാട്ടില്‍ കുടുങ്ങിയ മറ്റു വ്യവസായ പ്രമുഖരും സ്വകാര്യ ജെറ്റുകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ്.