Sorry, you need to enable JavaScript to visit this website.

ഇ. ശ്രീധരന്‍ ഇനി എന്തുചെയ്യും, മെട്രോമാന് പിടിപ്പത് പണിയുണ്ട്

പാലക്കാട് - രാജ്യത്തിന് അഭിമാനാര്‍ഹമായ നിരവധി പദ്ധതികളില്‍ പങ്കാളിയായ ഇ. ശ്രീധരന് തെരഞ്ഞെടുപ്പ് ഗോദയില്‍ പരാജയപ്പെടാനായിരുന്നു വിധി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുവന്‍ സമയവും പങ്കാളിയായിരുന്ന അദ്ദേഹം തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പാലക്കാട് പട്ടണത്തില്‍ എം.എല്‍.എ ഓഫീസ് തുറന്നു എന്നതും വാര്‍ത്തയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ശ്രീധരന്‍ തുറന്ന ഓഫീസിനെ കുറിച്ചായിരുന്നു ചര്‍ച്ച. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അദ്ദേഹം മൂന്ന് സുപ്രധാന പദ്ധതികളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജമ്മു കാശ്മീരിലെ ദാല്‍ തടാകവുമായി ബന്ധപ്പെട്ടുള്ളതാണ്. സഞ്ചാരികളുടെ സ്വര്‍ഗമായ കശ്മീരിലെ ദാല്‍ തടാകം ശുദ്ധീകരിക്കുന്ന പ്രവൃത്തിയാണിത്. ജമ്മു ഹൈക്കോടതി നേരിട്ടാണ് ഈ പ്രവര്‍ത്തി ഇ. ശ്രീധരന് നല്‍കിയത്. മൂവായിരം കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനാണ് ശ്രീധരനെ തെരഞ്ഞെടുത്തത്.
ദാല്‍ തടാക പുനരുദ്ധാരണ പ്രവൃത്തികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി കഴിഞ്ഞ മാര്‍ച്ചിലും അദ്ദേഹം ഇവിടെ എത്തിയിരുന്നു. കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് തിരക്കിനിടയിലും ഓണ്‍ലൈനായി മീറ്റിംഗ് നടത്തുകയും ചെയ്തു.

ന്യൂദല്‍ഹി ആസ്ഥാനമായ 'ദി ഫൗണ്ടേഷന്‍ ഫോര്‍ റസ്റ്ററേഷന്‍ ഓഫ് നാഷനല്‍ വാല്യൂസ്' എന്ന സംഘടനയാണ് ശ്രീധരന്റെ അടുത്ത പ്രവര്‍ത്തന മേഖല. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക പ്രസിഡന്റാണ് അദ്ദേഹം.
ജന്മനാടായ കേരളത്തിലും ശ്രീധരന് ചെയ്തു തീര്‍ക്കാനൊരു ദൗത്യമുണ്ട്. ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ' എന്ന സംഘടനയുമായി ചേര്‍ന്നാണത്. ഭാരതപ്പുഴയെ പുനരുദ്ധാരണം നടത്തുക എന്നതാണ് ആ ദൗത്യം.

 

Latest News