തൃശൂര്‍- ഹൈദരാബാദ് മൃഗശാലയില്‍ സിംഹങ്ങള്‍ക്ക് കോവിഡ് ബാധിച്ച വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള മൃഗശാലകള്‍ കരുതല്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കി. തൃശൂര്‍ മൃഗശാലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യങ്ങള്‍ ഒന്നുമില്ലെന്നും രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച അന്നുമുതല്‍ തൃശൂര്‍ മൃഗശാലയില്‍ എല്ലാ കരുതല്‍ നടപടികളും തുടരുന്നുണ്ടെന്നും തൃശൂര്‍ മൃഗശാല സൂപ്രണ്ട് രാജേഷ് അറിയിച്ചു.
മൃഗശാല കോമ്പൗണ്ടിലും ജനങ്ങള്‍ കടന്നുവരുന്ന ഭാഗങ്ങളിലും കൂടുകളുടെ സമീപത്തുമെല്ലാം അണുനശീകരണം പതിവായി നടത്താറുണ്ട്. മൃഗങ്ങളുടെ കൂടുകള്‍ ദിവസേന കഴുകി വൃത്തിയാക്കുകയും ഇടക്കിടെ അണുനശീകരണം നടത്തുകയും ചെയ്യുന്നുണ്ട്.
മൃഗങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ എല്ലാംതന്നെ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ കഴുകി വൃത്തിയാക്കിയ ശേഷമാണ് നല്‍കുന്നത്. രോഗബാധ ഏല്‍ക്കാതിരിക്കാന്‍ ഉള്ള എല്ലാ മുന്‍കരുതല്‍ നടപടികളും നിര്‍ദ്ദേശങ്ങളും സെന്‍ട്രല്‍ സൂ അതോറിറ്റി രാജ്യത്തെ വിവിധ മൃഗശാലകള്‍ക്ക് തുടര്‍ച്ചയായി നല്‍കുന്നുണ്ട്. തൃശൂര്‍ മൃഗശാലയില്‍ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല.