പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ച അറബ് മുസ്‌ലിം ഭിഷഗ്വരനായ അബുൽ ഖാസിം ഖലഫ് ഇബ്‌നു അൽഅബ്ബാസ് അസ്സഹ്‌റാവി ഇസ്‌ലാമിക ചരിത്രത്തിലെ വ്യഖ്യാത ശസ്ത്രക്രിയാ വിദഗ്ധനായിരുന്നു. ശസ്ത്രക്രിയക്കുള്ള നിയമങ്ങളും അടിസ്ഥാനങ്ങളും ഉപകരണങ്ങളും രൂപകൽപന ചെയ്തതിന് പുറമെ അതുവരെയുണ്ടായിരുന്ന പല ചികിത്സാ രീതികളിലും ഇടപെടലുകൾ നടത്തിയ അദ്ദേഹം അത്ഭുതകരമായ കണ്ടെത്തലുകൾ അവതരിപ്പിച്ചു. പിൽക്കാലത്ത് ശസ്ത്രക്രിയയുടെ പിതാവ് എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടത്.
സ്‌പെയിനിലെ കൊർദോവയ്ക്ക് ആറു മൈൽ അകലെ വടക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന സഹ്‌റാ എന്ന സ്ഥലത്ത് ക്രി. 936 ൽ ജനിച്ചു. സഹ്‌റാ പ്രദേശവാസിയായതിനാലാണ് അസ്സഹ്‌റാവി എന്ന വിളിപ്പേര് വന്നത്.
മദീനയിലെ അൻസാറുകളായ പൂർവികരിലേക്ക് ചേർത്ത് അൻസാരി എന്നും വിളിപ്പേരുണ്ട്. പാശ്ചാത്യർ അദ്ദേഹത്തെ അൽബുകാസിസ് എന്നാണ് വിളിക്കുന്നത്. അക്കാലത്ത് പാരീസ്, എഡിൻബറോ, ലണ്ടൻ എന്നിവയേക്കാൾ ശസ്ത്രക്രിയക്ക് പേരുകേട്ട സ്ഥലമായിരുന്നു സഹ്‌റാ പട്ടണം. അവിടെ ശസ്ത്രക്രിയ ചെയ്യുന്നവർ ഡോക്ടർ സർജൻ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ യൂറോപ്പിൽ അന്നവരെ വിളിച്ചിരുന്നത് ബാർബർ സർജൻ എന്നായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് അബുൽ ഖാസിം അസ്സഹ്‌റാവി വളർന്നതും മതം, വൈദ്യശാസ്ത്രം, ഫാർമസി എന്നീ മേഖലയിൽ പ്രാവീണ്യം നേടിയതും. മുമ്പേ കടന്നുപോയ ഭിഷഗ്വരന്മാരുടെ പഠന ഗവേഷണങ്ങൾ പിന്തുടർന്ന അദ്ദേഹം തുടർ പഠനത്തിനും പരിശീലനത്തിനുമായി കൊർദോവ ആശുപത്രിയിൽ ചേർന്നു. വൈകാതെ അക്കാലത്തെ പ്രധാനപ്പെട്ട ഭിഷഗ്വരനായി മാറി.
വൈദ്യശാസ്ത്ര രംഗത്ത് അബുൽ ഖാസിം അൽസഹ്‌റാവിയുടെ ഏറ്റവും വലിയ സംഭാവനയാണ് മുപ്പത് വാള്യങ്ങളുള്ള കിതാബുത്തസ്‌രീഫ് ലിമൻ അജസ അനിത്തഅ്‌ലീഫ്. ശസ്ത്രക്രിയയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ആദ്യ ഗ്രന്ഥമായി ഇത് അംഗീകരിക്കപ്പെടുന്നു. ശസ്ത്രക്രിയാ രീതികളെയും അതിന് ഉപയോഗിക്കുന്ന കത്രികയും കത്തിയും അടക്കമുള്ള വിവിധ ഉപകരണങ്ങളെയും അതിൽ പരിചയപ്പെടുത്തുന്നുണ്ട്. മൂത്രസഞ്ചിയിലെ കല്ലുടച്ച് പുറത്തെടുക്കുന്നതും ശരീരത്തിലെ മുറിവുകൾ കെട്ടുന്നതും കൂടാതെ നേത്രശസ്ത്രക്രിയയെക്കുറിച്ചും പ്രസവ ശസ്ത്രക്രിയയെ കുറിച്ചും നവജാത പിറവിയെ കുറിച്ചുമെല്ലാം അതിൽ പറയുന്നു. സിവസ്തികായന്ത്രം, കുത്തിവെപ്പ് ഉപകരണങ്ങൾ, ദന്തപരിശോധനക്കുള്ള സ്പൂൺ, ക്ലിപ്പുകൾ തുടങ്ങി ഇരുന്നൂറോളം മെഡിക്കൽ ഉപകരണങ്ങളെ കുറിച്ച് ഈ ഗ്രന്ഥത്തിൽ പറയുന്നുണ്ട്. സർജറി വിഭാഗത്തിലെ ക്ലാസിക്കൽ ഗ്രന്ഥമായ ഇത് ഏകദേശം അഞ്ചു നൂറ്റാണ്ടോളം ശസ്ത്രക്രിയ വിദഗ്ധർക്ക് പ്രധാന അവലംബമായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ പ്രസ്തുത ഗ്രന്ഥം ഇറ്റാലിയൻ ശാസ്ത്രജ്ഞനായ ജെറാഡോ ലാറ്റിനിലേക്ക് തർജമ ചെയ്യുകയുണ്ടായി. അനവധി ശസ്ത്രക്രിയാ ഉപകരണങ്ങളുടെ രൂപരേഖ ഇത് ഉൾക്കൊള്ളുന്നുണ്ട്.
