തെരഞ്ഞെടുപ്പിന്റെ പരിണാമ ഭംഗികൾ ഒട്ടൊക്കെ എല്ലാവരും അറിഞ്ഞുകഴിഞ്ഞു. വായനക്കാരിൽ പണ്ഡിത വിഭാഗം അവരുടെ ധാരണയും നിർവാചകരുടെ (നിർവാചൻ സദൻ =തെരഞ്ഞെടുപ്പു കമ്മീഷന്റെ ആപ്പീസ്) ഒത്തു നോക്കുകയായിരിക്കും. അതിൽ തെറ്റില്ല. 'ഞാൻ അപ്പോഴേ പറഞ്ഞില്ലേ' എന്നു ചൂണ്ടിക്കാട്ടി, എപ്പോഴും തന്റെ അപ്രമാദിത്തം സ്ഥാപിക്കാൻ ബദ്ധപ്പെടുന്നതാണ് മനുഷ്യന്റെ പ്രാചീന ദൗർബല്യം. ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും ഓരോ പണ്ഡിതരും പങ്കാളികളും അതെങ്ങനെ സംഭവിച്ചു എന്നു മനസ്സിലാക്കാൻ ശ്രമിക്കും. ആ ശ്രമത്തിൽ ഏറ്റവും അധികം കൗതുകം തോന്നിയിട്ടുള്ളത് ഇ.എം. എസിന്റെ അപഗ്രഥനം തന്നെ. തെറ്റിന്റെയും ശരിയുടെയും അർഥാനർഥങ്ങൾ അദ്ദേഹത്തോളം ദൈ്വതഭംഗിയോടെ നിർവചിക്കുന്ന ഒരാളെ വേറെ കാണില്ല.
ഇ.എം സാധാരണ നിർവാചകനല്ല. കേരളം ഈ പട്ടാമ്പിക്കാരനെ നീലേശ്വരത്തുനിന്ന് തെരഞ്ഞെടുത്ത് മുഖ്യമന്ത്രിയാക്കി. പിന്നെ അദ്ദേഹം പട്ടാമ്പിക്കും ആലത്തൂരേക്കും മാറി. ആലത്തൂരെത്തിയപ്പോൾ ഭൂരിപക്ഷം തീരെ കുറഞ്ഞു. അതോടെ, അതുകൊണ്ടാണെന്നല്ല, മത്സരം നിർത്തി പാർട്ടിക്കാര്യങ്ങളുമായി അധിക സമയവും ദൽഹിയിൽ ഒതുങ്ങി. തെരഞ്ഞെടുപ്പിനോടൂള്ള നിലപാടുമായി അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ കാണണം.
ജനം വോട്ടു വഴി ഭരണം തെരഞ്ഞെടുക്കുന്നതല്ല ആദിമ കമ്യൂണിസത്തിന്റെ വഴി. സായുധ വിപ്ലവത്തിലൂടെ അധികാരം കവർന്ന്, തൊഴിലാളികളുടെ സർവാധിപത്യം ഉറപ്പിക്കുകയാണ് അതിന്റെ ലക്ഷ്യവും മാർഗവും. ഇടക്കും തലക്കും ഇ.എം ഉത്സാഹപൂർവം തള്ളിക്കളഞ്ഞിരുന്ന ബൂർഷ്വ സംവിധാനമാണ് പാർലമെന്ററി സമ്പ്രദായം. അതു സ്വീകരിക്കാനും അതിന്റെ ബലത്തിൽ അധികാരം കൈയാളാൻ അദ്ദേഹത്തിനു വഴിയൊരുക്കാനും ഇടയായത് ലോക രാഷ്ട്രീയചരിത്രത്തിൽ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും പ്രസക്തിയും എടുത്തു കാട്ടുന്നു. പാർലമെന്ററി സംവിധാനത്തിന്റെ പോരായ്മ തെളിയിക്കാൻ അതിനെത്തന്നെ ഉപയോഗപ്പെടുത്തുന്നേയുള്ളൂ എന്ന വായ്പാട്ടൊന്നും എളുപ്പം വിറ്റുപോയിട്ടില്ല.
