ദമാം- ദമാം ലേബർ ഓഫീസും പോലീസും സഹകരിച്ച് ജ്വല്ലറികളിലും മൊബൈൽ ഫോൺ കടകളിലും ലേഡീസ് ഷോപ്പുകളിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ സൗദിവൽക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ട 98 നിയമ ലംഘനങ്ങൾ കണ്ടെത്തി.
സൗദിവൽക്കരണം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് 116 സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധനകൾ നടത്തിയതെന്ന് കിഴക്കൻ പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി അബ്ദുറഹ്മാൻ അൽ മുഖ്ബിൽ പറഞ്ഞു.
നിയമ ലംഘകരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് ജ്വല്ലറികളിലും ലേഡീസ് ഷോപ്പുകളിലും മൊബൈൽ ഫോൺ കടകളിലും പരിശോധനകൾ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ മുഴുവൻ പ്രവിശ്യകളിലും ഹോട്ടലുകളും ഫർണിഷ്ഡ് അപ്പാർട്ട്‌മെന്റുകളും കേന്ദ്രീകരിച്ച് തെരച്ചിൽ തുടരുകയാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് നടത്തുന്ന പരിശോധനകളിൽ സ്വദേശിവത്കരണം പാലിക്കാത്തതും മറ്റുമായി ഏതാനും നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൊഴിലിടങ്ങളിലെ നിയമ ലംഘനങ്ങളെ കുറിച്ച് ടോൾ ഫ്രീ നമ്പർ (19911) മുഖേനയോ 'മഅൻ' ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അഭ്യർഥിച്ചു.