Sorry, you need to enable JavaScript to visit this website.

പരസ്പരം കൈകോർത്ത് ആശ്വാസ കിരണങ്ങളാവുക

ഭരണകൂടങ്ങളേക്കാൾ ഉപരി പ്രവാസികൾക്ക് എന്നും തുണയാവാറുള്ളത് പ്രവാസികൾ തന്നെയാണ്. ജോലി ഇല്ലാതെ വിഷമിക്കുമ്പോഴായാലും സാമ്പത്തിക ക്ലേശത്താൽ പ്രയാസം അനുഭവിക്കുമ്പോഴായാലും രോഗത്താൽ വലയുമ്പോഴായാലും വേർപാടിന്റെ വേളയിൽ ബന്ധുക്കൾക്ക് തുണയാകുന്ന കാര്യത്തിലായാലും മറ്റു സമൂഹങ്ങൾക്ക് മാതൃകയാകുന്ന പ്രവർത്തനമാണ് പ്രവാസി സമൂഹം എക്കാലവും കാണിച്ചിട്ടുള്ളത്. കോവിഡിന്റെ ആദ്യ ഘട്ടത്തിൽ കൈമെയ് മറന്ന് സ്വന്തം ശരീരത്തെ മറന്നു പോലും സേവന നിരതരായ സമൂഹമാണ് പ്രവാസികളുടേത്.

 

വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ ഏറെ ക്ലേശങ്ങളും പ്രയാസങ്ങളും നേരിട്ട നിമിഷങ്ങളായിരുന്നു കോവിഡിന്റെ ആദ്യ ഘട്ടം. അപ്പോഴും പരസ്പര സഹായത്തിലും അതോടൊപ്പം നാടിന്റെ പ്രയാസ ദൂരീകരണത്തിലും പങ്കാളികളാവാൻ പ്രവാസികൾക്കായിരുന്നു. അതിൽനിന്ന് മെല്ലെ മോചനം നേടി കാര്യങ്ങളെല്ലാം പഴയ നിലയിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലിരിക്കുമ്പാഴാണ് കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായിട്ടുള്ളത്. ഇതിന്റെ ആഘാതവും പഴയതുപോലെ ഏറെ അനുഭവിക്കുന്നത് പ്രവാസികളാണ്. അവർ നിലനിൽക്കുന്ന രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ ഭരണകർത്താക്കളുടെ അതിശക്തമായ ഇടപെടലിനെത്തുടർന്ന് കോവിഡിനെ ഒരു പരിധി വരെ പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നതിനാൽ കോവിഡ് ഭീതിയുടെ ആഴം കുറഞ്ഞത് അവർക്ക് ആശ്വാസമേകുന്നതാണെങ്കിലും ബഹുഭൂരിഭാഗം പ്രവാസികളുടേയും കുടുംബങ്ങൾ നാട്ടിലായതിനാൽ നാട് ഇന്ന് നേരിടുന്ന പ്രയാസത്തിന്റെ വേവലാതിയിലാണ് ഓരോ പ്രവാസിയും. അതോടൊപ്പം നാട്ടിലേക്കു പോകാൻ കഴിയാത്തതും നാട്ടിൽ കുടുങ്ങിയവർക്ക് മടങ്ങി വരാൻ കഴിയാത്തതുമെല്ലാം കൂടിയാവുമ്പോൾ പ്രവാസ ലോകം ഒരു കാലത്തും അനുഭവിക്കാത്ത വിധത്തിലുള്ള പ്രയാസങ്ങൾക്കു നടുവിലൂടെയാണ് കടന്നു പോകുന്നത്. അതിനിടെ കടന്നു വരുന്ന ഉറ്റവരുടെ വേർപാടിന്റെ വാർത്തകൾ കൂടിയാവുമ്പോൾ പ്രവാസികളുടെ മനസ്സിന്റെ ഉള്ളറകളിൽ നീറ്റലാണ്. ഇവിടെ ജോലി ചെയ്യുന്ന പ്രവാസികളിൽ മാത്രമല്ല, അവരുടെ കൂടെയുള്ള കുടുംബങ്ങളിലും കുഞ്ഞു മക്കളിൽ പോലും അതു പ്രകടമാണ്. കാരണം സ്‌കൂളുകൾക്ക് അവധിക്കാലമായിട്ടും നാട്ടിൽ പോകാൻ കഴിയാത്തതാണ് കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും ഏറെ വിഷമിപ്പിക്കുന്നത്.