വൈദ്യശാസ്ത്ര രംഗത്ത് അബുൽ ഖാസിം അൽസഹ്‌റാവിയുടെ ഏറ്റവും വലിയ സംഭാവനയാണ് 30 വാള്യങ്ങളുള്ള കിതാബുത്തസ്‌രീഫ് ലിമൻ അജസ അനിത്തഅ്‌ലീഫ്. ശസ്ത്രക്രിയയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ആദ്യ ഗ്രന്ഥമായി അംഗീകരിക്കപ്പെട്ട ഇതിൽ ശസ്ത്രക്രിയാ രീതികളെയും അതിന് ഉപയോഗിക്കുന്ന കത്രികയും കത്തിയും അടക്കമുള്ള വിവിധ ഉപകരണങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്. മൂത്രസഞ്ചിയിലെ കല്ലുടച്ച് പുറത്തെടുക്കുന്നതും ശരീരത്തിലെ മുറിവുകൾ കെട്ടുന്നതും കൂടാതെ നേത്രശസ്ത്രക്രിയയെക്കുറിച്ചും പ്രസവ ശസ്ത്രക്രിയയെ കുറിച്ചും നവജാത പിറവിയെ കുറിച്ചുമെല്ലാം വിശദമായി പറയുന്നു.
രക്തമൊഴുക്ക് തടയാനുള്ള സംവിധാനം വികസിപ്പിച്ചത്, പട്ടുനൂൽ കൊണ്ട് നാഡീഞരമ്പുകൾ തുന്നിക്കെട്ടൽ, രക്തം കട്ടപിടിപ്പിക്കൽ, ക്വാട്ടറൈസേഷൻ പ്രക്രിയയിലൂടെ രക്തപ്രവാഹം നിർത്തൽ, അർബുദ കോശങ്ങൾ പിഴുതുമാറ്റൽ തുടങ്ങി നിരവധി സംഭാവനകൾ സഹ്‌റാവിയുടേതായി ചരിത്രം രേഖപ്പെടുത്തുന്നു. എക്‌റ്റോപിക് പ്രഗ്‌നൻസി (ഗർഭാശയത്തിനു പുറത്തുള്ള ഭ്രൂണ വളർച്ച) യെ കുറിച്ച് ആദ്യമായി വിശദീകരിച്ചത് അദ്ദേഹമാണ്. ഹീമോഫീലിയയുടെ പാരമ്പര്യ സ്വഭാവം തിരിച്ചറിഞ്ഞ ആദ്യ വിദഗ്ധനും അദ്ദേഹം തന്നെ. വൈദ്യൻ രോഗി ബന്ധത്തെക്കുറിച്ചും അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ വിശദീകരിച്ചു. കൃത്യമായി തന്റെ വിദ്യാർഥികളെ ഓർമിപ്പിച്ചിരുന്ന അദ്ദേഹം രോഗികളെ അഡ്മിറ്റ് ചെയ്ത് അവരുടെ രോഗവിവരങ്ങൾ മനസ്സിലാക്കുന്ന രീതിക്കും തുടക്കമിട്ടു.
വെരിക്കോസ് വെയിനിലെ രോഗാവസ്ഥക്ക് ഞരമ്പുകളെ ക്ഷയിപ്പിക്കുന്ന ചികിത്സാ രീതിയും ശരീരത്തിൽ അനാവശ്യ ദ്രവങ്ങൾ ട്യൂബ് വഴി പുറത്തെടുക്കുന്ന രീതിയും അതുവരെ ഡോക്ടർമാർക്ക് ഏറ്റവുമധികം പ്രയാസമുള്ള ജോലികളായിരുന്നു.
ശ്വസന നാള ശസ്ത്രക്രിയ, നവജാത ശിശുവിന്റെ അടഞ്ഞ മൂത്രദ്വാരം തുറക്കൽ, സന്ധിവാത ചികിത്സ, നെഞ്ചു തുറന്നുള്ള ശസ്ത്രക്രിയ, അണപ്പല്ലുകളുടെ വേരറുക്കൽ, കവിളെല്ല് പൊട്ടലിനുള്ള ചികിത്സ, ദന്ത ക്രമീകരണം, പെൽവിക് ബെർത്ത് എന്നിവ ചികിത്സിക്കുന്നതിലും അദ്ദേഹം തന്റെ മികവു തെളിയിച്ചു. അതോടൊപ്പം കാൻസർ മുഴകളുടെ ശാസ്ത്രീയ മാനവും വിശദീകരിച്ചു. ഡോക്ടർമാർ നൽകുന്ന കുറിപ്പ് പ്രകാരം മരുന്നുകൾ തയ്യാറാക്കി നൽകുന്നതിലും അദ്ദേഹം അഗ്രഗണ്യനായിരുന്നു. ഹൃദ്രോഗം, മൂത്രാശയരോഗം, വിഷബാധ എന്നിവക്കെല്ലാം വളരെ പ്രയോജനപ്രദമായ മരുന്നുകൾ അദ്ദേഹം വികസിപ്പിച്ചെടുത്തു.
പഠനവും പ്രാക്ടീസും അധ്യാപനവുമൊക്കെയായി ജീവിത കാലഘട്ടത്തിലധികവും കൊർദോവയിൽ ചെലവഴിച്ച അദ്ദേഹം ക്രി. 1013 ലാണ് ഇഹലോക വാസം വെടിഞ്ഞത്. (തയാറാക്കിയത്:
സുലൈമാൻ ഊരകം)