കൊച്ചി- മുസ്ലിം ലീഗ് മുൻ എം.എൽ.എയും പാർട്ടി നേതാവുമായ ടി.എ അഹമ്മദ് കബീറിന്റെ ഫെയ്‌സ്ബുക്ക് പേജിൽ പ്രവർത്തകരുടെ പ്രതിഷേധം. സത്യവിശ്വാസം അഭിമാനമാണ്. നിങ്ങൾ ദൗർബല്യം കാണിക്കുകയോ ദുഖിക്കുകയോ ചെയ്യരുത്. നിങ്ങൾ വിശ്വാസികളാണെങ്കിൽ നിങ്ങൾ തന്നെയാണ് ഉന്നതൻമാർ എന്ന ഖുർആൻ വചനം ഇന്ന് രാവിലെ ടി.എ അഹമ്മദ് കബീർ ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു. ഇതിന് താഴെയാണ് പ്രവർത്തകരുടെ പ്രതിഷേധം. കളമശേരിയിൽ ലീഗ് സ്ഥാനാർത്ഥിയുടെ തോൽവിക്ക് കാരണം അഹമ്മദ് കബീറാണെന്ന തരത്തിലാണ് പ്രവർത്തകരുടെ വികാരപ്രകടനം. കളമശേിയിൽ മുൻ മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ മകൻ അബ്ദുൽ ഗഫൂറിനെ ലീഗ് സ്ഥാനാർത്ഥിയാക്കി നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാൽ ശക്തമായ ഗ്രൂപ്പ് വഴക്കും മറ്റും കാരണം ഗഫൂറിന് വിജയിക്കാനായില്ല. തെരഞ്ഞെടുപ്പിന് മുമ്പു തന്നെ ഗഫൂറിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് ടി.എ അഹമ്മദ് കബീറിന്റെ നേതൃത്വത്തിലുള്ള സംഘം പാണക്കാട്ട് നേരിട്ടെത്തി ആവശ്യപ്പെട്ടിരുന്നു. എന്നാൽ നേതൃത്വം ഇത് അംഗീകരിച്ചില്ല. ഒടുവിൽ തെരഞ്ഞെടുപ്പിൽ പതിനായിരത്തിലേറെ വോട്ടുകൾക്ക് ഗഫൂർ പരാജയപ്പെട്ടു. ഈ പരാജയത്തിൽ അഹമ്മദ് കബീറിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് പ്രവർത്തകരുടെ പ്രതിഷേധം. അതേസമയം, അഹമ്മദ് കബീറിന് പിന്തുണയുമായി ഒരു വിഭാഗവും സോഷ്യൽ മീഡിയയിൽ രംഗത്തുണ്ട്.