ഹയർ ക്ലാസിൽ പഠിക്കുന്നവർക്കാകട്ടെ, പരീക്ഷ നടക്കുമോ ഇല്ലയോ എന്നറിയാതെയുള്ള ആശങ്ക വേറെ. കഴിഞ്ഞ അവധിക്കാലം പലരും നാട്ടിൽ പോകാതെ പിടിച്ചുനിന്നു. ഒരു അധ്യയന വർഷം മുഴുവൻ സ്‌കൂളിലെത്താൻ കഴിയാതെ, സൗഹൃദങ്ങൾ പുതുക്കാൻ കഴിയാതെ വീടിന്റെ അകത്തളങ്ങളിലിരുന്നു തന്നെ മിനി സ്‌ക്രീനുകളെ മാത്രം ആശ്രയിച്ചു പഠനം തുടർന്നു. അതിൽനിന്നു മോചനം പ്രതീക്ഷിച്ചു കഴിയുമ്പോഴാണ് ഓരിടത്തേക്കും സഞ്ചരിക്കാനാവാതെ യാത്രാ തടസ്സങ്ങളുണ്ടായിട്ടുള്ളത്. ഇതിനിടെ ജോലി നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെയും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരുടെ ദുരിതങ്ങൾ പറഞ്ഞറിയിക്കനാവാത്തതാണ്. വ്യാപാര രംഗത്തു പ്രവർത്തിക്കുന്നവരിൽ നല്ല പങ്കിനും നഷ്ടങ്ങളുടെ കഥകളെ പറയാനുള്ളൂ. അങ്ങനെ എല്ലാ രീതിയിലും പ്രയസങ്ങളുടെ നടുക്കയത്തിലാണ് പ്രവാസ ലോകം. ആശങ്ക വിട്ടകന്നിട്ടില്ലെങ്കിലും കോവിഡിന്റെ തീവ്രത നേരിയ തോതിൽ കുറഞ്ഞതും സാമ്പത്തിക രംഗം മെല്ലെ ഉണരാൻ തുടങ്ങിയതും ഗൾഫ് മേഖലയിലുള്ളവർക്ക് ചെറിയ ആശ്വാസം പകരുന്നുണ്ടെങ്കിലും ഉറ്റവരും ഉടയവരും കഴിയുന്ന നാടിന്റെ അവസ്ഥയിൽ അതും നിഷ്പ്രഭമവുകായാണ്. 


അവധിക്കു നാട്ടിൽ പോയി യു.എ.ഇയിലേക്കടക്കം സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് നേരിട്ട് മടങ്ങി വരാൻ കഴിയാത്തതിനാൽ വിവിധ രാജ്യങ്ങളിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവർ യാത്രാ സൗകര്യങ്ങൾ ഏതാണ്ട് പൂർണമായും നിലച്ചതോടെ നേരിടുന്ന പ്രയാസങ്ങൾ കടുത്തതാണ്. ഇതിൽ ചിലർക്ക് ഇടത്താവളത്തിലെത്തിയ ശേഷം കോവിഡ് പിടിപെട്ടതും കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കി. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യക്കാർക്ക് ഒട്ടുമിക്ക രാജ്യങ്ങളും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. യു.എ.ഇ, ഒമാൻ, മാലി തുടങ്ങിയ രാജ്യങ്ങൾ വഴിയുള്ള യാത്ര നിലച്ചതോടെ അധികപേരും നേപ്പാൾ വഴിയുള്ള യാത്രയാണ് തെരഞ്ഞെടുത്തത്. അതും ഏതാണ്ട് നിലച്ച മട്ടാണ്. നടപടിക്രമങ്ങൾ നേപ്പാൾ അധികൃതർ കൂടുതൽ സങ്കീർണമാക്കുകയും ചെയ്തതോടെ പലരുടേയും കണക്കുകൂട്ടലുകൾ പിഴച്ച് നിശ്ചിത സ്ഥാനത്ത് എത്തിപ്പെടാനോ നാട്ടിലേക്കു മടങ്ങാനോ കഴിയാതെ പ്രയാസത്തിലാണ്. ആയിരക്കണക്കിനു പേർ ഇങ്ങനെ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. അവിടെ എത്തിപ്പെട്ട് കുടുങ്ങിയവരുടെ കാര്യത്തിലെങ്കിലും അധികൃതർ എന്തെങ്കിലും ചെയ്തില്ലെങ്കിൽ പലരുടേയും ജീവൻ തന്നെ അവതാളത്തിലാവും. കാരണം അവിടെയും കോവിഡ് വ്യാപനം കൂടുകയാണ്. അതിന്റെ പേരിൽ തന്നെയാണ് നേപ്പാൾ അധികൃതർ നിയന്ത്രണം കടുപ്പിച്ചിട്ടുള്ളതും. ഇങ്ങനെ കുടുങ്ങിക്കിടക്കുന്നവരെ അവരുടെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കുവാനോ, അതല്ലെങ്കിൽ തിരിച്ച് അവരുടെ നാടുകളിലേക്കു പോകുന്നതിനോ സഹായകമായ നടപടികൾ എത്രയും വേഗം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാവണം. 


