Sorry, you need to enable JavaScript to visit this website.

കാര്‍ഗില്‍ മഞ്ഞുമല അപകടത്തില്‍ മരിച്ച സൈനികനു നാടിന്‍റെ യാത്രാമൊഴി

സൈനികന്‍ ഷിജിക്കു മകന്‍ അഭിനവ് അന്ത്യോപചാരം അര്‍പ്പിക്കുന്നു.
സൈനികന്‍ ഷിജിക്കു ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല അന്ത്യോപചാരം അര്‍പ്പിക്കുന്നു.

കല്‍പറ്റ-ജമ്മു-കശ്മീരിലെ കാര്‍ഗിലില്‍ മഞ്ഞിടിച്ചിലില്‍ മരിച്ച വയനാട് പൊഴുതന സ്വദേശി നായിക് സുബൈദര്‍ സി.പി. ഷിജിക്കു(45) നാടിന്റെ യാത്രാമൊഴി. കാര്‍ഗിലില്‍നിന്നു വ്യാഴാഴ്ച രാത്രി നാട്ടിലെത്തിച്ച മൃതദേഹം  സൈനിക ബഹുമതികളോടെ ഇന്നു രാവിലെ പത്തിനു കറുവന്തോട് പണിക്കശേരി തറവാട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

https://www.malayalamnewsdaily.com/sites/default/files/2021/05/07/wyd-07deathsiji1.jpg

ഷിജി

പൊഴുതന രാഷ ഓഡിറ്റോറിയത്തില്‍ രാവിലെ ആറു മുതല്‍ ഒമ്പതു വരെ പൊതുദര്‍ശനത്തിനു വച്ചശേഷമാണ് മൃതദേഹം സംസ്‌കാരത്തിനു എടുത്തത്. അര മണിക്കൂര്‍ നീണ്ട സൈനിക ചടങ്ങുകള്‍ക്കൊടുവിലാണ് സമുദായ ആചാരപ്രകാരം മൃതദേഹം ദഹിപ്പിച്ചത്. വ്യാഴാഴ്ച രാത്രി പത്തരയോടെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച  മൃതദേഹം ജില്ലാ ഭരണകൂടത്തെ പ്രതിനിധാനം ചെയ്തു വൈത്തിരി തഹസില്‍ദാര്‍ എം.ഇ.എന്‍.നീലകണ്ഠന്റെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങി സ്വദേശത്തേക്കു കൊണ്ടുവന്നത്. നിയുക്ത കല്‍പറ്റ എം.എല്‍.എ ടി.സിദ്ദിഖ് മൃതദേഹത്തെ അനുഗമിച്ചു.

https://www.malayalamnewsdaily.com/sites/default/files/2021/05/07/wyd-07adeela.jpg

സൈനികന്‍ ഷിജിക്കു ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല അന്ത്യോപചാരം അര്‍പ്പിക്കുന്നു.
പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍  സര്‍ക്കാരിനുവേണ്ടി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല  റീത്ത് സമര്‍പ്പിച്ചു. സൈനികന്റെ വീട്ടിലെത്തിയ കലക്ടര്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെംബര്‍ എന്‍.സി. പ്രസാദ്, സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം.ജോസ് തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ സൈനികനു അന്ത്യോപചാരമര്‍പ്പിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പൊതുദര്‍ശനം. രാഹുല്‍ഗാന്ധി എം.പിയുടെ അനുശോചന സന്ദേശം ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ ഷിജിയുടെ കുടുംബത്തിനു കൈമാറി.


പൊഴുതന വില്ലേജിലെ കറുവന്തോട് പണിക്കശേരി വീട്ടില്‍ പരേതനായ ചന്ദ്രന്റെയും ശോഭനയുടെയും മകനാണ് ഷിജി. 28 മദ്രാസ് റജിമെന്റിലായിരുന്നു ജോലി. പഞ്ചാബില്‍ സേവനം ചെയ്തിരുന്ന അദ്ദേഹം സ്ഥാനക്കയറ്റത്തെത്തുടര്‍ന്നാണ് കശ്മീരില്‍ എത്തിയത്. ഒരു വര്‍ഷംമുമ്പ് നാട്ടില്‍ വന്നിരുന്നു. ഭാര്യ:സരിത. കല്‍പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ  എട്ടാംക്ലാസ് വിദ്യാര്‍ഥി അഭിനവ് (13), അമയ (ഒന്നര) എന്നിവര്‍ മക്കളാണ്.സഹോദരങ്ങള്‍: ഷൈജു, സിനി

Latest News