തിരുവനന്തപുരം- വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വീണ നായരുടെ നോട്ടീസ് പോസ്റ്ററുകളും ആക്രിക്കടയില്‍ തൂക്കിവിറ്റത് വലിയ വാര്‍ത്തിയായിരുന്നു. ഇപ്പോഴിതാ സമാന വാര്‍ത്ത ബി.ജെ.പിയില്‍നിന്ന്. പാര്‍ട്ടി ഏറെ വിജയപ്രതീക്ഷ വച്ചു പുലര്‍ത്തിയ കഴക്കൂട്ടം മണ്ഡലത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ സ്ഥാനാര്‍ഥിയുടെ ഉപയോഗിക്കാത്ത കെട്ടുകണക്കിന് നോട്ടീസുകള്‍ പ്രാദേശിക നേതാവിന്റെ വീടിന് സമീപത്ത് കണ്ടെത്തി.
പ്രസില്‍ നിന്നു അച്ചടിച്ചുകൊണ്ടുവന്ന അതേ അവസ്ഥയില്‍ കെട്ടുപോലും പൊട്ടിക്കാത്ത നിലയിലാണ് നോട്ടീസുകള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ ശോഭക്ക് വോട്ടുതേടി കഴക്കൂട്ടത്തെത്തിയിരുന്നു. എന്നാല്‍ ഇതിന്റെ നേട്ടമൊന്നും തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണാനായില്ല. കഴിഞ്ഞ തവണത്തെ പോലെ ഇക്കുറിയും ബി ജെ പി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിയടയുകയായിരുന്നു. അതേസമയം 2016ല്‍ ഇവിടെ ബി ജെ പി നേടിയ വോട്ടിനെ അപേക്ഷിച്ച് രണ്ടായിരത്തോളം വോട്ടുകള്‍ ശോഭക്ക് കുറവുണ്ടായിരുന്നു. പുതുതായി മൂവായിരത്തോളം വോട്ടുകള്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ചേര്‍ത്തിട്ടും വോട്ട് കുറഞ്ഞത് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. 5000 വോട്ടുകള്‍ എവിടെപ്പോയി എന്ന് ശോഭ തന്നെ ചോദിക്കുന്നു. വിരല്‍ ചൂണ്ടുന്നത് കേന്ദ്രമന്ത്രി വി. മുരളീധരന് നേര്‍ക്കാണ്.