മൂന്നാര്‍- കോവിഡിന്റെ രണ്ടാംതരംഗത്തിനിടെ മൂന്നാറില്‍ സിഎസ്‌ഐ സഭയിലെ പുരോഹിതരുടെ സംഗമത്തില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും രണ്ടുപേര്‍ മരിച്ചെന്നും ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അഞ്ചു പേര്‍ക്ക് ഗുരുതരമാണെന്നും റിപ്പോര്‍്ട്ടിലുണ്ട്. 30 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏപ്രില്‍ 13 മുതല്‍ 17 വരെ മൂന്നാറിലെ സി.എസ്.ഐ ക്രൈസ്റ്റ് പള്ളിയിലാണ് പുരോഹിതരുടെയും കമ്മ്യൂണിറ്റി അംഗങ്ങളുടെയും സമ്മേളനമായ വാര്‍ഷിക റിട്രീറ്റ് നടന്നത്. വിവിധ പള്ളികളില്‍ നിന്നുള്ള 350 പുരോഹിതന്മാാര്‍ സഭയില്‍ പങ്കെടുത്തിരുന്നു. ഇതില്‍ നൂറിലധികം പുരോഹിതര്‍ക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പുരോഹിതര്‍ മരിച്ചെന്നും അഞ്ചിലധികം പേര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും റിപ്പാര്‍ട്ടു പറയുന്നു. സിഎസ്‌ഐ മോഡറേറ്ററും ദക്ഷിണ കേരള രൂപത ബിഷപ്പുമായ റവ. എ ധര്‍മ്മരാജ് റസാലം രോഗബാധിതരില്‍ ഉള്‍പ്പെടുന്നുണ്ട്. അദ്ദേഹം ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. മീറ്റ് മാറ്റിവയ്ക്കണമെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും സംഘാടകര്‍ ഇതുമായി മുന്നോട്ട് പോയതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് പുരോഹിതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്രെ. അതാണ് രോഗവ്യാപനത്തിനിടയിലും ഇത്രയധികം പുരോഹിതര്‍ ഒത്തുകൂടാന്‍ ഇടയായത്. എന്നാല്‍, മൂന്നാറിലെ മീറ്റില്‍ നിന്നല്ല രോഗം പടര്‍ന്നതെന്ന് വാദമാണ് സിഎസ്‌ഐയുടെ ദക്ഷിണ കേരള രൂപത സെക്രട്ടറി ടി ടി പ്രവീണ്‍ മുന്നോട്ടുവയ്ക്കുന്നത്.
അതിനിടെ, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സഭാ വൈദികര്‍ ധ്യാനം നടത്തിയെന്ന പരാതിയുമായി വിശ്വാസികള്‍ ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കി. ധ്യാനത്തില്‍ 480 വൈദികര്‍ പങ്കെടുത്തിരുന്നു. ധ്യാനത്തിന് ശേഷം രണ്ട് വൈദികര്‍ കോവിഡ് ബാധിച്ച് മരിച്ചു. 80 വൈദികര്‍ ചികിത്സയിലാണെന്നും പരാതിയില്‍ പറയുന്നു. ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ പള്ളികളിലുമെത്തിയിരുന്നു. ധ്യാനം നടത്തിയത് വൈദികരുടെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണെന്നാണ് പരാതിയില്‍ പറയുന്നത്. അതുകൊണ്ട് തന്നെ സഭാനേതൃത്വത്തിനെതിരെ കേസെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.