കൊല്ലം- ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ഥിനി കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് ദുരൂഹമായി മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മാതാപിതാക്കള്‍.
ഐ.ഐ.ടി. യില്‍ ഒന്നാംവര്‍ഷ എം.എ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയായിരുന്ന കിളികൊല്ലൂര്‍ കിലോന്‍തറയില്‍ ഫാത്തിമ ലത്തീഫ് (18) ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരു വര്‍ഷത്തിന് ശേഷം ആരംഭിച്ച അന്വേഷണം ഉറ്റുനോക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
2019 നവംബര്‍ ഒന്‍പതിനാണ് ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പഠനത്തില്‍ മിടുക്കിയായിരുന്ന ഫാത്തിമ, ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ മകളുടെ മരണത്തെപ്പറ്റിയുള്ള അന്വേഷണം സി.ബി.ഐക്ക് കൈമാറിയെങ്കിലും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവുണ്ടായി ആഴ്ചകള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് അന്വേഷണസംഘം ഫാത്തിമ ലത്തീഫിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനും അന്വേഷണ നടപടികള്‍ക്കും എത്തിയത്. ഫാത്തിമയുടെ വീട്ടുകാരുടെയും സഹപാഠികളുടെയും മൊഴികള്‍ രേഖപ്പെടുത്തിയ സി.ബി.ഐ സംഘം കോളേജ് അധ്യാപകരില്‍നിന്നും ജീവനക്കാരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. തന്റെ മരണത്തിന് കാരണക്കാരെന്ന് ഫാത്തിമ ആരോപിച്ചിരുന്നവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
തന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെപ്പറ്റിയുള്ള വിവരങ്ങള്‍ ഫാത്തിമയുടെ ഫോണിലുണ്ടായിരുന്നു.
ചെന്നൈ കോട്ടൂര്‍പുരം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേരളത്തില്‍നിന്നുള്ള എം.പിമാരും ജനപ്രതിനിധികളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം പിന്നീട് സി.ബി.ഐ ഏറ്റെടുത്തത്. ഫാത്തിമയുടെ പിതാവ് പ്രവാസിയായ അബ്ദുല്‍ ലത്തീഫ് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ടും കേസന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു.