Sorry, you need to enable JavaScript to visit this website.

ഫലപ്രഖ്യാപന ശേഷം കണ്ണൂർ ജില്ലയിൽ വ്യാപക അക്രമം

തളിപ്പറമ്പിൽ ബോംബേറുണ്ടായ നഗരസഭ കൗൺസിലറുടെ വീട് ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി സന്ദർശിക്കുന്നു.

കണ്ണൂർ - നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂർ ജില്ലയിൽ വ്യാപക അക്രമം. തളിപ്പറമ്പിൽ മുസ്‌ലിം ലീഗ് കൗൺസിലറുടെ വീട്ടിന് നേരെ ബോംബെറിഞ്ഞു. ചക്കരക്കല്ലിൽ വീടാക്രമിച്ച് വാഹനം തകർത്തു. തളിപ്പറമ്പ് നഗരസഭയിലെ കാക്കാംചാൽ വാർഡിലെ കൗൺസിലറും കണ്ണൂർ ഡി.സി.സി ജന.സെക്രട്ടറിയും നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്‌സണുമായ കെ. നബീസയുടെ തൃച്ചംബരം ദേശീയ പാതക്കരികിലെ മൊയ്തീൻ പള്ളിക്ക് സമീപത്തെ 'മെസ്ബാൻ' എന്ന വീടിന് നേരെയാണ് സ്റ്റീൽ ബോംബേറിഞ്ഞത്.


കഴിഞ്ഞ അർദ്ധരാത്രി ആയിരുന്നു സംഭവം. ബോംബേറിൽ വീടിന്റെ മുൻവശത്തെ ജനൽ ചില്ലുകളും കസേരകളും തകർന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടിന്റെ ജനൽചില്ലുകളും തകർന്നിട്ടുണ്ട്. ബോംബിന്റെ അവശിഷ്ടങ്ങളും സ്‌ഫോടന സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവ്വമായ സംഘർഷം സൃഷ്ട്ടിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. സംഭവസ്ഥലം  ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി സന്ദർശിച്ചു. ഡിവൈ.എസ്.പി പ്രേമചന്ദ്രൻ സ്ഥലം സന്ദർശിച്ചു. തളിപ്പറമ്പ് എസ്.ഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.


ചക്കരക്കൽ ഓടത്തിൽ പീടിക ചെക്യാളിയിൽ കെ.പി.ദാസന്റെ ശിവഗംഗ എന്ന വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കുകളിലെത്തിയ സംഘമാണ് വീടിന് നേരെ ബോംബെറിഞ്ഞത്. മുൻഭാഗത്തെ ജനൽ ചില്ലുകളും കട്ടിളയും അടക്കം തകർന്നു. വീടിന് സമീപം നിർത്തിയിട്ടിരുന്ന സി.പി. ഷമീൽ എന്നയാളുടെ ഗുഡ്‌സ് ഓട്ടോയും, എസ്.സന്ദീപിന്റെ ബൈക്കും തകർത്തു. പുറക്കണ്ടി സന്ദീപ് എന്നയാളുടെ ബൈക്ക് അക്രമി സംഘം എടുത്തു കൊണ്ടുപോയി. സംഭവത്തിൽ ചക്കരക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.


കണ്ണൂർ താണക്ക് മുസ്ലിം ലീഗ് ഓഫീസിന് സമീപത്തു കാറിൽ വന്ന രണ്ടു പേർ പടക്കം പൊട്ടിച്ചതിൽ ഓഫീസിലെ മുൻവശത്തെ ഗ്ലാസ്സിന് തകരാർ സംഭവിച്ചതായി ലീഗ് ഭാരവാഹികൾ സിറ്റി പോലീസിൽ പരാതി നൽകി. വെള്ള സ്വിഫ്റ്റ് കാറിൽ എത്തിയ രണ്ടുപേർ കാറിൽ നിന്നും ഇറങ്ങി റോഡിൽ വെച്ചു പടക്കം പൊട്ടിക്കുന്നതിനിടെ ഒരു ജനൽ ഗ്ലാസിന് കേടുപാട് സംഭവിച്ചു എന്നും 1000 രൂപയുടെ നഷ്ടം ഉണ്ടായതായും പരാതിയിൽ പറയുന്നു. സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ കണ്ണൂർ സിറ്റി സി. ഐ ടി. ഉത്തംദാസ്, എസ്. ഐ ദിനേശ്. കെ എന്നിവർ നടത്തിയ പരിശോധനയിൽ കാറും കാറിൽ വന്നവരെയും തിരിച്ചറിഞ്ഞു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടതായ കാർ സിറ്റി പോലീസ് കസ്റ്റഡിയിൽ എടുത്തു. സമാധാനമുള്ള സ്ഥലത്ത് മനപ്പൂർവ്വം സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിന് ഓഫീസ് സെക്രട്ടറിയുടെ പരാതിയിൽ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവമറിഞ്ഞ് കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ ബാലകൃഷ്ണൻ നായർ സ്ഥലത്തെത്തി പരിശോധന നടത്തി.

 

 

Latest News