Sorry, you need to enable JavaScript to visit this website.

പരാജയത്തിനു പിന്നാലെ ജോസഫ്  ഗ്രൂപ്പിനെതിരെ കോൺഗ്രസിൽ പടയൊരുക്കം

കോട്ടയം - തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ജോസഫ് ഗ്രൂപ്പിനെതിരെ കോൺഗ്രസിൽ പടയൊരുക്കം. ജോസഫ് ഗ്രൂപ്പ് ദുർബലമാണെന്നറിഞ്ഞിട്ടും അനർഹമായ പ്രാധാന്യം നൽകി കൂടെ നിർത്തിയതും, സീറ്റു നൽകിയതും കോൺഗ്രസിനുള്ളിൽ തന്നെ വിമർശനത്തിനിടയാക്കി. ചുവരെഴുത്ത് വായിക്കാതെ ഏകപക്ഷീയമായി എടുത്ത നടപടികളിലൂടെ ജോസ് വിഭാഗത്തെ മുന്നണിക്കു പുറത്തേക്കുള്ള വഴി തുറന്നുകൊടുത്ത കോൺഗ്രസ് സീനിയർ നേതാക്കൾക്കെതിരെയാണ് അമർഷം പുകയുന്നത്. യു.ഡി.എഫിലെ രണ്ടാമത്തെ പ്രബല കക്ഷിയെ അടർത്തിമാറ്റാൻ ഏറെ നാളായി കരുക്കൾ നീക്കിയ സി.പി.എം അത് ഫലപ്രദമായി വിനിയോഗിച്ചുവെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ജില്ലയിൽ മൂന്നു സീറ്റ് നേടി പ്രബല കക്ഷിയായി കേരള കോൺഗ്രസ് എം മാറി. 


സി.പി.എം ജില്ലാ നേതൃത്വത്തെ സമർഥമായ നീക്കത്തെ പ്രതിരോധിക്കാനും പ്രത്യാഘാതം മനസ്സിലാക്കാനും കഴിയാതെ ചില സീനിയർ നേതാക്കളുടെ ശാഠ്യത്തിനു വഴങ്ങിയതാണ് ജില്ലയിലെ കോൺഗ്രസ് പതനത്തിനു കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.
കോട്ടയത്ത് അഞ്ചു സീറ്റിൽ മത്സരിച്ച കോൺഗ്രസിന് രണ്ടു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ജോസഫ് ഗ്രൂപ്പിന് ആകെ ലഭിച്ചത് കടുത്തുരുത്തി മാത്രമാണ്. മാണി സി. കാപ്പന്റെ വിജയം മാത്രമാണ് യു.ഡി.എഫിന് കോട്ടയത്ത് അഭിമാനിക്കാനുള്ളത്. അതാകട്ടെ കോൺഗ്രസിന്റെ ക്രെഡിറ്റായി കാണാനുമാവില്ല. കാപ്പൻ വ്യക്തിപരമായി പിടിച്ച വോട്ടുകളും ബി.ജെ.പി, ഇടതു വോട്ടുകളും കൂടി ചേർന്നതാണ്.


യു.ഡി.എഫ് നാലു സീറ്റുകളിൽ വിജയിച്ചുവെങ്കിലും ഉമ്മൻ ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും മോൻസ് ജോസഫിന്റെയും ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായി. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി 2016 ൽ സ്വന്തമാക്കിയ 27,092 വോട്ടിന്റെ ഭൂരിപക്ഷം 8504 ലേക്ക് കുറഞ്ഞു. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഭൂരിപക്ഷം 33,632 ൽ നിന്ന് 17,815 ആയും താഴ്ന്നു. കടുത്തുരുത്തിയിൽ പി.ജെ. ജോസഫ് വിഭാഗത്തിന്റെ മോൻസ് ജോസഫിനാകട്ടെ  42,256 ന്റെ ഭൂരിപക്ഷം 3692 ആയി കുറഞ്ഞു. ഏറ്റുമാനൂരിൽ ലതികാ സുഭാഷിന് സ്ഥാനാർഥിത്വം നിഷേധിച്ചത് വലിയ തിരിച്ചടിയായി. ലതിക സുഭാഷ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത് യു.ഡി.എഫ്. വോട്ടുകൾ ഭിന്നിക്കാൻ കാരണമായി. കോൺഗ്രസ് സ്ഥാനാർഥി മത്സരിച്ചിരുന്നെങ്കിൽ ഏറ്റുമാനൂരിൽ വിജയം ഉറപ്പായിരുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്. പക്ഷേ അവിടെ മത്സരിച്ചത് ജോസഫ് ഗ്രൂപ്പാണ്.


ഏറ്റുമാനൂർ, ചങ്ങനാശ്ശേരി സീറ്റുകൾ കേരളാ കോൺഗ്രസിനെക്കാൾ കോൺഗ്രസിന് ആധിപത്യം ഉള്ളതാണെന്ന് മുന്നണിക്ക് തന്നെ ബോധ്യമായിട്ടും അത് മറന്നതാണ് പതനത്തിനു കാരണമെന്നാണ് പ്രധാന ആരോപണം. പ്രത്യേകിച്ചും ജോസഫ് ഗ്രൂപ്പിനെ ആശ്രയിച്ച് അവരെ വിശ്വസിച്ചതാണ് തിരിച്ചടിയുടെ പ്രധാന കാര്യമെന്നാണു വിമർശനം. 
പൂഞ്ഞാറിൽ ടോമി കല്ലാനിക്ക് വേണ്ടി പ്രവർത്തിക്കാതെ മാണി സി. കാപ്പനെ ജയിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു കോൺഗ്രസ് നേതാക്കൾ എന്നും ആരോപണമുണ്ട്. മാത്രമല്ല നേതാക്കൾ ഗ്രൂപ്പുകളിച്ചും വോട്ടു മറിച്ചും പി.സി. ജോർജിനെ സഹായിക്കുകയായിരുന്നു. അതുപോലെ കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴക്കനെ സ്ഥാനാർഥിയാക്കിയതിൽ ആദ്യം മുതൽ തന്നെ എതിർപ്പ് നിലനിന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസഫ് പക്ഷം ജില്ലയിൽ തിളങ്ങാതിരുന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ അവർക്ക് കൂടുതൽ സീറ്റുകൾ നൽകി. ഇത് വീഴ്ച്ചയാണെന്നാണ് പരാതി.

 

Latest News