*****
തെരഞ്ഞെടുപ്പിനെപ്പറ്റി ഭരണഘടനാ വിദഗ്ധനും അഭിഭാഷകനുമായ എൻ.എ. പാൽഖീവാലയുടേതായി പ്രചരിക്കുന്ന ഒരു മൊഴി ഓർക്കാം. 'ഹൃദയസ്പന്ദനം പോലെയാണ് തെരഞ്ഞെടുപ്പ്. അതിന്റെ വേഗം കൂടരുത്, കുറയരുത്.' കൂടെക്കൂടെ തെരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്ന രാഷ്ട്രീയമായ അസ്ഥിരത ആരോഗ്യമല്ലേയല്ല. തെരഞ്ഞെടുപ്പ് എന്ന ധാരാളിത്തം ഒഴിവാക്കാൻ ചിലർ കാണീക്കുന്ന താൽപര്യം നയിക്കുന്നത് സർവാധിപത്യത്തിലേക്കു തന്നെ. അവർ അതിന് കാൽപനികമായ വിശേഷണങ്ങൾ കൊടുക്കുന്നുവെന്നു മാത്രം.
ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളിലും തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള തന്ത്രം പരീക്ഷിക്കപ്പെടുകയുണ്ടായി. മൗലിക ജനാധിപത്യം, ജനകീയ ജനാധിപത്യം എന്നൊക്കെ ചിലർ അതിനെ പാടിപ്പുകഴ്ത്തി. തെരഞ്ഞെടുപ്പ് ഒഴിവാക്കാമെന്ന ആലോചന ഇവിടെ ഒരിക്കലേ ഉണ്ടായുള്ളൂ. ആ ആലോചന നടത്തിയ ആൾ തന്നെ അടുത്ത തെരഞ്ഞെടുപ്പിൽ അടി തെറ്റി വീണ കാര്യം ഓർക്കുക. ആരെയും വീഴ്ത്താമെന്നതാണ് തെരഞ്ഞെടുപ്പിന്റെ സാധുത. നമ്മുടെ അയൽ നാട്ടിൽ നോക്കട്ടെ എന്ന ഒറ്റ വാക്കിൽ എല്ലാ പ്രശ്‌നങ്ങളും ഒതുക്കിയിരുന്ന കാമരാജ് ഒരിക്കൽ മീശ മുളക്കാത്ത ഒരു പയ്യനോട് തോൽക്കുകയുണ്ടായി.
ചില വിജയങ്ങളും ആ പരാജയങ്ങളെപ്പോലെ ഓർത്തുവെക്കണം. മാവേലിക്കരക്കാരനായ രവീന്ദ്ര വർമ്മ റാഞ്ചിയിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നു. മംഗലാപുരത്തുകാരൻ ജോർജ് ഫെർണാണ്ടസിനെ മുസഫർപൂർകാരും മറ്റൊരു മറാഠി സോഷ്യലിസ്റ്റ് ആയ മധുലിമായെയെ മോത്തി ഹാരിക്കാരും തെരഞ്ഞെടുക്കുന്നു. ഫെർണാണ്ടസ് അവിടെയൊന്നും പോയതേയില്ല. അദ്ദേഹത്തിന്റെ ജയിൽ ജീവിതത്തിന്റെ കഥകളും ചങ്ങലക്കിട്ടു നടത്തിയ കാഴ്ചകളുമാണ് ജനാവലിയെ രോഷാകുലമാക്കിയത്. അൽപം വ്യത്യസ്തമായി, മുസ്‌ലിം ലീഗിന്റെ ആദ്യനേതാക്കളിൽ ചിലർ കേരളത്തിൽ അവരുടെ സ്ഥാനം സന്ദർശിക്കാതെ പോലും ലോക് സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പുരോഗമനേഛുക്കളായ മലയാളികൾ അഹംഭാവത്തോടും പുഛത്തോടും കൂടി കൌബെൽട്ട് (മാട്ടു നാട്?) എന്നു വിളിക്കുന്ന ഉത്തരേന്ത്യൻ പ്രവിശ്യകളിൽ ജനാധിപത്യത്തിന്റെ ആഘോഷം നടക്കുന്നതിനിടെ നഗ്‌നമായ നിയമലംഘനവും സംഭവിച്ചുകൊണ്ടിരുന്നു. അധികാര സ്ഥാനങ്ങളും അക്രമികളും തമ്മിൽ ഒരു രഹസ്യ സഖ്യം ഉണ്ടായാലേ ആ പരിപാടി നടപ്പാകൂ. നമ്മൾ കേട്ടറിഞ്ഞ കള്ളവോട്ട് അല്ല, അതിനേക്കാൾ എത്രയോ ലജ്ജാവഹമായിരുന്നു ആ തെമ്മാടിത്തത്തിന്റെ അധ്യായം. ഒരു കാലത്ത് അവിടത്തെ നാട്ടുനടപ്പ് കള്ളവോട്ട് ആയിരുന്നില്ല, വെളിവായ വോട്ട് തിരിമറി ആയിരുന്നു. വടിയും വാളുമൊക്കെയായി ഒരു പറ്റം അക്രമികൾ ബൂത്തിൽ പ്രത്യക്ഷപ്പെടുന്നു, വോട്ടു ചെയ്യാൻ കാത്തുനിൽക്കുന്നവരോടും ചെയ്യിക്കാൻ ചുമതലപ്പെട്ടവരോടും തീർത്തും മര്യാദയല്ലാത്ത ഭാഷയിൽ സ്ഥലം വിടാൻ ആവശ്യപ്പെടുന്നു, അവിടെ കിട്ടാവുന്ന ബാലറ്റിലൊക്കെ മുദ്ര വെക്കുന്നു. സ്ഥലം വിടുന്നു. അവരിൽ അഴിയെണ്ണേണ്ട പുള്ളികളും കാണും. ചിലർ കാക്കിയണിഞ്ഞ് തോക്കേന്തി അരപ്പട്ടയിൽ തിര തള്ളിക്കയറ്റിയാവും വരവ്.
അക്രമം ക്രമമാകുന്ന ആ സ്ഥിതിവിശേഷം പറഞ്ഞുകേട്ടതല്ല. ചിത്രമായും ശബ്ദമായും അതു രേഖപ്പെടുത്തിയിരുന്നു. തോടിന്റെ തിരിവിൽ, മണലിൽ തൂവാല വിരിച്ച് ആളുകളെ പറ്റിക്കാനിരിക്കുന്ന മുച്ചീട്ടുകളിക്കാരനെ ഓർമയില്ലേ? മലർന്നു വീഴുന്ന ശീട്ട് മലർത്തിയിട്ട്, നമ്മുടെ ഇഷ്ടം പോലെ നമ്മുടെ താൽപര്യത്തിനെതിരെ പരസ്യമായി കളിക്കുന്ന കളി. അതിന്റെ ഫലവും ജനാധിപത്യത്തിനു ബലമേകി
സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പിനു തുരങ്കം വെക്കാൻ പലരും പല സൂത്രങ്ങളും പ്രയോഗിക്കുന്നു. വിശ്വാസം ദൃഢവും ആവേശം പൂർണവുമാണെങ്കിൽ, വിജയത്തിന്റെ രസത്തിനു വേണ്ടി അവിടവിടെ കള്ളവോട്ട് ഉണ്ടാകാം. അത്, ഫലത്തെ സ്വാധീനിക്കുന്നതിനേക്കാൾ കൂടുതലായി, പ്രവർത്തകരുടെ പാരസ്പര്യവും ധൈര്യവും കൂട്ടാൻ ഉതകിയേക്കും. ഒരു തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ അതുകൊണ്ടാവില്ല.
ഇപ്പോഴത്തെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി വെറും ജനസംഘമായി അധികാരത്തിൽ നിന്ന് ആയിരം കാതം അകലെ വരാത്ത വിജയം അയവിറക്കി നടന്ന കാലമുണ്ടായിരുന്നു. അന്ത കാലത്ത് പാർട്ടിയെ പൊളിച്ചടക്കാൻ സോവിയറ്റ് യൂനിയന്റെ സഹായത്തോടെ നമ്മുടെ പ്രധാനമന്ത്രി ശ്രമിച്ചുവെന്നായിരുന്നു ആരോപണം.
