തിരുവനന്തപുരം- യുവജന കമ്മിഷന്‍ ചെയര്‍പഴ്‌സന്‍ ചിന്ത ജെറോം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെച്ചൊല്ലി വിവാദം. പിന്‍വാതില്‍ നിയമനം പോലെ സിപിഎം ഭരണകാലത്തു 'പിന്‍വാതില്‍ വാക്‌സിന്‍' എന്നാരോപിച്ചു സമൂഹ മാധ്യമങ്ങളില്‍ നൂറുകണക്കിനു പേര്‍ രംഗത്തുവന്നു. 18-45 വയസ്സ് പ്രായപരിധിയിലുള്ളവര്‍ക്കു കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ലെന്നിരിക്കെ, 32 വയസ്സുള്ള ചിന്തയ്ക്കു വാക്‌സിന്‍ നല്‍കിയതാണു വിവാദമായത്.
തിരുവനന്തപുരം വികാസ് ഭവനു സമീപത്തെ ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ഫോട്ടോ സഹിതം സമൂഹമാധ്യമത്തില്‍ ചിന്ത പങ്കുവച്ചിരുന്നു. വാക്‌സിനേഷനിലും പിന്‍വാതില്‍ പരിപാടി എന്നാരോപിച്ച് അനവധി പേര്‍ ഇതോടെ രംഗത്തുവന്നു. കൊല്ലം ബാറിലെ അഭിഭാഷകന്‍ ബോറിസ് പോള്‍ ചിന്തയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ചിത്രം സഹിതം മുഖ്യമന്ത്രിക്കു പരാതി നല്‍കി.
18-45 വയസ്സ് പരിധിയിലുള്ളവര്‍ക്കു വാക്‌സിനേഷന്‍ വൈകുമെന്ന ഔദ്യോഗിക അറിയിപ്പു നിലനില്‍ക്കുമ്പോള്‍ ചിന്ത ജെറോം വാക്‌സീന്‍ എടുത്തതു ഗുരുതര സംഭവമാണെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി. പരാതി ഉചിതമായ നടപടിക്കായി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കി. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം നിലവിലുള്ളതിനാലാണു വാക്‌സിന്‍ സ്വീകരിച്ചതെന്നു ചിന്ത ജെറോം പറയുന്നു. യുവജന കമ്മിഷന്‍ ചെയര്‍പഴ്‌സനു വകുപ്പു സെക്രട്ടറിയുടെ റാങ്ക് ആണ്. സെക്രട്ടേറിയറ്റിലെയും വികാസ് ഭവനിലെയും ഭൂരിപക്ഷം ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു.
ഓണ്‍ലൈന്‍ ആയി റജിസ്റ്റര്‍ ചെയ്ത ശേഷമാണു വാക്‌സിന്‍ എടുത്തതെന്നും ചിന്ത പറയുന്നു. എന്നാല്‍, തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമാണു 18-45 വയസ്സ് പ്രായപരിധി നോക്കാതെ വാക്‌സീന്‍ നല്‍കിയിട്ടുള്ളൂവെന്നാണു ചിന്തയ്ക്കു വാക്‌സിന്‍ നല്‍കിയതിനെ വിമര്‍ശിക്കുന്നവരുടെ വാദം.