തിരുവനന്തപുരം- രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗബലം ഇരുപത്തിയൊന്നാക്കുന്നത് ഇടതുമുന്നണി നേതൃത്വത്തിന്റെ പരിഗണയില്‍. പുതിയതായി വന്ന ഘടകക്ഷികള്‍ക്കും ഒറ്റകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കണമെങ്കില്‍ അംഗബലം കൂട്ടേണ്ടിവരുമെന്ന് സിപിഎം നേതൃത്വം സൂചന നല്‍കുന്നു. മന്ത്രിമാരുടെ എണ്ണത്തിന് പുറത്ത് ചീഫ് വിപ്പ് പദവി കൊണ്ടുവരാനാണ് ആലോചന.
ചരിത്രമെഴുതിയ തുടര്‍ഭരണം സ്വന്തമാക്കിയ ഇടതുമുന്നണി മന്ത്രിസഭാ രൂപീകരണത്തിന്റെ ആലോചനകളിലേക്ക് കടന്നുകഴിഞ്ഞു. ആകെ നിയമസഭ സാമാജികരുടെ 15 ശതമാനം പേര്‍ക്ക് മന്ത്രിസ്ഥാനത്തേക്ക് എത്താം. അതായത് 21 മന്ത്രിമാരാവാം. എന്നാല്‍ വിഎസ് സര്‍ക്കാരിലും പിണറായി സര്‍ക്കാരിലും 20 പേര്‍ മാത്രമായിരുന്നു മന്ത്രിമാര്‍. എന്നാല്‍ രണ്ടു ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും 21 മന്ത്രിമാരുണ്ടായിരുന്നു.
അവസാന യുഡിഎഫ് മന്ത്രിസഭയില്‍ 21 മന്ത്രിമാര്‍ക്ക് പുറമേ ചീഫ് വിപ്പായി പി.സി. ജോര്‍ജിനെയും കൊണ്ടുവന്നു. എന്നാല്‍ കഴിഞ്ഞ പിണറായി മന്ത്രിസഭയില്‍ 20 മന്ത്രിമാര്‍ക്ക് പുറത്തായിരുന്നു ചീഫ് വിപ്പ് പദവി സിപിഐക്ക് നല്‍കിയത്. ഇത്തവണ പുതിയതായി മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസിനും എല്‍ജെഡിക്കും മന്ത്രിസ്ഥാനം നല്‍കേണ്ടി വരും.
അഞ്ചു സീറ്റുകള്‍ ജയിച്ച കേരള കോണ്‍ഗ്രസ് രണ്ടു മന്ത്രിസ്ഥാനമാണ് ചോദിക്കുന്നത്. എന്നാല്‍ ഒരു മന്ത്രിയേ മാത്രമേ നല്‍കാന്‍ സാധ്യതയുള്ളു. ഒരു സീറ്റേ ജയിച്ചുള്ളുവെങ്കിലും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഐഎന്‍എല്‍ കത്ത് നല്‍കി കഴിഞ്ഞു. കെ.പി മോഹനന്‍ മാത്രം ജയിച്ച എല്‍ജെഡിയും മന്ത്രിസ്ഥാനത്തിനായി അവകാശവാദമുന്നയിക്കും. കോണ്‍ഗ്രസില്‍നിന്ന് സീറ്റ് പിടിച്ചെടുത്ത ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടേക്കാം.ഒരു സീറ്റില്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്ത രാമചന്ദ്രന്‍ കടന്നപ്പള്ളിയെ ഇത്തവണ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയാലും കഴിഞ്ഞതവണ പുറത്തുനിന്ന കെ.ബി. ഗണേഷ്‌കുമാറിനെ പരിഗണിക്കേണ്ടി വരും. അതിനാല്‍ ഭരണഘടനാപരമായി അനുവദനീയമായ 21 മന്ത്രിമാര്‍ വരെ ആകാമെന്നാണ് സിപിഎം ചിന്തിക്കുന്നത്.
ഇതിന് പുറത്ത് ചീഫ് വിപ്പിനെയും കൊണ്ടുവരാം. സിപിഐ ഒരു വിട്ടുവീഴ്ചകള്‍ക്കും തയാറല്ല. ചീഫ് വിപ്പ് വിട്ടുനല്‍കാം എന്നു മാത്രമാണ് സിപിഐ നല്‍കുന്ന വാഗ്ദാനം. ചെറിയ കക്ഷികള്‍ക്ക് ആറു മന്ത്രിസ്ഥാനം നല്‍കിയാല്‍ നഷ്ടം സിപിഎം സഹിക്കേണ്ടി വരും.