Sorry, you need to enable JavaScript to visit this website.

ഓക്‌സിജൻ നൽകുക, കോൺഗ്രസിനെ രക്ഷിക്കുക  


അതിരൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് രാജ്യത്തിന്റെ മറ്റെല്ലാ ഭാഗങ്ങളെയും പോലെ കേരളത്തിലെയും കോൺഗ്രസ് പാർട്ടി കടന്നുപോകുന്നത്. പതിറ്റാണ്ടുകൾക്കു ശേഷം എതിർ മുന്നണിക്ക് തുടർഭരണം കൊടുത്ത് വിശ്രമിക്കുകയാണവർ. തങ്ങളൊന്നും ചെയ്തില്ലെങ്കിലും അഞ്ചു വർഷം കഴിഞ്ഞാൽ ഭരണം കിട്ടുമെന്ന ധാരണയിൽ 2016 മുതൽ വലിയ ആലസ്യത്തിലായിരുന്നു കോൺഗ്രസ് നേതൃത്വം. അക്കാര്യത്തിൽ ചെറിയ സംശയം തോന്നിയതിനാലായിരുന്നു പോയ വർഷം പ്രതിപക്ഷം സജീവമായത്. 


പ്രതിപക്ഷ നേതാവാണ് അഴിമതി ആരോപണങ്ങളുടെ നീണ്ട നിരയുമായി രംഗത്തെത്തിയത്. സർക്കാർ അതെല്ലാം നിഷേധിച്ചെങ്കിലും മിക്കതിലും നടപടികൾ സ്വീകരിക്കുക വഴി ഫലത്തിൽ അംഗീകരിക്കുകയായിരുന്നു. പക്ഷേ പ്രതിപക്ഷം തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞു പ്രവർത്തനമാരംഭിക്കുമ്പോഴേക്കും സമയം വൈകിയിരുന്നു. അനിവാര്യമായ ദുരന്തം കുറിക്കപ്പെട്ടു കഴിഞ്ഞിരുന്നു. യു.ഡി.എഫ് ഇക്കുറി ജയിക്കണമെന്നാഗ്രഹിച്ചതിൽ അവരുമായി ബന്ധമില്ലാത്ത ഒരുപാട് പേരുമുണ്ടായിരുന്നു. ജനാധിപത്യ സംവിധാനത്തിൻ തുടർഭരണമാണ് കൂടുതൽ ഗുണകരം എന്ന വിഷയം പ്രചാരണ വേളയിൽ വലിയ ചർച്ചയായിരുന്നല്ലോ. മാത്രമല്ല, കേരളത്തിലെ സവിശേഷ മുന്നണി സംവിധാനത്തിന്റെ പശ്ചാത്തലത്തിൽ ഭരണത്തുടർച്ച ദീർഘകാലാടിസ്ഥാനത്തിൽ ബിജെപിക്ക് സഹായകമാകുമെന്ന വാദവുമുയർന്നു. ഇക്കാര്യം ഇടതുപക്ഷ പ്രവർത്തകർ പോലും രഹസ്യമായി സമ്മതിച്ചിരുന്നു. ബിജെപിയുടെ ദയനീയ പരാജയം അത്തരം സാധ്യതക്ക് മങ്ങലേൽപിച്ചു എന്നത് സത്യമാണ്. 


