തിരുവനന്തപുരം- ബംഗാളിൽ നടക്കുന്ന അക്രമണം റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഏഷ്യാനെറ്റിലേക്ക് വിളിച്ച ബി.ജെ.പി പ്രവർത്തകയോട് ചാനൽ പ്രവർത്തക നൽകിയ മറുപടിയെ ചൊല്ലി വിവാദം. ബംഗാളിൽ നടക്കുന്ന അക്രമണം ഏഷ്യാനെറ്റ് വാർത്തയാക്കുന്നില്ലെന്ന് ആരോപിച്ചാണ് കൊല്ലത്തുനിന്നുള്ള ബി.ജെ.പി പ്രവർത്തക വിളിച്ചത്. എന്നാൽ, ബംഗാളിലെ ആക്രമണം കൊടുക്കാൻ സൗകര്യമില്ലെന്നായിരുന്നു ഏഷ്യാനെറ്റിലെ മുതിർന്ന മാധ്യമപ്രവർത്തക പി.ആർ പ്രവീണ പ്രതികരിച്ചത്. വാർത്ത മനപൂർവ്വം കൊടുക്കാത്തതാണെന്നും കോവിഡ് മൂലം ചുറ്റിലും ആളുകൾ മരിച്ചുവീഴുന്നതിനാൽ ബംഗാളിൽ വല്ലവനും അടികൊള്ളുന്നത് കൊടുക്കില്ലെന്നുമായിരുന്നു മറുപടി. ബംഗാളികൾ ഇന്ത്യക്കാരല്ലേ എന്ന ചോദ്യത്തിന് അല്ല, അവർ പാക്കിസ്ഥാനിലെയാണെന്നും നിങ്ങൾക്ക് വേണമെങ്കിൽ കണ്ടാൽ മതിയെന്നുമായിരുന്നു മറുപടി. ഇതുമായി ബന്ധപ്പെട്ട ഓഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി പ്രവീണ തന്നെ രംഗത്തെത്തി.
പ്രവീണയുടെ വാക്കുകൾ:
ബംഗാളിലെ അക്രമങ്ങൾ പ്രാധാന്യത്തോടെ കൊടുക്കുന്നില്ല എന്നാരോപിച്ച് നിരവധി ഫോൺ കോളുകൾ എന്റെ സ്ഥാപനമായ ഏഷ്യാനെറ് ന്യൂസിന്റ് ഓഫീസിലേക്ക് വരുന്നുണ്ട്. കൊവിഡ് ഗുരുതരാവസ്ഥ റിപ്പോർട്ടിംഗിനിടെ തുടരെത്തുടരെ ഇത്തരം വിളികൾക്ക് മറുപടി പറയേണ്ടി വന്നപ്പോൾ നിയന്ത്രണം വിട്ട് പ്രതികരിച്ചു പോയിട്ടുണ്ട്. ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല. അതിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും പ്രവീണ വ്യക്തമാക്കി.
സംഭവത്തിൽ പ്രതികരണവുമായി ഏഷ്യാനെറ്റും രംഗത്തെത്തി. തെറ്റുപറ്റിയെന്നും മാധ്യമപ്രവർത്തകയുടേത് അപക്വമായ പ്രതികരണമാണെന്നും ഏഷ്യാനെറ്റ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് എഡിറ്ററുടെ വാക്കുകൾ:
ഇക്കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിൽ നടന്ന അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് ടെലിഫോണിൽ വിളിച്ച വ്യക്തിയോട് സംസാരിച്ച ഞങ്ങളുടെ സഹപ്രവർത്തകയുടെ പ്രതികരണത്തിൽ അനാവശ്യവും അപക്വവും ആയ പരാമർശങ്ങൾ കടന്നു കൂടിയതിൽ ഞങ്ങൾ ഖേദിക്കുന്നു. തെറ്റ് പറ്റിയ വ്യക്തിക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രേക്ഷകരോടുള്ള പെരുമാറ്റത്തിൽ ഇത്തരം വീഴ്ചകൾ വരുത്തുന്നതിനോട് ഒട്ടും വിട്ടുവീഴ്ച പുലർത്താത്ത ഞങ്ങളുടെ സ്ഥാപനത്തിൽ നിന്ന്, ഒരു കാരണവശാലും ഇത് ആവർത്തിക്കില്ലെന്ന്, ഞങ്ങൾക്ക് ഒപ്പം എന്നും നിന്നിട്ടുള്ള പ്രിയ പ്രേക്ഷക സമൂഹത്തിന് ഉറപ്പ് നൽകുന്നു. അതേസമയം, പ്രവീണക്ക് എതിരെ സംഘ് പരിവാർ കേന്ദ്രങ്ങൾ വ്യാപകമായ രീതിയിൽ പ്രചാരണം നടത്തുന്നുണ്ട്.