ബത്തേരി-കോട്ടക്കുന്നിനു സമീപം കാരക്കണ്ടിയില്‍ ആള്‍ത്താമസമില്ലാത്ത വീടിനോടു ചേര്‍ന്നുള്ള ഷെഡ്ഡില്‍ ഏപ്രില്‍ 22നു ഉച്ചയ്ക്കുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു. കാരക്കണ്ടി ചപ്പങ്ങല്‍ ജലീലിന്റെ മകന്‍ ഫെബിന്‍ ഫിറോസാണ് (14) ഇന്നു പുലര്‍ച്ചെ മരിച്ചത്.
സ്‌ഫോടനത്തില്‍ പരിക്കേറ്റ ബത്തേരി കോട്ടക്കുന്ന് രമേശ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി സുന്ദരവേല്‍ മുരുകന്റെ മകന്‍ മുരളി (16), പാലക്കാട് മാങ്കുറിശി കുണ്ടുപറമ്പില്‍ ലത്തീഫിന്റെ മകന്‍ അജ്മല്‍(14) എന്നിവര്‍ ഏപ്രില്‍ 26നു മരിച്ചിരുന്നു. ഫെബിന്റെ പിതൃസഹോദരീപുത്രിയുടെ മകനാണ് അജ്മല്‍.
സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അന്വേഷണം തുടരുകയാണ്. പൊട്ടിത്തെറിച്ചതു വെടിമരുന്നാണെന്നാണ് ഷെഡ്ഡില്‍ പരിശോധന നടത്തിയ വിദഗ്ധരുടെ പ്രാഥമിക നിഗമനം. കളികഴിഞ്ഞു മടങ്ങുന്നതിനിടെ ഷെഡ്ഡില്‍ കയറിയപ്പോള്‍ നിലത്തുകണ്ട കറുത്ത പൊടി എന്താണെന്നു നോക്കുന്നതിനു തീപ്പെട്ടി ഉരച്ചപ്പോഴാണ് സ്‌ഫോടനം നടന്നതെന്നാണ് കുട്ടികളില്‍ ഒരാളും മൊഴി നല്‍കിയത്. ഷെഡ്ഡില്‍ സ്‌ഫോടകവസ്തു എങ്ങനെ എത്തിയെന്നു പോലീസിനു സ്ഥിരീകരിക്കാനായില്ല. മുമ്പ് വീട് വാടകയക്കെടുത്ത വ്യാപാരി ഷെഡ്ഡില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നു. രണ്ടു വര്‍ഷം മുമ്പ് വീടൊഴിഞ്ഞപ്പോള്‍ ഷെഡ്ഡിലുണ്ടായിരുന്ന മുഴുവന്‍ പടക്കങ്ങളും നീക്കം ചെയ്തുവെന്നാണ് അദ്ദേഹം പറയുന്നത്. സ്‌ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നു കുട്ടികളും വെപ്രാളത്തില്‍ അടുത്തുള്ള കുളത്തില്‍ ചാടിയിരുന്നു. നാട്ടുകാരാണ് ഇവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെനിന്നു കോഴിക്കോടിനു റഫര്‍ ചെയ്യുകയായിരുന്നു. ബത്തേരി അസംപ്ഷന്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഫെബിന്‍. മാതാവ്: സുല്‍ഫിത്ത്. സഹോദരങ്ങള്‍: ഫസീദ ബാനു, ഫയാന്‍ ഫര്‍ഗാന്‍.