റിയാദ് - റിയാദ് വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ ജോലി ചെയ്യുന്ന നാലു മലയാളികളെ കണ്ടെത്തിയതായി റിപ്പോർട്ട്. കേസന്വേഷണത്തിന്റെ ഭാഗമായി ഇവർ പോലീസ് കസ്റ്റഡിയിലാണെന്ന് സാമൂഹിക പ്രവർത്തകർക്ക് വിവരം ലഭിച്ചു.
ഈ മാസം ഒമ്പതിനാണ് ഇവരെ കാണാനില്ലെന്ന് ബന്ധുക്കൾ ഇന്ത്യൻ എംബസിക്ക് പരാതി നൽകിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള നാലു പേരെ കാണുന്നില്ലെന്നാണ് പരാതി ലഭിച്ചത്. തുടർന്ന് എംബസിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ വിവിധ പോലീസ് സ്‌റ്റേഷനുകളിലും ജയിലുകളിലും ഇവർക്ക് വേണ്ടി അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടയിലാണ് കാർഗോ സംബന്ധമായ കേസന്വേഷണത്തിന്റെ ഭാഗമായി ഇവർ എക്‌സിറ്റ് അഞ്ചിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലുള്ളതായി വിവരം ലഭിച്ചത്. പിടിയിലായിരുന്ന മറ്റൊരു മലയാളിയെ രണ്ട് ദിവസത്തിനുശേഷം വിട്ടയച്ചിരുന്നു. സംഭവം നടക്കുന്ന ദിവസം അദ്ദേഹം അവധിക്കുശേഷം ഡ്യൂട്ടിക്ക് എത്തിയതായിരുന്നു.
സൗദി എയർലൈൻസിന്റെ കാർഗോ വിഭാഗത്തിലാണ് ഇവർ ജോലി ചെയ്യുന്നത്. വിദേശത്ത് നിന്നെത്തിയ വിലപിടിപ്പുള്ള വസ്തുക്കൾ കാണാനില്ലെന്ന പരാതിയിൽ അന്വേഷണത്തിനാണ് ഇവരെ സുരക്ഷ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്നാണ് വിവരം. കഴിഞ്ഞ ഒമ്പതാം തീയതി മുതൽ ഇവർ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഇവരെ കണ്ടെത്തണമെന്നുമാണ് ബന്ധുക്കൾ എംബസിക്ക് നൽകിയ പരാതി. തുടർന്ന് എംബസി മലപ്പുറം ജില്ല കെ.എം.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ സിദ്ദീഖ് തുവ്വൂരിനെ കേസിൽ ഇടപെടാൻ ചുമതലപ്പെടുത്തി. സിദ്ദീഖ് സുരക്ഷ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവർ കസ്റ്റഡിയിലുള്ള വിവരം ലഭിച്ചത്.