നിലമ്പൂർ- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ രാഹുൽ ഗാന്ധിയുടെ വയനാട് ലോകസഭാ മണ്ഡലത്തിൽ ഏഴിൽ നാലു സീറ്റ് നേടി യുഡിഎഫ് നില മെച്ചപ്പെടുത്തി.
നാലിൽ മൂന്നു മണ്ഡലങ്ങൾ കോൺ ഗ്രസിനു ലഭിച്ചു. രാഹുൽ ഗാന്ധിക്ക് വേണ്ടി വയനാട് സീറ്റ് വിട്ടുനൽകിയ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖിന്റെ വിജയം കോൺഗ്രസിനു ആശ്വാസമായി. 2016-ൽ ബത്തേരി, വണ്ടൂർ മണ്ഡലങ്ങളാണ് വയനാട് ലോകസഭാ മണ്ഡലത്തിൽ കോൺഗ്രസിനുണ്ടായിരുന്നത്. എന്നാൽ, ഇക്കുറി കൽപ്പറ്റ കൂടി ലഭിച്ചതോടെ മൂന്നായി ഉയർന്നു. മുസ്‌ലിം ലീഗിന് ഏറനാട് മണ്ഡലത്തിലും വിജയിക്കാനായി.
അതേസമയം രാഹുൽഗാന്ധി നേരിട്ട് പ്രചാരണത്തിനിറങ്ങിയിട്ടും മാനന്തവാടി, നിലമ്പൂർ, തിരുവമ്പാടി മണ്ഡലങ്ങൾ നിലനിർത്താനായത് എൽഡിഎഫിന് നേട്ടമായി. കൽപ്പറ്റയിലെ പരാജയം നേരിയ തിരിച്ചടിയുമായി.
രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കാര്യമായ ചലനമുണ്ടാക്കാൻ കഴിയാതെ പോയതും യുഡിഎഫിന് പൊതുവെ തിരിച്ചടിയായി.