ആലപ്പുഴ- കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട കോവിഡ് രോഗിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ വാളന്റിയര്‍മാര്‍ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച് മാതൃകയായി. 97 രോഗികളുമായി പുന്നപ്ര വടക്ക് പഞ്ചായത്തിലെ സഹകരണ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലില്‍ പ്രര്‍ത്തിക്കുന്ന കോവിഡ് ഡൊമസ്റ്റിക് കെയര്‍ സെന്ററില്‍ വെള്ളിയാഴ്ച രാവിലെ 8.15 ഓടെയാണ് വാളന്റിയര്‍മാരായ അശ്വിന്‍ കുഞ്ഞുമോന്‍ രേഖ പി മോള്‍ എന്നിവര്‍ ശുചീകരണത്തിനായി എത്തിയത്. പി പി ഇ കിറ്റ് ധരിച്ച ഇരുവരും ചേര്‍ന്ന് താഴത്തെ നിലയില്‍ രോഗികള്‍ക്ക് പ്രഭാത ഭക്ഷണം വിളമ്പി നല്‍കുന്നതിനിടെ, മൂന്നാം നിലയില്‍ കഴിയുന്ന അമ്പലപ്പുഴ കരൂര്‍ സ്വദേശിയായ യുവാവ് അവശനിലയിലാണന്ന് മറ്റൊരു രോഗി അവരെ അറിയിച്ചത്. ഉടന്‍കോവണി കയറി മൂന്നാം നിലയിലെത്തിയ അശ്വിനും രേഖയും യുവാവിനെ താങ്ങിയെടുത്ത് താഴെ എത്തിച്ച് ടേബിളില്‍ കിടത്തി.ശാസമെടുക്കാന്‍ ഏറെ പ്രയാസപ്പെടുകയും കണ്ണ് പുറത്തേക്കു തള്ളി വരുകയും ചെയ്ത യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും എത്തിച്ചേരാന്‍ പത്ത് മിനിട്ട് എടുക്കുമെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ബൈക്കില്‍ 50 മീറ്ററിനുള്ളിലുള്ള സാഗര സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇവിടെ പ്രാഥമിക ചികിത്സ ലഭ്യമാക്കിയതോടെ അപകടനില തരണം ചെയ്ത രോഗിയെ പിന്നീട് ഓക്‌സിജന്‍ സംവിധാനമുള്ള ആംബുലന്‍സ് വരുത്തി ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.പ്രത്യക്ഷത്തില്‍ രോഗ ലക്ഷണമില്ലാത്തവരും വീടുകളില്‍ അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യമില്ലാത്തവരുമായ കോവിഡ് രോഗികള്‍ക്ക്, താമസ സൗകര്യവും യഥാസമയം ഭക്ഷണവും ലഭ്യമാക്കുന്നതിനായി ഏപ്രില്‍ 30നാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡൊമസ്റ്റിക് കെയര്‍ സെന്റര്‍ ആരംഭിച്ചത്.
രോഗിയെ ബൈക്കിലിരുത്തിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം അന്വേഷിക്കാന്‍ ഡിഎംഒയ്ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആംബുലന്‍സ് എത്തുന്നതിന് തൊട്ടുമുന്‍പ് സന്നദ്ധപ്രവര്‍ത്തകര്‍ രോഗിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് കലക്ടര്‍ പ്രതികരിച്ചത്. റോഡിലൂടെ ബൈക്കിലിരുത്തി കൊറോണ രോഗിയെ കൊണ്ടുപോകാന്‍ പാടില്ലായിരുന്നുവെന്ന് കലക്ടര്‍ പറഞ്ഞു.