ദോഹ- പതിനൊന്ന് വര്‍ഷത്തിലേറെയായി നാടണയാനാവാതെ നെഞ്ചുനീറിയ തോമസ് കള്‍ച്ചറല്‍ ഫോറത്തിന്റെ തണലില്‍ നാട്ടിലേക്ക് മടങ്ങി.പത്തനംതിട്ട റാന്നി സ്വദേശിയായ തോമസിന്റെ ദുരിതങ്ങള്‍ കഴിഞ്ഞ വര്‍ഷം കോവിഡ് പ്രതിസന്ധി കാലത്തെ ഭക്ഷ്യകിറ്റ് വിതരണത്തിനിടയിലാണ് കള്‍ച്ചറല്‍ ഫോറത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്.
അസുഖം മൂലം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട തോമസിനെ കള്‍ച്ചറല്‍ ഫോറം കൂടെകൂട്ടുമ്പോള്‍ അദ്ദേഹത്തിന് പാസ്‌പോര്‍ട്ട്, ഖത്തര്‍ ഐഡി തുടങ്ങിയ യാത്രാ രേഖകളൊന്നും ഇല്ലായിരുന്നു.ബിസിനസ് തകര്‍ച്ചയെത്തുടര്‍ന്ന് മൂന്ന് മില്യണ്‍ റിയാലിന്റെ സാമ്പത്തിക ബാധ്യതയടക്കം എട്ട് യാത്രാനിരോധന കേസുകളും തോമസിന്റെ പേരില്‍ നിലവിലുണ്ടായിരുന്നു.
ഒരോ കേസിനെ കുറിച്ചും പഠിക്കുകയും തോമസിന്റെ നിരപരാധിത്വവും ബന്ധപ്പെട്ടവരെ ബോദ്ധ്യപ്പെടുത്തിയോടൊപ്പം രേഖകള്‍ കോടതി, പബ്ലിക് പ്രോസിക്യൂഷന്‍ തുടങ്ങിയ ഖത്തറിലെ നിയമ , പോലിസ് സംവിധാനങ്ങളില്‍ സമയാസമയം സമര്‍പ്പിക്കുവാനും കള്‍ച്ചറല്‍ ഫോറം കമ്യൂണിററി സര്‍വീസിന് സാധിച്ചു. ഇങ്ങനെ ഒരു വര്‍ഷത്തോളം നീണ്ട കള്‍ച്ചറല്‍ ഫോറത്തിന്റെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് സാമ്പത്തിക ബാധ്യതയുള്‍പ്പെടെയുള്ള കേസുകളും യാത്രാ നിരോധനവും നീക്കാനായതും തോമസിന്റെ രേഖകള്‍ വീണ്ടെടുത്ത് നാട്ടിലേക്ക് മടങ്ങാനായതും.
ജീവിതം വഴിമുട്ടിയ സമയത്ത് ആശ്വാസമായി കടന്നെത്തിയ കള്‍ച്ചറല്‍ ഫോറത്തിന്റെ ഭാരവാഹികള്‍ക്ക് ഹൃദയം നിറയെ നന്ദി അര്‍പ്പിച്ചുകൊണ്ടാണ് തോമസ് നാട്ടിലേക്ക് മടങ്ങിയത്.പ്രയാസപ്പെടുന്നവന് കൈത്താങ്ങായതിന്റെ ചാരിതാര്‍ത്ഥ്യം കള്‍ച്ചറല്‍ ഫോറത്തിനുണ്ടെന്നും കേസുകളും മറ്റും തീര്‍ക്കാനായി കള്‍ച്ചറല്‍ ഫോറത്തിന് സഹായമേകിയ ഇന്ത്യന്‍ എബസി ,ഐ സി ബി എഫ് ,ഐ സി സി തുടങ്ങിയവര്‍ക്കും നന്ദി അറിയിക്കുന്നതായും തോമസിന്റെ പ്രശ്‌നങ്ങളിലുടനീളം ഇടപെട്ട കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തായലക്കണ്ടി അറിയിച്ചു .
ഫോട്ടോ. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തായലക്കണ്ടി തോമസിനൊപ്പം