റിയാദ് - കൊറോണ വ്യാപനം തടയുന്നതിന് ഷോപ്പിംഗ് മാളുകൾക്കും വാണിജ്യ കേന്ദ്രങ്ങൾക്കും വാണിജ്യ മന്ത്രാലയം പുതിയ വ്യവസ്ഥകൾ ബാധകമാക്കി. ഷോപ്പിംഗ് മാളുകളുടെയും വാണിജ്യ കേന്ദ്രങ്ങളുടെയും പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലും ഉപയോക്താക്കൾ കൂട്ടംചേരുന്നത് തടയാനാണ് തീരുമാനം. മാളുകളടക്കമുള്ള സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ ഉപയോക്താക്കൾ ബാർകോഡ് സ്‌കാൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. തവക്കൽനാ ആപ്പ് വഴി എക്‌സിറ്റ് രജിസ്റ്റർ ചെയ്ത ശേഷമല്ലാതെ ആരെയും ഷോപ്പിംഗ് മാളുകളിൽ നിന്നും വാണിജ്യ കേന്ദ്രങ്ങളിൽ നിന്നും പുറത്തിറങ്ങാൻ സെക്യൂരിറ്റി ജീവനക്കാർ അനുവദിക്കരുതെന്നും വ്യവസ്ഥയുണ്ട്.
വാണിജ്യ കേന്ദ്രങ്ങളുടെയും ഷോപ്പിംഗ് മാളുകളുടെയും പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലും തിക്കുംതിരക്കും തടയുന്നതിന് സുരക്ഷ ജീവനക്കാരെ നിയോഗിക്കണം. പുതിയ പരിഷ്‌കാരം നിലവിൽ വന്നു.
പ്രീപെയ്ഡ് സിനിമാ ടിക്കറ്റുകളുമായി എത്തുന്നവർക്ക് പ്രോട്ടോകോളുകൾ പാലിച്ച് നേരെ തിയേറ്ററുകളിലേക്ക് പ്രവേശനം നൽകണമെന്ന് നിർദേശമുണ്ട്. സ്ഥാപനത്തിനകത്ത് പ്രവേശനം നൽകാവുന്ന ആളുകളുടെ എണ്ണം വ്യക്തമാക്കുകയും ശാരീരിക അകലം പാലിക്കണമെന്ന് കർശനമായി ആവശ്യപ്പെടുകയും ചെയ്യുന്ന ബോർഡുകൾ മുഴുവൻ പ്രവേശന കവാടങ്ങളിലും സ്ഥാപിക്കണം. ആൾക്കൂട്ട നിയന്ത്രണത്തിന് തവക്കൽനാ ആപ്പ് ഉപയോഗിക്കുകയും തവക്കൽനാ ബാർകോഡ് അടങ്ങിയ പോസ്റ്റർ പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലും സ്ഥാപിക്കുകയും വേണം. കൂട്ടംചേരൽ തടയുന്നതിന് പുറത്തെ മുറ്റങ്ങളിലും പ്രവേശന കവാടങ്ങൾക്കു മുമ്പുള്ള സ്ഥലങ്ങളിലും ശാരീരിക അകലം ഉറപ്പുവരുത്തുന്നതിന് അടയാളങ്ങളും പോസ്റ്ററുകളും പതിക്കണമെന്നും നിർദേശമുണ്ട്. ഭക്ഷണ, പാനീയങ്ങളുമായി കുട്ടികളും മുതിർന്നവരും ഷോപ്പിംഗ് മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും ചുറ്റിനടക്കുന്നത് പുതിയ ഭേദഗതികൾ വിലക്കുന്നു. ശരിയാംവിധം മാസ്‌കുകൾ ധരിക്കാത്തവർ അടക്കം മുൻകരുതൽ നടപടികൾ ലംഘിക്കുന്നവരുമായി വാണിജ്യ ഇടപാടുകൾ നടത്തുന്നതിലും വിലക്കുണ്ട്. ഇത്തരക്കാരെ ഉടനടി സ്ഥാപനങ്ങളിൽ നിന്ന് പുറത്താക്കണം.