Sorry, you need to enable JavaScript to visit this website.

കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗിൽ പടയൊരുക്കം; അധികാരക്കൊതി പാർട്ടിയെ നശിപ്പിക്കുമെന്ന് പ്രവർത്തകർ

മലപ്പുറം- നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കനത്ത പരാജയം ഏറ്റതിന് പിന്നാലെ മുസ്്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗ് പ്രവർത്തകരുടെ വികാര പ്രകടനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടം ആവർത്തിക്കാൻ ലീഗിന് കഴിയാത്തതിനും നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം യു.ഡി.എഫിന് ഏൽക്കേണ്ടി വന്നതിനും കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവ് കാരണമായെന്നാണ് പ്രവർത്തകരുടെ വികാരം. വേങ്ങരയിൽ വിജയിച്ചതിന് പ്രവർത്തകരോട് നന്ദി പറഞ്ഞുള്ള പോസ്റ്റിന് താഴെയാണ് വിമർശനം. കേരള കോൺഗ്രസ് ബി നേതാവ് ആർ. ബാലകൃഷ്ണ പിള്ളയുടെ മരണത്തിൽ അനുശോചിച്ചുള്ള പോസ്റ്റിന് താഴെയും സമാനരീതിയിൽ പ്രതിഷേധമുണ്ട്.
വേങ്ങര നിയമസഭാ മണ്ഡലത്തിൽനിന്ന് വിജയിച്ച കുഞ്ഞാലിക്കുട്ടി എം.എൽ.എ സ്ഥാനം രാജിവെച്ചാണ് നേരത്തെ ലോക്‌സഭയിലേക്ക് മത്സരിച്ചത്. പിന്നീട് നടന്ന പൊതുതെരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ലോക്‌സഭാംഗത്വം രാജിവെച്ച് വീണ്ടും നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ചു. കുഞ്ഞാലിക്കുട്ടി വിജയിച്ചെങ്കിലും യു.ഡി.എഫിന് മികച്ച പ്രവർത്തനം കാഴ്ചവെക്കാനായില്ല. മാത്രമല്ല, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി സീറ്റുകളുടെ എണ്ണം കുറയുകയും ചെയ്തു. 
കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ പറ്റി നേരത്തെ തന്നെ ലീഗ് അണികൾക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. എന്നാൽ നേതൃത്വം ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയും കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം ലീഗിനെയും യു.ഡി.എഫിനെയും അധികാരത്തിലെത്തിക്കുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു. 
തുടക്കത്തിൽ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ മുസ്്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പരസ്യമായി എതിർത്തിരുന്നു. മടങ്ങിവരവ് പ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്നായിരുന്നു മുഈനലി തങ്ങളുടെ പ്രതികരണം. എന്നാൽ ഇതിനെയും മറികടന്നാണ് മുസ്്‌ലിം സംസ്ഥാന നേതൃത്വം കുഞ്ഞാലിക്കുട്ടിയെ തിരിച്ചെത്തിച്ചത്. ദൽഹിയിൽ യു.പി.എ സർക്കാർ അധികാരത്തിലെത്തുമെന്നും മന്ത്രിയാകാമെന്നും കരുതിയാണ് രണ്ടാമതും ലോക്‌സഭയിലേക്ക് മത്സരിക്കാൻ കുഞ്ഞാലിക്കുട്ടി തയ്യാറായത്. വീണ്ടും ബി.ജെ.പി അധികാരത്തിൽ എത്തിയതോടെ കുഞ്ഞാലിക്കുട്ടിക്ക് ദൽഹിയിലുള്ള താൽപര്യം കുറയുകയും ചെയ്തു. ഇതോടെയാണ് മടങ്ങിവരവിനെ പറ്റി സജീവമായി ആലോചിച്ചത്. അതേസമയം, തന്നെ ലീഗിന് തെരഞ്ഞെടുപ്പ് ഫണ്ട് അടക്കമുള്ള കാര്യങ്ങൾ ലഭിക്കാൻ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം ആവശ്യമാണെന്ന ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗം വാദിക്കുകയും ചെയ്തു. ഇതും മടങ്ങിവരവിന് ആക്കം കൂട്ടി. എന്തായാലും ഒരിടവേളക്ക് ശേഷം കുഞ്ഞാലിക്കുട്ടിക്കെതിരെ പാളയത്തിൽ തന്നെ പട തുടങ്ങുകയാണ്. ഇത് ലീഗിനെ ഏത് നിലയിൽ ബാധിക്കുമെന്ന് കാത്തിരുന്നു കാണണം.  

Latest News