Sorry, you need to enable JavaScript to visit this website.

പതിനാലിൽ 13 ഉം ചുവപ്പിച്ച് തലസ്ഥാനം 

തിരുവനന്തപുരം - തലസ്ഥാനം പിടിച്ചാൽ സംസ്ഥാനം പിടിക്കാം എന്ന നിരീക്ഷണത്തിന് ബലം നൽകുന്ന തെരഞ്ഞെടുപ്പ് ഫലം.
ഇക്കുറി പതിനാലിൽ പതിമൂന്ന് മണ്ഡലവും ചുവപ്പിച്ചാണ് തലസ്ഥാനം എൽ.ഡി.എഫ് കൂറ് കാണിച്ചത്. ഏറെ അട്ടിമറികൾ സംഭവിക്കുന്ന തലസ്ഥാനത്ത് വിജയം ഉറപ്പിച്ച എൽ.ഡി.എഫ് വൻ മുന്നേറ്റമാണ് നടത്തിയത്. ജില്ലയിലെ 14 മണ്ഡലങ്ങളിൽ എട്ടിടത്തും പതിനായിരത്തിൽ കൂടുതൽ ഭൂരിപക്ഷവുമായാണ് എൽ.ഡി.എഫ് മുന്നേറിയത്. യു.ഡി.എഫ് വിജയിച്ച ഏക സീറ്റായ കോവളത്തെ ഭൂരിപക്ഷം 3,661 മാത്രമാണ്. 
ഏറെ പ്രതീക്ഷയോടെ കോൺഗ്രസ് കാത്തിരുന്ന അരുവിക്കര, തിരുവനന്തപുരം സെൻട്രൽ മണ്ഡലങ്ങൾ അടക്കം കോൺഗ്രസിനെ കൈവിട്ടു. എല്ലാവരും ഉറ്റുനോക്കിയിരുന്ന നേമം ബി.ജെ.പിയിൽനിന്ന് പിടിച്ചെടുക്കാനായി എന്നതും എൽ.ഡി.എഫിന് നേട്ടമായി. ഫോട്ടോ ഫിനിഷിലേയ്ക്ക് പോയ നേമത്തെ മൽസരത്തിൽ അയ്യായിരത്തിലധകം ഭൂരിപക്ഷവുമായാണ് വി. ശിവൻകുട്ടി നിയമസഭയിലേക്ക് എത്തുന്നത്. 
ഏറെ ചിട്ടയോടെ നടത്തിയ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും, സ്ഥാനാർഥി നിർണ്ണയത്തിലെ മികവും, ഇതിനൊപ്പം എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങളുമാണ് എൽ.ഡി.എഫിനെ തുണച്ചത്. അതേസമയം സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും, സംഘടനാ സംവിധാനത്തിലെ ദൗർബ്ബല്യവും യു.ഡി.എഫിന് വിനയായി. ജാതി സമവാക്യങ്ങൾ കാര്യമായി യു.ഡി.എഫിനെ സഹായിച്ചുമില്ല. നെയ്യാറ്റിൻകര, പാറശ്ശാല, അരുവിക്കര മണ്ഡലങ്ങളിലെ ഫലങ്ങൾ ഇതാണ് കാണിക്കുന്നത്. പകുതി മണ്ഡലങ്ങളിലെങ്കിലും വിജയം പ്രതീക്ഷിച്ച് ഇറങ്ങിയ യു.ഡി.എഫിന് ഒരു സീറ്റ് കൊണ്ട് തൃപ്തിയടയേണ്ടി വന്നു. തിരുവനന്തപുരം മണ്ഡലത്തിൽ പിന്നാക്കം പോകുമെന്ന് എൽ.ഡി.എഫ് കണക്ക് കൂട്ടിയെങ്കിലും അവിടെയും സുരക്ഷിത മാർജിനിൽ എൽ.ഡി.എഫ് വിജയിച്ച് കയറി. 


 

Latest News