അബുദാബി- കോവിഡ് വ്യാപനത്തിൽ പ്രയാസപ്പെടുന്ന ഇന്ത്യക്ക് യു.എ.ഇയിൽനിന്ന് ലഭിച്ച സഹായം വിലമതിക്കാനാവാത്തതാണെന്ന് ഇന്ത്യൻ അംബാസഡർ പവൻ കപൂർ പറഞ്ഞു. അനുകമ്പയുടെയും കരുണയുടെയും മാസമായ വിശുദ്ധ റമദാനിൽ നിർണായക സഹായമാണ് യു.എ.ഇയിൽനിന്ന് ലഭിച്ചത്. റമദാന്റെ സന്ദേശം പ്രകടമാക്കുന്ന രീതിയിലാണ് ഏപ്രിൽ 13ന് ആരംഭിച്ച ഇന്ത്യക്കു വേണ്ടിയുള്ള യു.എ.ഇ ദൗത്യം. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ആടിയുലയുന്ന ഇന്ത്യക്ക് അത്യാവശ്യമായ മെഡിക്കൽ ഓക്‌സിജനും വെന്റിലേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളുമാണ് യു.എ.ഇ നൽകിയത്. 140 മെട്രിക് ടൺ ഓക്‌സിജൻ അബുദാബിയിൽനിന്നാണ് കയറ്റി അയച്ചത്. ഇന്ത്യയുടെ സുപ്രധാന നയതന്ത്ര പങ്കാളിയായ യു.എ.ഇയിൽനിന്ന് ഏറ്റവുമൊടുവിൽ ഏഴ് ലിക്വിഡ് ഓക്‌സിജൻ ടാങ്കറുകളാണ് ഇന്ത്യയിലെത്തിയത്. ഗുജറാത്തിലെ മുണ്ട്ര തുറമുഖത്ത് ചൊവ്വാഴ്ചയാണ് ടാങ്കറുകൾ എത്തിയത്.
യു.എ.ഇയിൽനിന്നുള്ള സഹായം ന്യൂദൽഹിയിലെ ആശുപത്രികളിൽ എത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പവൻ കപൂർ പറഞ്ഞു.
ഇരു രാജ്യങ്ങളും പരസ്പര സഹകരണം ശക്തമായി തുടരും. കഴിഞ്ഞ വർഷം കോവിഡ് വലിയ ഭീഷണി ഉയർത്തിയപ്പോഴും രാഷ്ട്ര നേതാക്കൾ സംസാരിക്കുകയും കോവിഡിനെ ചെറുക്കാനുള്ള മാർഗങ്ങൾ ആലോചിക്കുകയും ചെയ്തിരുന്നു. സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ ഗവൺമെന്റുകളും ഇന്ത്യയെ സഹായിക്കാൻ രംഗത്തെത്തി. അന്താരാഷ്ട്ര സമൂഹം കോവിഡിനെ ചെറുക്കാൻ ഒറ്റക്കെട്ടാണ് -അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് എല്ലാ പിന്തുണയും നൽകുമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽനഹ്‌യാൻ വ്യക്തമാക്കിയിട്ടുണ്ട്. 18 സിറോജനിക് ടാങ്കുകൾ യു.എ.ഇയിൽനിന്ന് അടുത്ത ആഴ്ച ഇന്ത്യയിൽ എത്തിക്കും.