ഉദാരതയുടെ മാസമായ പരിശുദ്ധ റമദാനിലൂടെയാണ് ലോകം കടുന്നു പോകുന്നത്. പ്രയാസമനുഭവിക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണമായാലും എത്തിച്ചു നൽകിയാലുള്ള പുണ്യം പതിൻമടങ്ങാണ്. നാട്ടിലെ പല കാരുണ്യ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും നടന്നു പോകുന്നത് പ്രവാസികളുടെ സഹായത്താലാണ്. ഇത്തരം സ്ഥാപനങ്ങളുടെ നിലനിൽപു തന്നെ പ്രവാസികളെ ആശ്രയിച്ചാണ്. എല്ലാ റമദാനിലും ലക്ഷക്കണക്കിനു രൂപയുടെ സഹായമാണ് പ്രവാസ ലോകത്തുനിന്നും നാട്ടിൽ എത്താറുള്ളത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ റമദാനിലും ഈ റമദാനിലും ഇതിൽ കുറവുണ്ടായിട്ടുണ്ടെന്നത് വസ്തുതയാണ്. കാരണം കൈയയച്ചു സഹായിച്ചിരുന്നവരിൽ പലരും പ്രയാസത്തിലാണ്. എങ്കിലും മറ്റുള്ളവരുടെ പ്രയാസങ്ങൾ എളുപ്പം മനസ്സിലാക്കാനും സഹായിക്കാനുള്ള മനസ്സ് കാണിക്കുന്നതിലും പ്രവാസികൾ തന്നെയാണ് മുന്നിൽ. ഇക്കുറി ഇത്തരം സഹായങ്ങൾ നൽകുമ്പോൾ സംഘടനകളായാലും വ്യക്തികളായാലും പലവിധ കാരണങ്ങളാൽ പ്രയാസം അനുഭവിക്കുന്ന, എന്നാൽ പുറത്തൊരാളോടും പറയാൻ കഴിയാതെ വിഷമിച്ചു കഴിയുന്ന പ്രവാസികൾക്കു തന്നെയാവണം മുൻഗണന.

 

അവരുടെ പ്രയാസങ്ങൾ പ്രവാസികളേക്കാൾ മറ്റൊരാൾക്കും മനസ്സിലാക്കാൻ കഴിയില്ലെന്നതിനാൽ സഹായങ്ങളുടെ കാര്യത്തിൽ മുന്തിയ പരിഗണന ഇത്തരം ആളുകൾക്ക് കൊടുക്കണം. പ്രവാസ ലോകത്തും നാട്ടിലും ഇതുപോലുള്ള കുടുംബങ്ങൾ നിരവധിയാണ്. മക്കളുടെ ഫീസ് അടയ്ക്കാൻ കഴിയാതെയും വാടക കൊടുക്കാൻ കഴിയാതെയും നാട്ടിൽ പോകാൻ കഴിയാതെയും വിഷമിക്കുന്ന നൂറുകണക്കിനു കുടുംബങ്ങൾ നമ്മൾക്കിടയിൽ തന്നെയുണ്ട്. സഹായിക്കാൻ കഴിയുന്നവരുടെ ആദ്യ പരിഗണന അവർക്കായിരിക്കണം. ജാതി, മത, വർണ, വർഗ വ്യത്യാസമില്ലാതെ പരസ്പരം സഹായിച്ചും സഹകരിച്ചും ഈ മഹാമാരിയുടെ കെടുതികളെ അതിജീവിച്ചു മുന്നോട്ടു പോകാൻ കൂട്ടായുള്ള പരിശ്രമങ്ങൾ കൊണ്ട് നമുക്കാവുമെന്നതിൽ സംശയമില്ല. 

Latest News