കല്‍പറ്റ-ദേശീയപാതയില്‍ പൊന്‍കുഴിക്കു സമീപം നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഏകദേശം 11,000 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തി. കര്‍ണാടകയില്‍നിന്നു കേരളത്തിലേക്കു സ്പിരിറ്റ് കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് നിര്‍ത്തിയിട്ട നിലയില്‍ ഇന്നലെ വൈകുന്നേരം ആറോടെ കെ.എല്‍. 10 എ.വൈ 9529 നമ്പര്‍ കണ്ടെയ്‌നര്‍ ലോറി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ലോറിയില്‍ സ്പിരിറ്റാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. ലോറിയില്‍ ഡ്രൈവറോ സഹായിയോ ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച കര്‍ണാടകയിലെ മാണ്ഡ്യയില്‍നിന്നു വാങ്ങി മലപ്പുറത്തേക്കു കടത്തുകയായിരുന്നു സ്പിരിറ്റ് എന്നാണ് ലോറിയില്‍നിന്നു ലഭിച്ച ഇന്‍വോയ്‌സ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച വിവരം. 220 ലിറ്റര്‍ ശേഷിയുള്ള 52 കന്നാസുകളിലാണ് സ്പിരിറ്റ് നിറച്ചിരുന്നത്. മദ്യനിര്‍മാണത്തിനു ഉപയോഗിക്കുന്ന തരം(എക്‌സ്്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍) സ്പിരിറ്റാണ് പിടിച്ചെടുത്തതെന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അബ്കാരി നിയമപ്രകാരം കേസെടുത്തു ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസ് വളപ്പില്‍ എത്തിച്ച തൊണ്ടിമുതല്‍ ഇന്നു കോടതിയില്‍ ഹാജരാക്കും. പ്രീവന്റീവ് ഓഫീസര്‍മാരായ ജി.അനില്‍കുമാര്‍, പി.പി. ശിവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.ഡി.സാബു, എം.സി.സനൂപ്, കെ.പി. പ്രമോദ്, വി.ബി.നിഷാദ്, എം.സുരേഷ്, ടി.പി.മാനുവല്‍ ജിംസന്‍, ജിതിന്‍ പി.പോള്‍, വി.സുധീഷ്, എ.അനില്‍, എം.ജെ.ജലജ, ഇ.വി.വിബിത എന്നിവരും അടങ്ങുന്ന സംഘമാണ് കണ്ടെയ്‌നറില്‍ പരിശോധന നടത്തിയത്.