തിരുവനന്തപുരം- സിറ്റിംഗ് സീറ്റായ നേമത്ത് ബി.ജെ.പിയെ തോല്‍പിക്കുന്നതില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായെന്ന് വിലയിരുത്തല്‍. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.മുരളീധരന്‍ വന്നതോടെ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോകുമെന്നും വിജയം എളുപ്പമാകുമെന്നുമാണ് ബി.ജെ.പി കണക്കു കൂട്ടിയിരുന്നത്.
ശിവന്‍കുട്ടിക്ക് കിട്ടിക്കൊണ്ടിരുന്ന ന്യൂനപക്ഷവോട്ടില്‍ പകുതിയെങ്കിലും മുരളീധരന്‍ പിടിക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പ്രീ പോള്‍, എക്‌സിറ്റ് പോള്‍ സര്‍വേകളിലെല്ലാം നേമം ബി.ജെ.പി നിലനിര്‍ത്തുമെന്നാണ് പ്രവചിച്ചിരുന്നത്.
2016 ലെ തെരഞ്ഞെടുപ്പില്‍ നേമത്ത് ഒ. രാജഗോപാല്‍ 67813 വോട്ട് നേടിയാണ് വിജയിച്ചത്. അന്ന് രണ്ടാം സ്ഥാനത്തായ ഇടതുമുന്നണി സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടിക്ക് 59412 വോട്ടാണ് കിട്ടിയിരുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി വി. സുരേന്ദ്രന്‍ പിള്ള 13860 വോട്ടും കരസ്ഥമാക്കി.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് നേമം മണ്ഡല പരിധിയില്‍ നിയമസഭാ ഇലക് ഷനില്‍ രാജഗോപാലിന് കിട്ടിയതിനേക്കാള്‍ 9000 വോട്ട് കുറവാണ് ലഭിച്ചതെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനേക്കാള്‍ 12000 വോട്ടിന്റെ ലീഡുണ്ടായിരുന്നു. കുമ്മനത്തിന് 58000 വോട്ട് ലഭിച്ചപ്പോള്‍ ശശിതരൂരിന് ലഭിച്ചത് 46000 വോട്ടായിരുന്നു. എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്താകുകയും ചെയ്തു.
കഴിഞ്ഞ നഗരസഭാതെരഞ്ഞെടുപ്പിലും ബി.ജെ.പിക്കായിരുന്നു മുന്‍തൂക്കം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനായിരുന്നു മുന്നില്‍. പകുതിയായപ്പോഴേക്കും കുമ്മനത്തിന്റെ ലീഡ് കുറഞ്ഞു.
പോള്‍ ചെയ്ത 146017 വോട്ടില്‍ ശിവന്‍കുട്ടിക്ക് 55837 വോട്ട് കിട്ടിയപ്പോള്‍ കുമ്മനം രാജശേഖരന് ലഭിച്ചത് 51888 വോട്ടാണ്. കെ. മുരളീധരന്‍ 36524 വോട്ട് നേടി.