തിരുവനന്തപുരം- വന്‍ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി തുടര്‍ഭരണം നേടിയതോടെ കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതൃത്വത്തിലേക്ക് പുതിയ തലമുറ എത്തുമെന്ന് സൂചന. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തിയേക്കും. മുന്‍പ് 2016ലെ പരാജയത്തോടെ ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുക്കാതെ മാറിനിന്നിരുന്നു. ഈ മാതൃകയില്‍ ചെന്നിത്തലയും മാറിനിന്നാല്‍ നാലാംവട്ടം പറവൂരില്‍ നിന്ന് വിജയിച്ചെത്തുന്ന വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകും. ചെന്നിത്തല മാറുന്നതോടെ അദ്ദേഹത്തിന്റെ പിന്തുണയും സതീശനുണ്ടാകുമെന്നാണ് കരുതുന്നത്.
ചെന്നിത്തലയുടെ നേതൃത്വം കോണ്‍ഗ്രസിന് ശക്തി പകര്‍ന്നില്ലെന്ന വികാരം പാര്‍ട്ടിയില്‍ വിവിധ ഭാഗങ്ങളിലുണ്ട്. ഇതോടെയാണ് കടുത്ത ഇടത് തരംഗത്തിലും ഇടത് വോട്ടുകള്‍ ബഹുഭൂരിപക്ഷമുളള മണ്ഡലത്തില്‍ നിന്നും 21,031 വോട്ടിന് വിജയിച്ച് സഭയിലേക്കെത്തിയ വി.ഡി സതീശന് സാധ്യതയേറിയത്. നിലവില്‍ കോണ്‍ഗ്രസില്‍നിന്നു 22 പേരാണ് സഭയിലെത്തിയത്.