എന്തായാലും അഞ്ചു വർഷം കൂടുമ്പോൾ ഭരണ മാറ്റം എന്ന പ്രതിഭാസം കേരളത്തിൽ അവസാനിക്കുകയാണ്. സ്വയം ഒരു ഉടച്ചുവാർക്കലിനു വിധേയമാകാതെയും ജനങ്ങൾക്കിടയിൽ സജീവമായി ഇടപെടാതെയും ഇനിയും കോൺഗ്രസിനോ യുഡിഎഫിനോ കേരളത്തിൽ വിജയിക്കാനാവുമെന്നു കരുതുക മൗഢ്യമായിരിക്കും. അത്തരമൊരു ശ്രമത്തിനു തുടക്കം കുറിക്കാനവർ തയാറാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സ്വയം ഉടച്ചുവാർക്കുക എന്നത് നിസ്സാര വിഷയമല്ല. കാലങ്ങളായി പദവികളിലും അധികാരത്തിലും അള്ളിപ്പിടിച്ചിരിക്കുന്നവർക്ക് അതത്ര എളുപ്പമല്ല. പക്ഷേ അതു ചെയ്‌തേ പറ്റൂ. അല്ലെങ്കിൽ അതിനായി പാർട്ടിക്കകത്ത് കലാപം ചെയ്യാൻ ചെറുപ്പക്കാർ തയാറാകണം. സത്യത്തിൽ അത്തരം ചരിത്രം കേരളത്തിലെ കോൺഗ്രസിനുണ്ട്. 1970 കളിൽ അന്നത്തെ ജീർണിച്ച നേതൃത്വത്തിനെതിരെ കലാപം ചെയ്തായിരുന്നു ചെറുപ്പക്കാരുടെ നീണ്ട നിര ഉയർന്നു വന്നത്. എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും സുധീരനും വയലാർ രവിയും പാർട്ടിക്കുള്ളിൽ നടത്തിയ കലാപം ചെറുതായിരുന്നില്ല. തുടർന്നാണ് പതിറ്റാണ്ടുകൾ നീണ്ടുനിന്ന കരുണാകരൻ - ആന്റണി ഗ്രൂപ്പിസം ശക്തമായത്. പക്ഷേ അക്കാലയളവിൽ ഗ്രൂപ്പിസം പാർട്ടിക്ക് ഗുണകരമായി മാറുകയായിരുന്നു. 


കാരണംനിർണായക വേളകളിൽ ഗ്രൂപ്പുകൾ വൈര്യം മറന്ന് ഒന്നിച്ചിരുന്നു. ആന്റണി ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായതും ചെന്നിത്തല മന്ത്രിയായതുമൊക്കെ ആ കലാപത്തിന്റെ തുടർച്ചയായിരുന്നു. സിപിഎമ്മടക്കം ഒരു പാർട്ടിയിലും സമാനമായ സംഭവം കാണാനാകില്ല.


നിർഭാഗ്യവശാൽ അന്ന് ഇത്തരമൊരു മുന്നേറ്റത്തിനു നേതൃത്വം നൽകിയവരാണ് ഇന്നു പുതിയ തലമുറക്കു മുന്നിൽ വിഘാതമായി നിൽക്കുന്നതെന്നതാണ് വൈരുധ്യം. സിപിഎമ്മുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കാര്യത്തിൽ തങ്ങളാണ് ഭേദമെന്ന് പല കോൺഗ്രസുകാരും പറയാറുണ്ട്. സിപിഎമ്മിന്റേത് മറ്റൊരു സംഘടനാ ചട്ടക്കൂടാണ്. കാഡർ ശൈലിയിൽ പടുത്തുയർത്തിയ അതിശക്തമായ സ്റ്റാലിനിസ്റ്റ് സംഘടനാ സംവിധാനം. അതിനുള്ളിലൊരു കലാപം എളുപ്പമല്ല എന്ന ചരിത്രം നമുക്കു മുന്നിലുണ്ട്.  ജനാധിപത്യ വിരുദ്ധമായി അത്തരമൊരു സംവിധാനമല്ല കോൺഗ്രസ് മാതൃകയാക്കേണ്ടത്. കാലത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് മാറിനിൽക്കാനാണ് മുതിർന്ന നേതാക്കൾ തയാറാകേണ്ടത്. ചിലർ അതു പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കമാന്റ് ശക്തമായി ഇടപെടാൻ പോകുന്നു എന്നും നേതൃത്വത്തെ മാറ്റാനുദ്ദേശിക്കുന്നു എന്നും വാർത്തയുണ്ട്. നേമത്തെ അടിസ്ഥാനമാക്കിയെടുത്ത് തങ്ങൾക്കാണ് ബിജെപിയെ ചെറുക്കാനുള്ള ശക്തിയുള്ളത് എന്ന രീതിയിൽ പ്രചണ്ഡമായ പ്രചാരണം നടത്താനുള്ള തങ്ങളുടെ പദ്ധതി നടപ്പാക്കാൻ സംസ്ഥാന നേതൃത്വത്തിനായില്ല എന്നതാണ് ഹൈക്കമാന്റിന്റെ പ്രധാന വിമർശനം. സത്യത്തിൽ കഴിവുള്ള നിരവധി ചെറുപ്പക്കാർ പാർട്ടിയിലുണ്ട്. അവർ ഇനി പാർട്ടിയെ നയിക്കട്ടെ. അതിനവസരം നൽകുന്നില്ലെങ്കിൽ, നേതൃത്വം തയാറില്ലെങ്കിൽ, ഇതേ നേതാക്കൾ പണ്ടു ചെയ്ത കലാപം ഇവർക്കെതിരെ നടത്താനാണ് യുവനേതാക്കൾ തയാറാകേണ്ടത്. എന്നാലതിനുള്ള സന്നദ്ധത അവർക്കില്ല എന്നതാണ് വലിയ ദുരന്തം. 