അതിനു വേണ്ടി കാണുകയോ കാണാൻ പറ്റാതാക്കുകയോ ചെയ്യുന്ന ഒരു രഹസ്യ മഷി മോസ്‌കോയിൽനിന്ന് ദൽഹിയിലെത്തി. അതുപയോഗിച്ച് പലയിടത്തും സംഘത്തെ അട്ടിമറിക്കുകയും കോൺഗ്രസിനെ തുണക്കുകയും ചെയ്യുന്ന വികൃതികൾ അരങ്ങേറി. മാന്ത്രിക മഷിയെപ്പറ്റിയുള്ള ആരോപണത്തിന്റെ പിതാവും പരികർമ്മിയും ജനസംഘത്തിന്റെ അധ്യക്ഷൻ പ്രൊഫസർ ബൽരാജ് മധോക് ആയിരുന്നു. കാലക്രമത്തിൽ പ്രൊഫസർ മധോക് പാർട്ടിയിൽനിന്ന് പുറത്താവുകയും ജനസംഘം ജനതാ പാർട്ടിയിൽ ലയിക്കുകയും ചെയ്തു.
പണ്ട് പെട്ടിയായിരുന്നു. ഓരോ ചിഹ്നത്തിനും ഓരോ പെട്ടി. പിന്നെ എല്ലാ വോട്ടും ഒരു പെട്ടിയിലിട്ട്, അതു ഭാഗിച്ച് ഫലം കണ്ടെത്തുന്ന പതിവായി. ഇലക്ട്രോണിക് സമ്പ്രദായം നിലവിൽ വരാൻ സാങ്കേതിക വിദ്യ ഉണ്ടായിട്ടും നേരം കുറെ എടുത്തു. താമസം ഒഴിവാക്കാനും വേഗം കൂട്ടാനും കാര്യക്ഷമത ഉറപ്പ് വരുത്താനും പുതിയ സങ്കേതങ്ങളും ഉപകരണങ്ങളും വേണമെന്നു തുറന്നടിക്കാൻ ഇന്നും പലർക്കും പേടിയാണെനു തോന്നുന്നു.
കോൺഗ്രസിന്റേത് കാളപ്പെട്ടിയായിരുന്നു. നുകം വെച്ച കാള ഭരണത്തിലേക്കുള്ള വാഹനമായി. പിന്നെ കോൺഗ്രസ് പൊളിഞ്ഞുകൊണ്ടിരുന്നപ്പോൾ ഒരു കൂട്ടർ ചർക്ക തിരിക്കാൻ തുടങ്ങി. മറ്റേ കൂട്ടർ പശുവിനെയും കിടാവിനെയുമിറക്കി. മെല്ലെ മെല്ലെ, കെ. കരുണാകരന്റെ മന്ത്രോപദേശത്തോടെ അവർ അഭയ മുദ്ര കാട്ടി. കല്ലേക്കുളങ്ങര ക്ഷേത്രത്തിലെ വിചിത്ര പ്രതിഷ്ഠയായ കൈ അങ്ങനെ കോൺഗ്രസിന്റെ ചിഹ്നമായി.