ഈ വിഷയവുമായി ബന്ധപ്പെട്ട് ബംഗാൾ മാതൃക നമ്മുടെ മുന്നിലുണ്ട്. സി.പി.എമ്മിന്റെ പതിറ്റാണ്ടുകൾ നീണ്ട കുത്തക ഭരണ കാലത്തെ അതിജീവിക്കാൻ കോൺഗ്രസിനു കഴിയില്ല എന്നു ബോധ്യമായപ്പോഴായിരുന്നു ചെറുപ്പക്കാരിയായിരുന്ന മമത ബാനർജി പാർട്ടി വിടുകയും തൃണമൂൽ കോൺഗ്രസ് രൂപീകരിക്കുകയും ചെയ്തത്. പിന്നീട് നടന്നതൊക്കെ സമകാലിക ചരിത്രമാണല്ലോ. ഇന്ന് മോഡിയും അമിത് ഷായും ഭയപ്പെടുന്ന ഏറ്റവും പ്രധാന നേതാവായി മമത മാറിയിരിക്കുന്നു. സംഘ്പരിവാർ ഭയപ്പെടുന്ന പ്രധാന പാർട്ടി തൃണമൂലും. കേരളത്തിലെ വൃദ്ധ നേതൃത്വം സ്വയം മാറിനിൽക്കാൻ തയാറാകുന്നില്ലെങ്കിൽ മമത നടത്തിയ പോലുള്ള  കലാപത്തിനാണ് യുവനേതാക്കൾ തയാറാകേണ്ടത്. വനിതകൾക്കായിരിക്കണം അതിൽ പ്രധാന പങ്ക്. പക്ഷേ ഇതെല്ലാം മലർപൊടിക്കാരന്റെ സ്വപ്‌നമായിത്തീരാൻ തന്നെയാണ് സാധ്യത. ബംഗാളിൽ തൃണമൂലും ബിജെപിയും പങ്കിട്ടെടുത്ത പോലെ ഇവിടെ സിപിഎമ്മും ബിജെപിയും പങ്കിട്ടെടുക്കുന്ന കാലം അതിവിദൂരമാകുമെന്നു കരുതാനാവില്ല. ഈ പോക്കാണ് കോൺഗ്രസിന്റേതെങ്കിൽ ഇപ്പോഴത്തെ പരാജയത്തെ മറികടന്ന് ബിജെപി ശക്തമാകുമെന്നു തന്നെ കരുതാം. 


മറ്റൊന്ന് ജനങ്ങൾക്കിടയിലെ പ്രവർത്തനമാണ്. ഭരണ മാറ്റം എന്ന കിനാവിന് അറുതി വന്ന സ്ഥിതിക്ക് ഇനിയെങ്കിലും പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാൻ യുഡിഎഫ് തയാറാകണം. നിയമസഭക്കകത്തും പുറത്തും അതു വേണം. ആന്റണിയുടെ നേതൃത്വത്തിൽ നടന്ന കലാപ സമയത്ത് കേരളത്തിലെ തെരുവുകൾ യൂത്ത് കോൺഗ്രസ് കെഎസ്‌യു സംഘടനകൾ സജീവമാക്കിയിരുന്നു. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു തന്നെ അത്തരം സജീവത തിരിച്ചുപിടിക്കാൻ ഈ സംഘടനകളും മഹിളാ കോൺഗ്രസുമൊക്കെ തയാറാകണം. ഇക്കാര്യത്തിൽ ഒരു പരിധി വരെ ഡി.വൈ.എഫ്.ഐയെ മാതൃകയാക്കാവുന്നതാണ്. അത്തരത്തിൽ സ്വയം മാറാനും ജനങ്ങൾക്കിടയിൽ സജീവമാകാനും തയാറാകുന്നില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിനും മറ്റു പല സംസ്ഥാനങ്ങളിലെ അവസ്ഥ കൈവരും. അതാകട്ടെ അവർക്കു മാത്രമല്ല, കേരളത്തിനും ജനാധിപത്യത്തിനും ദുരന്തമായിരിക്കുകയും ചെയ്യും. 
 

Latest News