കലപ്പയേന്തിയ കർഷകനും അവിടവിടെ ചാരിവെക്കുന്ന കോണിയും വീണു കിടക്കുന്ന രണ്ടിലയും ഇഷ്ട ചിഹ്നങ്ങളായി. കുതിര ചിഹ്നമായി കിട്ടിയ ഒരു പാർട്ടിക്ക് അക്കിടി പറ്റി. കുതിരയെ കണ്ടിട്ടില്ലായിരുന്നു അതിന്റെ അനുയായികളധികവും. അവർ തെറ്റി വോട്ടു ചെയ്തു, സ്വന്തം സ്ഥാനാർഥി തോറ്റു. അരിവാളും കതിരും കുടിയാന്റെയും കർഷകത്തൊഴിലാളിയുടെയും ചിഹ്നങ്ങളായി. കമ്യൂണിസ്റ്റ് ചിന്തയിൽ വ്യാവസായിക പർവം തുടങ്ങിയപ്പോൾ അരിവാളും ചുറ്റികയും അടയാളമായി. അതൊക്കെ മാറിയും മറിഞ്ഞും വരുമ്പോൾ ജനസംഘം ദീപവുമായി നാടു തോറും സഞ്ചരിച്ചു, വെളിച്ചം കാട്ടാനോ കാണാനോ വേണ്ടി. വേറൊരു ചിഹ്നം വേണമെന്നായപ്പോൾ ബി.ജെ.പി വൈദിക സ്മൃതിയുണർത്തുന്ന താമര കാഴ്ച വെച്ചു. ആയിരം ദളമുള്ള പത്മവും അമൃതവർഷണവും കുണ്ഡലിനിയുടെ പ്രകാശനവുമൊക്കെ ദ്യോതിപ്പിക്കുന്ന താമര സംഘബന്ധുക്കൾക്കും അല്ലാത്തവർക്കും പഥ്യമാവും. പിണറായി വിജയന്റെ ഭാര്യ കൂടി കമലനാമധാരിയായിപ്പോയല്ലോ.
ഭരണഘടനയുടെ സൃഷ്ടിയായ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറും സർക്കാരും കൊമ്പു കോർത്തിരുന്നില്ല. നേരമാവുമ്പോൾ ചട്ടം പടി തെരഞ്ഞെടുപ്പ് നടത്തിക്കൊടുക്കുകയായിരുന്നു സി.ഇ.സിയുടെ ജോലി. എന്തൊക്കെ, എവിടെയൊക്കെ പിഴക്കുന്നു എന്ന് നോക്കാറില്ല. തെരഞ്ഞെടുപ്പിന് എന്തു ചെലവായി എന്ന കണക്ക് മിക്കവരും ഫയൽ ചെയ്യാറില്ല; ഫയൽ ചെയ്യുന്നതാകട്ടെ തീർത്തും തമാശ തോന്നിക്കുന്ന കണക്കും. അതിനൊക്കെ അറുതി വരുമെന്ന് ആളുകൾ ധരിച്ചത് ടി.എൻ. ശേഷൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ആയപ്പോഴായിരുന്നു.
മൃതാക്ഷരമായി കിടന്നിരുന്ന തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് ശേഷൻ മന്ത്രസിദ്ധി കൊടുത്തു. സർക്കാരുമായി അദ്ദേഹം കോർത്തു. കോളേജ് കാമ്പസുകളിലും ക്ലബ് വാർഷികങ്ങളിലും അദ്ദേഹം വരിഷ്ഠാതിഥിയായി എത്തി. ശേഷനെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്നായി ഒരു കാഹളം. അദ്ദേഹവും അതു ശരിവെച്ചു. രാഷ്ട്രം മൂഴുവൻ തന്നെ കാത്തിരിക്കുന്നു എന്നു കരുതി അദ്ദേഹം.
രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ആലങ്കാരികമായ ആ സ്ഥാനത്തെ സജീവമാക്കാൻ ശേഷനല്ലാതെ ആർക്കു കഴിയും? തെരഞ്ഞെടുപ്പിനു നേരമായപ്പോൾ മാങ്ങയുടെ പുളി അനുഭവപ്പെടാൻ തുടങ്ങി. പിന്തുണ വാഗ്ദാനം ചെയ്തിരുന്നവർ പിൻവാങ്ങുകയായി. 'അദ്വാനി ഉൾപ്പെടെ എല്ലാവരും ചതിച്ചു, ഗോവിന്ദൻ കുട്ടീ' അദ്ദേഹം എന്നോടു പറഞ്ഞു. ശിവസേന മാത്രമേ സഹായിച്ചുള്ളൂ. രാഷ്ട്രപതി ആകാൻ അതു പോരല്ലോ.